സീറ്റ്ബെൽട്ട്

(നർമ്മകഥ)- വിദ്യാനന്ദൻ മറ്റപ്പിള്ളി.

     റിട്ടയർ ചെയ്തശേഷം കാറിൽ വെറുതെ കറങ്ങലാണ് സദാനന്ദന്റെ ഹോബി.ബാംഗളൂരിൽ മകൻ്റെ കാറുമെടുത്ത് ഔട്ടർ റിംഗ് റോഡിൽ കറങ്ങൽ മുതലാണ് പണം കളയുന്ന ഈ ഇടപാട് തുടങ്ങി യത്.നാട്ടിലുള്ലപ്പോൾ ചില ദിവസങ്ങളിൽ ഭാര്യ സുമയേയും കൂട്ടും.ചെറായി ബീച്ച്,മുനമ്പം വൈപ്പിൻ ചിലപ്പോൾ എറണാകുളം എന്നിവിടങ്ങളിൽ കറങ്ങും.ഒരു ദിവസം സദാനന്ദൻ ഒറ്റക്ക് ചെറായി ബീച്ചിൽപ്പോയി മടങ്ങി വരികയായിരുന്നു.വീട്ടിലെത്തിയപ്പോൾ സുമ ഒരു കവറും ഒരു പേപ്പറുമായി സിറ്റൌട്ടിൽ കലിതുള്ളി നിൽക്കുന്നു.

“ആരാണീപ്പെണ്ണ്.ആരാണീ ഫോട്ടോ ഇവിടെക്കൊണ്ടിട്ടുപോയത്.നിങ്ങളുടെ കാറിൽ മുൻസീറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുത്ത് ഇവിടെ കൊണ്ടിട്ടു പോയതാരാണ്.അവളുമായി നിങ്ങൾക്കെന്താണു ബന്ധം.എനിക്കിപ്പോ അറിയണം.”

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പഴയ ഒരു മോഹൻലാൽ സിനിമ യിൽ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻ്റെ വാക്കുകളെ അനുസ്മരിപ്പിക്കുമാറുള്ള ഭാര്യയുടെ മട്ടും ഭാവവും വാക്കുകളും കേട്ട് സദാനന്ദൻ ഞെട്ടി.

“താൻ ഒന്നടങ്ങെടോ.എന്താണ് കാര്യമെന്നു പറയ്.അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യില്ലെന്നു തനിക്കറിയാമല്ലോ.”

“അങ്ങിനെയൊക്കെയായിരുന്നുവെന്നത് എന്നത് എൻ്റെ തോന്നതായിരുന്നു.ദൈവമായിട്ടാണീ ഫോട്ടോ ഇവിടെ ക്കോണ്ടിട്ടിട്ടുപോയത് അല്ലെങ്കിൽ നിങ്ങളുടെ തനിനിറം പുറത്തറിയാതെ പോകുമായിരുന്നല്ലോ”.അവൾ വീണ്ടും കലികയറിയതുപോലെ വിറച്ചുകൊണ്ടു പറഞ്ഞു.

“എവിടെ ഞാനൊന്നു നോക്കട്ടെ.എന്നിട്ടു വാസ്തവം എന്തെന്നു പറയാം”.

സദാനന്ദൻ കെഞ്ചിപ്പറഞ്ഞു.

“ഇല്ല തരുന്നില്ല.ഇതിനൊരു പരിഹാരം ഞാനിന്നുണ്ടാക്കും.എനിക്കും ചോദിക്കാനും പറയാനും ഈ പ്രായത്തിലും ആളുണ്ട്.”

“എടോ താനോന്നടങ്ങ്.ഏതോ ദുഷ്ടൻ നമ്മളെത്തമ്മിൽ തെറ്റിക്കാൻ ഫേക്ക് ഫോട്ടോ ഉണ്ടാക്കി ഇവിടെ ഇട്ടേച്ചു പോയതാവും.അല്ലെങ്കിലും നമ്മൾ തമ്മിലുള്ള സ്നേഹബന്ധത്തിൽ അസൂയയുള്ള അയൽക്കാർ ചിലരുണ്ട്.അവരുടെ പണിയായിരിക്കും.”

ഭാര്യയെ ഒന്നു ബൂസ്റ്റ് ചെയ്യാനും ദ്യേഷ്യം പ്രേമമായി മാറുമെന്നുള്ള അന്ധവിശ്വാസത്തോടും ഒന്നു പൊക്കിക്കൊടുത്തു സദാനന്ദൻ.

“ഇന്നാ.ഇനികണ്ടില്ലെന്നു വേണ്ട”

.അയാൾ ഉദ്ദേശിച്ചപോലെ അവൾ ഒന്നടങ്ങി.

അയാൾ കവറെടുത്തു നോക്കി.മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള അറിയിപ്പ് നോട്ടീസാണ്.അതവളുടെ പേർക്കാണ് ആ ഔദ്യോഗിക കത്ത്.

അയാൾ ആദ്യം ഓർത്തു.മാരുതി ഓൾട്ടോ കാർ അവളുടെ പേരിലാണല്ലോ എടുത്തത്.വല്ല ഓവർ സ്പീഡിനു ചാർജ് ചെയ്തു കാണും.കത്ത് തുറന്നു വായിച്ചു.

കേരള മോട്ടോർവാഹന വകുപ്പിൻ്റെ ഓട്ടേമേറ്റഡ് എൻഫോഴ്സ്മെൻ് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ മുഖേന റക്കോർഡ് ചെയ്ത ചിത്രങ്ങളിൽ നിന്നും താങ്കളുടെ വാഹനത്തിൻ്റെ ഡ്രൈവർ താഴെ പറയുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങൾ ചെയ്തതായി തെളിഞ്ഞിരിക്കുന്നു.ആയതിന് 1988ലെ മോട്ടർ വാഹനനിയമം 2019 ലെ ഭേദഗതി പ്രകാരം ശിക്ഷാർഹമാണ്.

It is  evident from the visuals recorded in the Automated Enforcement system installed by the Kerala Motor Vehicle Department that the Driver of your vehicle has committed the below said traffic violations which is punishable under the Motor  Vehicle Act 1988(Amended in 2019)

Traffic Offence:-

Driver carrying passengers not wearing seat belt (Passenger seat belt)

Sec 194B(1)

Fine Rs.500/-

തെളിവിലേക്കായി കാണിച്ചിരിക്കുന്ന കാറിൻ്റെ മൂന്നു ചിത്രങ്ങളിൽ ഒന്നിൽ ഡ്രൈവറായ സദാനന്ദനും അതേസീറ്റിൽ സീറ്റ് ബെൽട്ട് ഇടാതെ പഴയ സഹപ്രവർത്തകയായ ഷെറിനും.

സദാനന്ദൻ ഓർത്തു.രണ്ട് മൂന്നു മാസം മുൻപ് (നോട്ടീസിൽ തീയതിയും സമയവും പറയുന്നുണ്ട്)താൻ ഒറ്റക്ക് ചെറായിയിൽ നിന്നും പറവൂർക്കു മടങ്ങി വരുമ്പോൾ ഷെറിൻ എസ്.എം.ഹൈസ്കൂളിനു മുന്നിൽ നിൽക്കുന്നു. കാർ നിറുത്തി ചോദിച്ചു.

“ഷെറിൻ എന്താ ഇവിടെ.”

“പള്ളിപ്പുറം ബാങ്കിൽ പരിശോധനക്കു വന്നതാണ്.ജോയിൻ്റ രജിസ്ട്രാർ പറവൂരിൽ നിന്നും വിളിച്ചിരുന്നു.അവിടെ എത്തണമെന്നും പറഞ്ഞ്.അതുകൊണ്ട് ഓഫീസിൽ എത്തണം.”

ഷെറിൻ പറഞ്ഞു  

“അതിനെന്താ കയറിക്കൊള്ളൂ ഞാൻ വീട്ടിലേക്കാണ്.മൂകാമ്പി ജംഗ്ഷനിൽ ഇറങ്ങാം”.

“താങ്ക്യൂ സാർ.”

അവൾ പറഞ്ഞുകൊണ്ട് ഫ്രണ്ടു സീറ്റൽ കയറി ഇരിപ്പായി.അതു തനിക്കത്ര പിടിച്ചില്ല.

“പുറകിൽ ഇരുന്ന് സാറിനെ ഡ്രൈവറാക്കാൻ തോന്നിയില്ല.അതാ ഞാൻ”.അവൾ അർത്ഥോക്തിയിൽ നിറുത്തി.

“ഏയ് കുഴപ്പമില്ല.ആ സീറ്റ് ബെൽട്ടിട്ടോളൂ.”

പിന്നീട് പറവൂരിൽ എത്തും വരെ ഡിപ്പാർട്ടുമെൻ്റിലെ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു.സ്ഥലമെത്തിയപ്പോൾ ഷെറിൻ നന്ദിയും പറഞ്ഞ് ഇറങ്ങിപ്പോയി.

സദാനന്ദൻ ആ ഫോട്ടോകളിലേക്ക് വീണ്ടും വീണ്ടും കണ്ണുകളോടിച്ചു.ഇവൾ സീറ്റ് ബെൽട്ട് ഇട്ടില്ലേ.ഞാൻ അവളോട് പറഞ്ഞതാണല്ലോ.പഴയ മാരുതി ഓൾട്ടോ ആയതിനാൽ ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവർ അറിയില്ല.സിഗ്നൽ സൌണ്ട് പുറപ്പെടുവിക്കുകയുമില്ല.

താൻ പെട്ടു എന്നയാൾക്കു മനസ്സിലായി.അയാൾ പറഞ്ഞു.

“എടോ ഇത് ഓഫീസിലെ ഷെറിൻ.താനറിയില്ലേ.ഒരു ദിവസം ചെറായിയിൽ നിന്നും വരുമ്പോൾ ഷെറിൻ എൻ്റെ കാറിനു കൈ കാണിച്ചു.ഞാൻ എന്താണെന്നറിയാൻ കാർ നിറുത്തി.അപ്പോൾ പറവൂർക്കാണെങ്കിൽ ഞാനുമുണ്ടെന്നവൾ പറഞ്ഞു.”

സദാനന്ദൻ പീലാത്തോസിനെപ്പോലെ കൈകഴുകി.

“പിന്നെ. നാട്ടിലുള്ള പെണ്ണുങ്ങളൊക്കെ നിങ്ങളുടെ കാറു കാണുമ്പോഴേക്കും പിടച്ചു കയറുന്നതെന്തിനാ.ഒരു കാലത്തു നിങ്ങളുടെ കാറു വരുന്നതും കാത്തു നിൽക്കും കാക്കനാട്ടു പോകുവാൻ ഒരുത്തി.തൃശ്ശൂരിൽ അമ്പിളിയുടെ വീട്ടിൽ പോയി വരുമ്പോൾ ഇരിങ്ങാലക്കുടയിൽ പള്ളിയിൽ പോകുന്ന മദ്ധ്യവയസ്കരായ പെണ്ണുങ്ങളൊയെക്കെ കാറിൽ വലിച്ചു കയറ്റും.നാട്ടിലൊക്കെ എത്രയോപേർക്കു കാറുകളുണ്ട്.അതിലൊന്നും അന്യ പെണ്ണുങ്ങൾ കയറുന്നില്ലല്ലോ.വേണ്ട ഇനി ഈ കാറു വീട്ടിൽ കിടക്കട്ടെ.താക്കോൽ ഞാനെടുത്തു പെട്ടിയിൽ വെച്ചു പൂട്ടാൻ പോകുകയാ.ഇനി ബസ്സിൽ പോയാൽ മതി.”

സുമയുടെ ദ്യേഷ്യം ഇരട്ടിച്ചു.

ദൈവമേ ഇതുപോലൊരു ഗതികേട് ആർക്കും വരുത്തല്ലേ.ഈ എ.ഐ.ക്യാമറയെന്ന കുന്ത്രാണ്ടം കണ്ടുപിടിച്ചവനെ തൻ്റെ കയ്യിൽ കിട്ടിയാൽ പച്ചമടൽ വെട്ടി അടിക്കണം.വെറുതെയല്ല പ്രതിപക്ഷനേതാവും പത്രപ്രവർത്തകരുമൊക്കെ നിരന്തരം ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ ഭാര്യമാരും സുമയുടെ കാറ്റിഗറിയിലുള്ളവരായിരിക്കും.

ആദ്യമായി കാറുവാങ്ങാൻ നല്ല സമയം നോക്കാൻ ജ്യോത്സ്യൻ്റെ അടുത്തു പോയപ്പോൾ ജാതകവും കൊണ്ടുപോയതാണ് മണ്ടത്തരാമായത്.ഒരു കാരണവശാലും തൻ്റെപേരിൽ വാഹനം വാങ്ങരുതെന്നും  അവളുടെ ജാതകമാണ് വാഹനം വാങ്ങാൻ ഉത്തമമെന്നും പറഞ്ഞ ജ്യോത്സ്യനെയും നെറുകിൻ തലനോക്കി അടിക്കാനുള്ള മാനസികാവസ്ഥയിലായി സദാനന്ദൻ.

              -ശുഭം-അവിഗ്നവസ്തു.-

കുറിപ്പ്: ഈ കഥ വിനോദത്തിനു മാത്രം എഴുതിയത്.ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയെങ്കിലും ഇതിലെ കഥാപാത്രങ്ങൾ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ അതു യാദൃച്ഛികം മാത്രമാണ്.

ജീവപര്യന്തം

ചെറുകഥ- വിദ്യ മറ്റപ്പിള്ളി.

അവൻ എയർപോർട്ടിലൂടെയുള്ള എളുപ്പവഴിയിലൂടെ കാർ ഓടിച്ചുകൊ ണ്ടിരുന്നു മനസ്സും ഹൃദയവും .സന്തോഷത്തിൻ്റേയും ഒപ്പം കുറ്റബോധ ത്തിൻ്റേയും കാൻവാസുകളിൽ മാറിമാറി പ്രതിഫലിക്കുന്നുണ്ടെന്നവൻ അറിഞ്ഞു.ചിര പരിചിതമായ തൻ്റെ സ്വന്തം ഇഷ്ടറൂട്ടായ എയർപ്പോർട്ട് റോഡിലൂടെ പോകുമ്പോൾ ഇന്ന് ഇരുവശങ്ങളിലുമുള്ള കാഴ്ച്ചകൾ പുതുമയുള്ളതായി അനുഭവപ്പെട്ടു.

     ഒരു നിമിഷനേരത്തെ ആലോചനയില്ലാത്ത തൻ്റെ പ്രവർത്തിക്ക് എത്ര വർഷമായി മനസ്സിൻ്റെ കോണിൽ വേദനയുടെ ലേസർ രശ്മി പൊള്ളലേൽ പ്പിച്ചുകൊണ്ടിരിക്കുന്നു.നീണ്ട പതിനഞ്ചു വർഷമായി അതിന്നും തുടരുന്നു.ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിക്കുപോലും ഇത്രയധികം കാരാഗൃഹവാസമില്ല.തനിക്കോ?

     അത്താണി ജംഗ്ഷനിലെ ചുവപ്പു സിഗ്നൽ തെളിഞ്ഞിരിക്കുന്നു.തൻ്റെ ജീവിതം പോലെ.

സിഗ്നൽ കാത്തു കിടക്കുന്ന നിമിഷം പഴയ കാലത്തേക്കവൻ്റെ മനസ്സ് ഓട്ടപ്രദക്ഷിണം നടത്തി.

ലവൻ എന്ന തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനും താനും ശരീരം വേർപെട്ട സായാമീസ് ഇരട്ടകൾ.നാട്ടുകാർ ലവകുശന്മാർ എന്ന ഇരട്ടപ്പേരിൽ വിളിക്കുന്നവർ.എന്തു കാര്യത്തിനും രണ്ടു പേർക്കും പരസ്പരം മറ്റെയാൾ കൂടെ വേണം.ആ സൌഹൃദം ചെറുപ്പത്തിലേ തുടങ്ങിയതാണ്.രണ്ടു കുടുംബ ങ്ങളും അത്രക്ക് സ്നേഹത്തോടെ കഴിഞ്ഞതല്ലേ.

     തൻ്റെ ജീവിതാഭിലാഷമായിരുന്ന എഞ്ചിനീയർ പദവിയുടെ ചവിട്ടു പടി കയറാൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ മാത്രമാണ് അകന്നു നിന്നത്. പിന്നീട് അതു കഴിഞ്ഞ് താൻ യു.എസ്സിലേക്ക് പോയപ്പോഴും.

 ലവൻ്റെ വിവാഹത്തിന് പോലും തനിക്കു വരാനൊത്തില്ല.ഫോണിലൂടെ തൻ്റെ നിസ്സഹായാവസ്ഥ അവനെപ്പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കൃസ്ത്യാനിയായ ഷീല ഗൾഫിൽ നഴ്സ് ആയിരുന്നു.ലവൻ ബികോം കഴിഞ്ഞ് ഗൾഫിൽ പോയി അവിടെ വച്ച് പരിചയപ്പെട്ടതാണ് രണ്ടു പേരും.ഷീലയുടെ വീട്ടകാരുടെ എതിർപ്പിനെ അവഗണിച്ച് അവർ വിവാഹിതരായി.താൻ നാട്ടിലുണ്ടായിരുന്നെങ്കിൽ എല്ലാക്കാര്യത്തിനും ചുക്കാൻ പിടിക്കുന്നതു താനായിരിക്കുമായിരുന്നു.അവൻ്റെ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ആയതിൽപ്പിന്നെയായിരുന്നു തൻ്റെ യു.എസ്സിൽ നിന്നുമുളള തിരിച്ചുവരവ്.വീട്ടിൽ വിള്ച്ചപ്പോൾ പറഞ്ഞിരുന്നു, തൻ്റെ ബാഗേജ് എല്ലാം ഡ്രൈവർ വീട്ടിൽത്തരും. താൻ ഒരു ദിവസം ലവൻ്റേയും കുടുംബത്തിൻ്റേയും കൂടെക്കഴിഞ്ഞ് അടുത്തദിവസമേ വീട്ടിൽ വരൂ എന്ന്.അച്ഛനും അമ്മക്കും അറിയാം താനങ്ങിനേയേ ചെയ്യൂവെന്ന് അവർക്കതിൽ പരിഭവമില്ല.ഒരു കാര്യത്തിലൊഴിച്ച്. പഠനവും അമേരിക്കയിലെ നീണ്ടകാലത്തെ ജോലിയും കാരണം വിവാഹം അനന്തമായി നീളുന്നതിൽ.

   താൻ വിദേശത്തേക്കു പോകും മുൻപു തന്നെ നയം വ്യക്തമാക്കിയിരുന്നു.കുറെ പണം സമ്പാദിക്കണം.അതു കഴിഞ്ഞ് നാട്ടിൽ ഒരു ജോലിയുമായി കൂടുമ്പാൾ മാത്രം വിവാഹം.വയസ്സ് 32 കഴിഞ്ഞു.പറഞ്ഞതുപോലെതന്നെ യു.എസ്സിലായിരിക്കുമ്പോൾ ത്തന്നെ ടെലഫോണിക്ക് ഇൻ്റർവ്യൂ പലവട്ടം കഴിഞ്ഞ് തൻ്റെ ഇഷ്ടം പോലെയുള്ള ഒരു ജോലി നാട്ടിൽ ലഭിച്ചിരിക്കുന്നു.ഇനി അമ്മയോട് ധൈര്യമായിപ്പറയാം അമ്മക്കിഷ്ടമുള്ള ആരെവേണമെങ്കിലും കണ്ടു വച്ചോളൂ.അതി മോഹങ്ങളൊന്നുമില്ല.തന്നെ മനസ്സിലാക്കുന്ന, വിദ്യാഭ്യാസമുള്ള ഒരു കുട്ടി.

     ആ യാത്രയുടെ മടക്കത്തിൽ ലവൻ്റെ വീടിനുമുൻപിൽ കാർ നിറുത്തി.ചെറിയ കാബിൻബാഗുമാത്രം കയ്യിൽ വച്ചു.ഡ്രൈവറെ വീട്ടിലേക്കും പറഞ്ഞയച്ചു.

     ലവനും ഷീലയും കുട്ടികളും സിറ്റൌട്ടിനു മുൻപിൽ ത്തന്നെ നിൽ്ക്കുന്നുണ്ടായിരുന്നു.പരസ്പരം ഒരാലിംഗനത്തിൽ ലവൻ്റെ പരിഭവമെല്ലാം പോയി മറഞ്ഞതായി തനിക്കു തോന്നി.

     ഷീലയോട് കൈകൂപ്പിക്കൊണ്ടു ചോദിച്ചു.

“പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലേ.ഞാൻ നന്ദകുമാർ.നന്ദനെന്നു വിളിപ്പേര്.ഇവനെന്നെ നത്തു എന്നു വിളിക്കും.”

ഷീല ചിരിച്ചുകൊണ്ടു പറഞ്ഞു

“ലവൻ ഇവിടെ പറയാത്ത ദിവസമൊന്നുമില്ലല്ലോ.നേരിട്ടു കണ്ടിട്ടില്ലെ ങ്കിലും.”

കുട്ടികളെ പരിചയപ്പെട്ടൂ.മൂത്തവൻ ഉമേഷ്.ഇളയത് പെൺകുട്ടി.മൂന്നു മൂനര വയസ്സായിക്കാണും .പേര് ലക്ഷ്മി.

കുറെ നാളത്തെ വിശേഷങ്ങളെല്ലാം പരസ്പരം പങ്കു വെച്ചു.കുട്ടിക ൾക്കായി കരുതിയിരുന്ന കളിപ്പാട്ടങ്ങളും മിഠായിയും ഓരോരുത്തർക്കും നൽകി.പർച്ചേസിനു വേണ്ടി മാത്രമാണ് ദുബായ് വഴിയുള്ള ഫ്ളൈറ്റ് ആക്കിയത്.അച്ഛനും അമ്മയും ഗൾഫ്കാരായതിനാൽ കളിപ്പാട്ടങ്ങ ളിലൊന്നും അത്ര താൽപ്പര്യം കാണില്ലെങ്കിലും അവർ തനിക്ക് നന്ദി പറഞ്ഞു.തന്നോടു സംസാരിക്കുന്നതിൽ ലക്ഷ്മി കൂടുതൽ താൽപ്പര്യം കാട്ടി അച്ഛൻ്റെ പെറ്റ് ആണത്രേ.

കുളി കഴിഞ്ഞു. ഭക്ഷണം തയ്യാറായതായി സംസാരത്തിലേർപ്പെട്ടിരിക്കുന്ന ഞങ്ങളെ ഷീല വന്നു വിളിച്ചു.അൽപ്പം കഴിയട്ടെ എന്നു താനും പറഞ്ഞു.താൻ ലവനോടു ചോദിച്ചു.

“ഷീല എങ്ങിനെയാണെടാ,ഒന്നു രണ്ടു പെഗ്ഗ് കഴിക്കുന്നതിന് പ്രശ്നം വല്ലതുമുണ്ടാക്കുമോ?”

“ഏയ് കുഴപ്പമൊന്നുമില്ല.ഔട്ടിംഗിനു പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക.അപ്പോൾ ഞാൻ കഴിക്കാറുണ്ട്.കൂടുതലായാൽ നിയന്ത്രണം വരുമെന്നേയുള്ളൂ”

“ഓ ഭാഗ്യം”.താൻ പറഞ്ഞു.

താൻ ബാഗ് തുറന്ന് എയർപ്പോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ളാക്ക് ഡോഗിൻ്റെ ഒരു കുപ്പി പുറത്തെടുത്തു.ഷീലയെ വിളിച്ച് രണ്ടു  ഗ്ളാസും അൽപ്പം എരുവുള്ള എന്തെങ്കിലും ഇനവും എ’ടുത്തു വെയ്ക്കാൻ ലവൻ വിളിച്ചു പറഞ്ഞു.പിന്നെ രണ്ടു മണിക്കൂറോളം ലാത്തി.ഇടക്ക് ഷീലവന്നു നോക്കുന്നുണ്ടായിരുന്നു.

“ഭക്ഷണം റെഡിയായിട്ടുണ്ട്.മണിയെത്രയായെന്ന് രണ്ടുപേർക്കും വല്ലവിവ രവുമുണ്ടോ?” ഷീല പറഞ്ഞു.

“എത്ര നാളു കഴിഞ്ഞുള്ള കൂടിച്ചേരലാണെന്നറിയുമോ ഷീലേ.ഞങ്ങൾ അതൊന്നാസ്വദിച്ചോട്ടെ.”

താൻ തുടർന്നു.”.ഷീലക്കറിയാമോ?, ഇവൻ പറഞ്ഞ അറിവല്ലേയുള്ളൂ.ഞ ങ്ങൾ രണ്ടു പേരും കൂടെ ചെയ്യാത്ത തെണ്ടിത്തരങ്ങളൊന്നുമില്ല.ഞങ്ങൾ പരിചയപ്പെട്ടതു തന്നെ എതിരാളികളായിട്ടാണ്.കശുവണ്ടികൊണ്ടുള്ള കുഴിയണ്ടി മത്സരത്തിലൂടെ”

കേൾക്കാൻ ഷീലയെക്കൂടെ കിട്ടിയതോടെ മദ്യത്തിൻ്റെ ഇഫക്ട് തൻ്റെ തലക്കു പിടിച്ചു കഴിഞ്ഞിരുന്നു.താൻ വാചാലനായി..

പറഞ്ഞു പറഞ്ഞു കളി കാര്യമായി.താൻ ഇന്നും ഒരു ഞെട്ടലോടെ മാത്രം ഓർക്കാൻ ശ്രമിക്കുന്ന ഒരധ്യായം.

താൻ പറഞ്ഞു.

“ഷീലയോട് ഇവൻ പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല,ഞങ്ങൾ ആദ്യമായി വ്യഭിചരിക്കുവാൻ പോയ കഥ.പേരൂർ താണ്ടയുടെ അടുത്ത്. ഇവൻ ആദ്യമായിട്ടായിരുന്നു.ഇവൻ പേടിച്ചു വിറച്ചാണ് ചെന്നത്. താണ്ടയെക്കണ്ടതും ഇവൻ ഇറങ്ങിയൊരോട്ടം.വീട്ടിൽ ചെന്നാണ് ഓട്ടം അവസാനിച്ചത്.”

അതു പറഞ്ഞു താൻ പൊട്ടിച്ചിരിച്ചു.

ലവൻ അന്നേരം തൻ്റെ തോളിൽത്തട്ടിക്കൊണ്ട്പരിഭ്രമത്തോടെ പറഞ്ഞു.

“നീയെന്താടാ ഈ പറയുന്നത്.നിനക്കു വെള്ളം അകത്തു ചെന്നാൽ എന്തൊക്കയാണ് പറയുന്നതും കാട്ടിക്കൂട്ടുന്നതും എന്നറിയാമോ.പണ്ട് നീ അമേരിക്കക്കു പോകുന്നത് ആഘോഷിക്കാൻ പോയി ബസ്സിനു മടങ്ങുമ്പോൾ ബസ്സിൽ മുൻ സിറ്റിലിരിക്കുന്ന കഷണ്ടിക്കാരനെക്കണ്ട് അയാളുടെ തലക്കിട്ട് ഞാനൊന്ന് അടിക്കട്ടെ എന്നെന്നോട് ചോദിച്ച് എനിക്കു തടുക്കാൻ കഴിയും മുമ്പ് അടി കഴിഞ്ഞതും അവസാനം അയാളോട് കാലു പിടിച്ച് മാപ്പു പറഞ്ഞതും ഓർമ്മയുണ്ടാവുമല്ലോ? അല്ലേ.അതു പോലെ നീ ഈ പറയഞ്ഞതു കേട്ട് ഷീല ശരിയാണെന്നു ധരിക്കും.”

ലവൻ പറഞ്ഞതു പോലെ സംഭവിച്ചു.ഷീലയുടെ മുഖം കനത്തു.അവൾ ലവനെ പിടിച്ചു വലിച്ചുകൊണ്ട് തീൻമേശക്കരിലേക്കു കൊണ്ടുപോയി ഇരുത്തി.എന്നിട്ടു പറഞ്ഞു.

“വേണമെങ്കിൽ കൂട്ടുകാരനെ വിളിച്ചിരുത്തി സൽക്കരിക്ക് വിളമ്പിത്തരാൻ ഞാനില്ല.ഞാനും കുട്ടി കളും കിടക്കാൻ പോവുകയാണ്.”

“നീയൊന്നും കഴിച്ചില്ലേ”.

“എനിക്കു വയറു നിറഞ്ഞു”

മദ്യത്തിനു പുറത്തായിരുന്നെങ്കിലും എല്ലാം താൻ മനസ്സിലാക്കുകയാ യിരുന്നു.ഇടിവെട്ടേറ്റതുപോലെ താൻ നിന്നു.ഊണു കഴിക്കാൻ ചെന്നിരുന്നു.ഒന്നും കഴിക്കാൻ തോന്നാതെ എഴുന്നേറ്റു പോയി.

“ക്ഷമിക്കെടാ എന്നോട്.അവളോടും പറയ്.ഞാൻ വീട്ടിലേക്ക് ചെല്ലട്ടേ.അമ്മ കാത്തിരിക്കും.എനിക്കു വിഷമമൊന്നുമില്ല.തെറ്റ് എൻ്റേതുമാത്രം.”

താൻ നടന്നു വീട്ടിലേക്കു പോയി.

************************************

പുറകിൽ മറ്റു വാഹനങ്ങളുടെ ഹോൺ അടികേട്ടപ്പോൾ നന്ദന് സ്ഥലകാല ബോധം തിരികെ വന്നു.പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു.ഇടതു തിരിഞ്ഞ് അതിവേഗം അവൻ കാർ വിട്ടു.മുന്നു മിനിട്ടിനകം എയർപോർട്ടിലെത്തി.കാർ പാർക്കിംഗിലിട്ടു.ഇൻറർനാഷണൽ അറൈവ ലിൽ ഇരിപ്പുറപ്പിച്ചു.ദുബൈ ഫ്ളൈറ്റിൻ്റെ സ്ഥിതി ടി.വിയിൽ നോക്കി.”ഫ്ളൈറ്റ് കൺഫേംഡ്”.അൽപ്പം കഴിഞ്ഞ് സ്ക്രോൾ ചെയ്തു കൊണ്ടിരുന്ന സ്ക്രീനിൽ തെളിഞ്ഞു.ദുബൈ “ഫ്ളൈറ്റ് അറൈവ്ഡ്.”

ഓരോ യാത്രക്കാരനും ബാഗും വലിച്ചുകൊണ്ട് ഇറങ്ങുമ്പോഴും ആകാംഷയോടെ നോക്കി നിന്നു.ഒടുവിൽ ലവനും കുട്ടികളും നടന്നു വരുന്നു.കുട്ടികൾ വലുതായിരിക്കുന്നു.മകൻ ലവനേക്കാൾ പൊക്കം വച്ചിരിക്കുന്നു.ലക്ഷ്മിയെക്കണ്ടാൽ അമ്മ തന്നെ.

പക്ഷേ ഷീലയെവിടെ.അവളെക്കാണുന്നില്ലല്ലോ.

മക്കൾ രണ്ടുപേരും ഓടി വന്നു.ഉമേഷ് അങ്കിൾ എന്നുപറഞ്ഞു കെട്ടിപ്പിടിച്ചു.ലക്ഷ്മിയിും അരികെ വന്നു മുട്ടി നിന്നു.

“സോറി നന്ദാ ഷീല വന്നില്ല.ലീവ് കിട്ടിയില്ല.ഒരുപക്ഷേ ഞങ്ങൾ പോകും മുമ്പ് വന്നേക്കും.ഇവരുടെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോയാലും ഞങ്ങൾ തരികെ വരും.ഇനി രണ്ടു പേരേയും നാട്ടിലാണ് പഠിപ്പിക്കുക.”

നന്ദൻ ഒന്നും മിണ്ടിയില്ല.നന്ദൻ്റെ കാറിലാണ് അവർ  വീട്ടിലേക്ക് പോയത്.

ലവനോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്കു പോയി.

വീട്ടിൽ ജീജ കാത്തിരിക്കുന്നുണ്ടായിരുന്നു.മക്കൾ രണ്ടു പേരും പഠനത്തി ലാണ്.ജീജ ടീച്ചറാണ്.മക്കൾ രണ്ടു  പേരും ജീജയുടെ സ്കൂളിൽത്തന്നെ.

താൻ ലവനേയും കുടുംബത്തിലേയും എയർപ്പോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ പോകുമെന്ന് അവളോടു പറഞ്ഞിരുന്നു.

നന്ദൻ്റെ മുഖം വാടിയിരിക്കുന്നുവെന്ന് ജീജക്കു മനസ്സിലായി.

തൻ്റേയും ഷീലയുടേയും ഇടക്കുള്ള പ്രശ്നങ്ങൾ ഒന്നും നന്ദൻ ഭാര്യയോടു പറഞ്ഞിട്ടില്ലായിരുന്നു. അതവളോടു പറഞ്ഞ് രണ്ടാമതൊരു ഷോക്ക് താങ്ങാൻ തന്നെക്കൊണ്ടാവില്ല എന്നവനറിയാമായിരുന്നു.

ജീജയും പലവട്ടം ചിന്തിച്ചിട്ടുണ്ട്

നന്ദനും ലവനും ഇത്ര അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും തന്നെ വിവാഹം കഴിച്ചു കൊണ്ടു വന്നതിനുശേഷം ഇരു കുടുംബങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലാത്ത പോലെയാണ് കഴിയുന്നത്.തന്നെ ഒന്ന് സുഹൃത്തിൻ്റെ വീട്ടിൽ പോകവാനോ,ലവൻ്റെ ഭാര്യ ഷീലയുമായി സംസാ രിക്കുവാനോ നന്ദേട്ടൻ അനുവദിച്ചിരുന്നില്ല.താൻ തന്റെ അഭിപ്രായം പലപ്പോഴും നന്ദേട്ടനോട് പറഞ്ഞിട്ടുണ്ട്.പക്ഷേ ഏട്ടനൊന്നും തുറന്നു പറയാറില്ല.പഴയ അടുപ്പമൊന്നും ഇപ്പോഴില്ല എന്നു മാത്രം പറഞ്ഞ് കാര്യം അവസാനിപ്പിക്കും.ഇപ്പോഴിതാ പോയി വന്നപ്പോൾ എന്തോ വിഷമവും മുഖത്തു കാണുന്നു.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ലവനും കുടുംബവുമായുള്ള തൻ്റെ അകൽച്ചയുടെ കാരണം വിശദമായിത്തന്നെ ഭാര്യയോടു പറഞ്ഞു.മദ്യത്തിൻ്റെ ലഹരിയിൽ വെറുതെ പറഞ്ഞ ഒരു കഥ,നുണക്കഥ.

നന്ദൻ ഓർത്തു ജീജക്കു തന്നെ മനസ്സിലാകും.പക്ഷേ ഷീലക്ക് ഇനിയും പറ്റിയിട്ടില്ല.അതാണല്ലോ ലീവ് കിട്ടിയില്ല എന്നകാരണം പറഞ്ഞ് കണ്ടു മുട്ടൽ ഒഴിവാക്കിക്കളഞ്ഞത്.

“നന്ദേട്ടൻ മദ്യപിക്കുമെന്നോ.ഇതു വരെ അങ്ങിനെ ഉണ്ടായിട്ടില്ലല്ലോ”.ജീജ പറഞ്ഞു.

“ഇല്ല,അന്നത്തെ സംഭവത്തിനു ശേഷം ഞാൻ ഇനിഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നു പ്രതിജ്ഞ എടുത്തിരുന്നു.അത് ഇന്നും ഇനി ജീവിതാവസാനം വരെയും അങ്ങിനെ തന്നെയായിരിക്കും.”

ജീജ നന്ദനെ സമാധാനിപ്പിച്ചു.”പോകട്ടേ ഏട്ടാ.ഞാനില്ലേ കൂടെ.നമ്മൾ,നമ്മുടെ കുടുംബം,കുട്ടികളുടെ വിദ്യാഭ്യാസം,അവരുടെ ജീവിതം കരുപ്പിടിപ്പിക്കൽ അതു ലക്ഷ്യമിട്ട് നമുക്കു മുന്നോട്ട് പോകാം.മറ്റൊന്നും നമുക്കു പ്രശ്നമല്ല.”

വളരെ വൈകിയാണ് അന്ന് രണ്ടു പേർക്കും ഉറക്കം വന്നത്.

                       ************

ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് അൽപ്പം മയങ്ങാൻ കിടന്നതാണ് നന്ദൻ.ജീജ അടുത്തദിവസത്തേക്കുള്ള ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നു.ആ സമയം നന്ദൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു വിദേശ കോൾ.നമ്പർ കണ്ടിട്ട് ഗൾഫിൽ നിന്നാണെന്നു തോന്നി.ഒരു സംശയത്തോടെ അവൻ ഫോൺ അറ്റൻ്റ് ചെയ്തു.

“ഹലൊ നന്ദൻ സ്പീക്കിംഗ്.”

“ഓ, വലിയ ഗമയൊന്നും വേണ്ട.”ഒരു സ്ത്രീശബ്ദം.

നന്ദൻ ഒന്നു ഞെട്ടി.ആരിത്.

“അധികം ടെൻഷൻ അടിപ്പിക്കുന്നില്ല.ഞാൻ ഷീല ലവൻ ഫ്രം ദുബൈ”.

നന്ദൻ വീണ്ടും ഞെട്ടി.

“നന്ദേട്ടൻ ക്ഷമിക്കണം.എനിക്ക് ശരിക്കും ലീവ് കിട്ടാത്തതുകൊണ്ടു തന്നെയാണ് വരാൻ കഴിയാതിരുന്നത്.തീർച്ചയായും ലവേട്ടൻ്റേയും കുട്ടികളുടേയും കൂടെ നാട്ടിൽ വരണമെന്നും പതിനഞ്ചു വർഷത്തെ ശിക്ഷാ കാലാവുധി കഴിഞ്ഞെന്നും നേരിട്ടു പറയണമെന്നും കരുതിത്തന്നെയാണ് ഞാനും വരുന്നുണ്ടെന്ന് ലവേട്ടനോട് പറഞ്ഞത്.എയർപ്പോർട്ടിൽ നിന്നും വിഷമിച്ചാണ് വീട്ടിലേക്കു മടങ്ങിയത് എന്നും ലവേട്ടൻ പറഞ്ഞു.അയാം വെരി വെരി സോറി.”

“നന്ദേട്ടൻ എന്നെ ഒരു ഭീകരജീവിയായിട്ടായിരിക്കും.മനസ്സിൽ ധരിച്ചു വെച്ചിരിക്കുക.എന്നാൽ അങ്ങിനെയൊന്നുമല്ല.നന്ദേട്ടനെക്കുറിച്ച് എന്നോട് ലവേട്ടൻ ഞങ്ങളുടെ ആദ്യരാത്രിയിൽത്തന്നെ എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്.എങ്കിലും പെട്ടെന്ന് അങ്ങിനെയൊരു സംഭാഷണം കേട്ടപ്പോൾ എനിക്ക് പ്രയാസം ഉണ്ടാക്കി എന്നത് ശരിയാണ്.ഇല്ലാത്ത കഥയുണ്ടാക്കിപ്പറയുന്നതാണെന്നും എനിക്കു തോന്നിയിരുന്നു.അന്ന് ഞാൻ തയ്യാറാക്കി വച്ച ഭക്ഷണം കഴിക്കാതെ പോയപ്പോൾ അടുത്ത ദിവസം വീട്ടിൽ വന്ന് മാപ്പു ചോദിക്കുവാൻ ഞാൻ തീരുമാനിക്കുകയും ലവനോട് പറയുകയും ചെയ്തതാണ്.പക്ഷേ ലവേട്ടൻ സമ്മതിച്ചില്ല.അവൻ്റെ ഈ സ്വഭാവം ഒന്നു മാറ്റിയെടുക്കുവാൻ ഇതു തന്നെ അവസരം എന്ന് അദ്ദേഹം പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി.ഇങ്ങിനെ ഒരു സ്വഭാവം വച്ചു കൊണ്ട് വിവാഹജീവിതത്തിലേക്കു പ്രവേശിച്ചാൽ നിങ്ങളുടേത് ഒരു ദു:ഖ പര്യവസായിയായ ഒരു ഫിക്ക്ഷനായിരിക്കുമെന്ന്എനിക്കു തോന്നി.അതു കൊണ്ട് ഈ സംഭവം നന്ദേട്ടന് ഒരു ഷോക്കായിരിക്കണം എന്നും ഞങ്ങൾ കരുതി.ഞങ്ങൾ അഭിനയിക്കുകയായിരുന്നു.നന്ദേട്ടൻ്റെ ഭാര്യയെപ്പറ്റിയും ഞങ്ങൾ വീട്ടിൽ വരുമ്പോൾ നമ്മുടെ രണ്ടു കുടുംബങ്ങളിലേയും ബന്ധക്കളോട് അന്വേഷിക്കുാമായിരുന്നു.ഒരു പാവം കുട്ടിയാണ് ജീജയെന്നും മനസ്സിലായിരുന്നു.അതിനെ കണ്ണീരു കുടിപ്പിക്കുവാൻ നന്ദേട്ടനെ അനുവദിക്കരുതെന്ന് ഞങ്ങൾക്ക് വാശിയുണ്ടായിരുന്നു.അന്നത്തെ സംഭവത്തിനു ശേഷം മദ്യപാന സ്വഭാവം തന്നെ നന്ദേട്ടൻഎന്നന്നത്തേക്കുമായി അവസാനിപ്പിച്ചുവെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.എങ്കിലും എന്തുകൊണ്ടോ ഇക്കാര്യങ്ങൾ ജീജയോടു പറയാൻ ഞങ്ങൾക്കു ഭയമായിരുന്നു.അവൾ അതെങ്ങിനെ എടുക്കുമെന്നും അറിയില്ലായിരുന്നു.അതുകൊണ്ട് നമ്മുടെ കുടുംബ ബന്ധം പഴയ പടിആക്കുന്നതിനുള്ള അവസരം നീണ്ടു നിണ്ടു പോയി.”

ഷീല ഒന്നു നിറുത്തി.

“എയർപ്പോർട്ടിൽ നിന്നും മടങ്ങി വന്ന അന്നുരാത്രി എല്ലാം ഞാൻ അവളോടു തുറന്നു പറഞ്ഞു.ആദ്യമായി.ജീജ നിങ്ങൾ സംശയിച്ചതു പോലെയൊരു പെണ്ണല്ല.എന്നെ മനസ്സിലാക്കുന്ന,മനസ്സിലാക്കിയ ഭാര്യയാണ്.

“ഓ, എനിക്കിപ്പോഴാണ് ശ്വാസം നേരെ വീണത്.ഫോൺ ഒന്നു കൊടുക്കാമോ ഇതുവരെ പരിചയപ്പെടാത്ത എൻ്റെ കൂട്ടുകാരിക്ക്.”

“പിന്നെന്താ”

“നിന്നെ ഒരു കൂട്ടുകാരി വിളിക്കുന്നു.ഇതാഫോൺ.”

“ആരാ സ്കൂളിലെ ടീച്ചർമാരാരെങ്കിലുമാണോ.”

“ങ്ഹാ,ഒരു ടീച്ചറെന്നും പറയാം.”നന്ദൻ ചിരിച്ചുകൊണ്ട് ഫോൺ ജീജക്കു കൊടുത്തു.എന്നിട്ട് വികാരരഹിതമായ മുഖഭാവത്തോടെ പുറത്തേക്കു പോയി.

അവരുടെ സംസാരം ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടു.പത്തു പന്ത്രണ്ട് വർഷത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കേണ്ടേ.അവനോർത്തു.

ഫോൺ സംഭാഷണം കഴിഞ്ഞു വന്ന ജീജ പറഞ്ഞു.

“നമ്മൾ ഷീലയെ എത്ര തെറ്റിധരിച്ചു.നല്ല കുട്ടി.അവൾ നമ്മളെ ദുബായ്ക്ക് വിളിച്ചിട്ടുണ്ട്.ലവേട്ടനും മക്കളും ലീവ് കഴിഞ്ഞ് പോകുമ്പോൾ നമ്മളും ചെല്ലണം,കുട്ടികളുമായി.എയർ ടിക്കറ്റും മറ്റെല്ലാ ചെലവുകളും അവളുടെ വക.”

നന്ദൻ ഒന്നും പറഞ്ഞില്ല,”എല്ലാം നിൻ്റെ ഇഷ്ടം” എന്നു മാത്രം.പറഞ്ഞു.

രാത്രി അവർ ഒറ്റക്കായപ്പോൾ നന്ദൻ ബാക്കി പറഞ്ഞു,

“നമ്മുടെ ജീവിതത്തിലേക്ക് ആരെല്ലാം വന്നാലും  പോയാലും നമുക്ക് നമ്മുടെ ജീവിതം,നമ്മുടെ മക്കൾ അവരുടെ ഭാവി.ആ ജീവിതം ജിവിച്ചു തീർക്കാൻ ദൈവം തന്നതാണ് എനിക്കു നിന്നെ.അത് നിന്നോടൊപ്പം ജീവിച്ചു തീർക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല.,ഒരു ദുബായ് യാത്രയും”.

“ങ്ഹേ, ഇതെൻ്റെ വാക്കുകളാണല്ലോ.ഏട്ടൻ തിരിച്ചടിച്ചതാണോ.”

“ഇല്ല മോളേ.ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്.”

നന്ദൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.അവളുടെ മിഴികൾ പാതി അടഞ്ഞിരുന്നു അന്നേരം.അവളുടെ കൈകൾ നന്ദൻ്റെ കഴുത്തിനു ചുറ്റും ബലമായി ചുറ്റിയിരുന്നു.

                                                                           -END-

മൂർച്ചയുള്ള കണ്ണുകളുള്ള പെൺകുട്ടി

ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലം ആർക്കോണത്തു നിന്നും വണ്ടി കയറും ഓടി പിടിച്ചാണ് വണ്ടിയിൽ കയറുക. മകനും മരുമകളും രാവിലെ മകനെ സ്കൂളിലാക്കാൻ പാടുപെടുന്നതിനിടയിൽ എനിക്കു കഴിക്കാനുള്ളത് കൂടി മരുമകൾ ശരിയാക്കി പാത്രത്തിൽ ആക്കി തരും. ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ താൻ ദൈവത്തോട് നന്ദി പറയുകയായിരുന്നു എന്നും. അദ്ദേഹം ഏതാണ്ട് 24 മണിക്കൂറും സർക്കാർ ജോലിയും അതിൻറെ ടെൻഷനുമായി നടക്കുന്നതിനിടയിൽ എല്ലാം മറക്കുന്ന പ്രകൃതം. ഒന്നരമണിക്കൂർ നീളുന്ന ട്രെയിൻ യാത്രയിലാണ് ജീവിതത്തിൽ സഹയാത്രികരായ മറ്റുള്ളവരുടെവിശേഷങ്ങൾ തിരക്കി അറിയുന്നതും ഓരോ ദിവസത്തെ ദിനചര്യകൾ അയവിറക്കുന്നതും.

അതിൽ എന്നും കാണുന്ന ഒരു തമിഴ് ഗ്രാമീണ പെൺകുട്ടിയുടെ മുഖമുണ്ട്. അവളെ താനെന്നും ശ്രദ്ധിക്കും. നല്ല മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് തന്നെ ഉഴിയുന്നവൾ. എന്നാൽ അധികം സംസാരിക്കാത്ത പ്രകൃതം. ഒരു ദിവസം താൻ കയറിയങ്ങ് അവളെ പരിചയപ്പെട്ടു. ആദ്യം ഒന്നും അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. അവൾ എന്നെ അക്കൻ എന്നു വിളിച്ചു തുടങ്ങി. മെല്ലെ മെല്ലെ തൻറെ മരുമകളെപ്പോലെ സ്വഭാവ ശുദ്ധിയും സ്നേഹവും ഉള്ളവളാണ് അവളും എന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടു വിശേഷങ്ങൾ ഞാൻ അവളോട് പറഞ്ഞിരുന്നെങ്കിലും തിരിച്ചുള്ള കുടുംബ പുരാണം ഒന്നും അവൾ എന്നോടോ മറ്റു സഹയാത്രികരോടോ പറഞ്ഞിരുന്നില്ല.
ഒരിക്കൽ ഞാൻ ചോദിച്ചു

“നീ എന്താണ് നിന്റെ കുടുംബത്തെ പറ്റി ഒന്നും എന്നോട് പറയാത്തത്”

“ഞാൻ പിന്നീടൊരു നാൾ പറയാം അക്കാ”അവൾ പറഞ്ഞു.

എവിടെയോ മിഴിനട്ട് ട്രെയിനിന്റെ ഓട്ടവും നോക്കിയിരിക്കും പോലെ തനിക്ക് തോന്നി.
“അല്ലെങ്കിൽ എന്തിനാ അക്കാ ഇന്ന് തന്നെ ഞാൻ എല്ലാം പറയാം”
അവൾക്ക് വീണ്ടു വിചാരമുണ്ടായതായി എനിക്ക് തോന്നി.

അവൾ തന്റെ കഥ പറഞ്ഞു.

നാലു കുട്ടികളും ഭർത്താവിന്റെ സഹോദരിയും സഹോദരി ഭർത്താവും അടങ്ങുന്ന കുടുംബം ആയിരുന്നു തന്റേത്. തൻറെ ഭർത്താവിന് ഒരു വർക്ക്ഷോപ്പിലായിരുന്നു ജോലി. ജോലിക്കിടയിൽ ഒരു ദിവസം അപകടത്തിൽ ഭർത്താവ് മരിച്ചു.

നാലു മക്കളെ ഓർത്തു കണവൻ മരിച്ച അന്ന് മുതൽ എന്തുകൊണ്ടോ അവളും കുട്ടികളും കിടക്കുന്ന കട്ടിലിന്റെ കോസടിക്കു താഴെ മൂർച്ചയുള്ള ഒരു കത്തി സൂക്ഷിച്ചിരുന്നു അവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനായി.
കുറേ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി
കണവൻ ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിലെ ക്ലീനിങ്ങും മറ്റു ചെറിയ ജോലികളും അതിൻറെ കൂലിയും മുതലാളി അവൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല. മൂന്നു കുട്ടികൾക്ക് സ്കൂളിലും മറ്റും പോകുന്നതിനും ഭക്ഷണത്തിനും ആ തുക തുഛമായിരുന്നു. ഭർത്താവിൻറെ സഹോദരന്റെയും നാത്തൂന്റെയും വരുമാനത്തിൽ നിന്നുള്ള പണം കൂടി കിട്ടിയിട്ടാണ് ചിലവുകൾ കഷ്ടിച്ച് നടന്നുപോവുക. അതിന് നാത്തൂന്റെ കുത്തുവാക്കുകളും ശാപവും നിറഞ്ഞ വാക്കുകൾ നിത്യവും കേൾക്കണം.

ഒരു രാത്രി നല്ല മഴയുള്ള ദിവസം. ആരോ കതക് തുറക്കുന്ന ശബ്ദം കേട്ടു അവൾ ഉണർന്നു. അവളുടെ കൈ വെട്ടുകത്തിയിൽ ഇതിനകം അമർന്നു കഴിഞ്ഞിരുന്നു.
ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവൾ കണ്ടു തൻറെ ഭർത്തൃ സഹോദരനെ. അവൾ ശബ്ദമുണ്ടാക്കാതെ കിടന്നു.

പെട്ടെന്നാണ് അവളുടെ മേൽ ആക്രമണം ഉണ്ടായത്. അയാളിലെ കണ്ണുകളിലെ കാമാഗ്നി ആ മിന്നൽ വെളിച്ചത്തിലും അവൾ കണ്ടു. അവളുടെ കത്തി തലങ്ങും വിലങ്ങും ശക്തിയോടെ വീശപ്പെട്ടു. ഏതോ ഒരു വെട്ടിന്
“മ്മാ……….. എന്ന ഒരു ശബ്ദം കേട്ടു.

അവളുടെ മനസ്സിൽ പോലീസ്, ജയിൽ, കുഞ്ഞുങ്ങൾ, എല്ലാ ചിന്തകളും ഒരു നിമിഷം കൊണ്ട് ഓടിമറഞ്ഞു. പിന്നെയൊന്നും ആലോചിച്ചില്ല ഇളയകുട്ടിയെ വാരിയെടുത്ത് മുതിർന്ന മൂന്നിനെയും തടുത്തു കൂട്ടി വലിച്ചു നിരത്തിലേക്ക് ഓടി. അടുത്തുള്ള ആഴമുള്ള തടാകം ആയിരുന്നു അവളുടെ ലക്ഷ്യം.

ഇടിയും മഴയും കാറ്റും. റോഡ് വിജനം. അതിവേഗത്തിൽ വന്ന ഒരു കാർ അവളെയും കുഞ്ഞിനെയും തട്ടി. പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തു. പിന്നെയൊന്നും അവൾക്ക് ഓർമ്മയില്ല.

ഓർമ്മ വീണപ്പോൾ ആശുപത്രിയുടെയും മരുന്നുകളുടെയും ഗന്ധം. അരികിൽ നഴ്സുമാർ.
അവൾ ചോദിച്ചു “എൻ കുളന്തൈകൾ എങ്കേ”
ഡ്യൂട്ടി ഡോക്ടർ ഒരു മലയാളിയായിരുന്നു. അത്യാവശ്യം തമിഴും അറിയാമായിരുന്നു.
അയാൾ പറഞ്ഞു
“അവർക്ക് ഒരു കുഴപ്പവുമില്ല. ഇളയ കുട്ടിക്ക് ചെറിയ മുറിവുണ്ട്. അവനിടയ്ക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്നുണ്ട് മറ്റു രണ്ടുപേരും അവൻറെ അടുത്ത് വാർഡിൽ ഉണ്ട്”

അവൾക്ക് തൽക്കാലം സമാധാനമായി.
അവൾ ചെറിയ കുട്ടിയുടെ അടുത്ത് പോകാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് തലയിലെയും കാലിലെയും കെട്ടുകൾ കണ്ടതും തല വേദനിക്കുന്നതും.
ഡോക്ടർ പറഞ്ഞു “വേണ്ട തല അനക്കേണ്ട. തലയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്. മോനെ ഞങ്ങൾ ഇവിടെ കൊണ്ടുവന്ന് കാണിക്കാം.”

നാലു പേരെയും നഴ്സ് കൊണ്ടുവന്നു കാണിച്ചു. അവൾക്ക് സമാധാനമായി ഇളയതിനെ അവൾ ഉമ്മ വച്ചു.
പിന്നീടാണ് നേഴ്സ് വിവരങ്ങളെല്ലാം അവളെ ധരിപ്പിക്കുന്നത്.
ഈ ആശുപത്രിയുടെ ഉടമയും സീനിയർ ഡോക്ടറുമായ ദീപക് ചന്ദിന്റെ കാറിൻറെ മുമ്പിലേക്കാണ് കാവേരി കുട്ടികളെയും കൊണ്ട് ചാടിയത്. അദ്ദേഹവും ഡ്രൈവറും കൂടിയാണ് കാവേരിയെയും കുട്ടികളെയും ഇവിടെ എത്തിച്ചു വേണ്ട കുത്തിക്കെട്ടുകളും ഇഞ്ചക്ഷനും നൽകിയത്. കാവേരിക്ക് ഓർമ വീണാൽ അദ്ദേഹത്തെ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
അല്പസമയം കഴിഞ്ഞ് ഡോക്ടർ വന്നു. ഏതാണ്ട് 50 വയസ്സ് പ്രായം വരും. അദ്ദേഹത്തിൻറെ പെരുമാറ്റം കാവേരിക്ക് ഇഷ്ടമായി. സ്വന്തം അച്ഛനെ അടുത്തുകിട്ടിയത് പോലെ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.
***************
ഏതാണ്ട് ഒരു മാസം വരെ ഡോക്ടറുടെ വീട്ടിൽ അവളും കുട്ടികളും കഴിഞ്ഞു. മക്കളില്ലാത്ത ഡോക്ടർക്കും ഭാര്യക്കും ഒരു കൂട്ടായി. അവരുടെ പ്രൈവറ്റ് കൺസൾട്ടിംഗ് റൂമിനോട് ചേർന്ന് ഔട്ട് ഹൗസിൽ താമസസൗകര്യം ഏർപ്പെടുത്തി കൊടുത്തു ഡോക്ടർ. മാത്രമല്ല ആശുപത്രിയിൽ അറ്റൻഡറുടെ ജോലിയും ഒരുവിധം ശമ്പളവും അദ്ദേഹം നൽകിയിരുന്നു.
കാവേരി അച്ഛനെ പോലെ കരുതുന്ന ഡോക്ടറോടും അദ്ദേഹത്തിൻറെ ഭാര്യയോടും ഇതിനകം തൻറെ ജീവിതകഥ മുഴുവനും വിശദമായി പറഞ്ഞു കേൾപ്പിച്ചിരുന്നു. ഒരു മകൾ ഇല്ലാത്ത കുറവ് കാവേരി ഡോക്ടറേയയും ഭാര്യയെയും അറിയിക്കാതെ പണിയെടുത്തു. എല്ലാം അവൾ തന്നെ നോക്കും. ആശുപത്രിയിൽ ജോലി കഴിഞ്ഞാൽ വീട്ടിലെയും ക്ലിനിക്കിലെയും.
ഒരു ദിവസം ഡോക്ടറോട് അവൾ ചോദിച്ചു.
” ഞാൻ വെട്ടിയിരിഞ്ഞ ആ കശ്മലൻ ചത്തോ എന്നെ പോലീസുകാർ കൊണ്ടുപോകുമോ”
“അതിനി കാവേരി പേടിക്കേണ്ട. അവനും നമ്മുടെ ആശുപത്രിയിൽ ആ ദിവസങ്ങളിൽ ചികിത്സയിൽ ഉണ്ടായിരുന്നു. അവൻറെ വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അപകടത്തിൽ പറ്റി എന്നാണ് പോലീസിൽ മൊഴി. കേസ് എഴുതി തള്ളുകയും ചെയ്തു.”
അവൾക്ക് ആശ്വാസമായി ഇപ്പോഴും അവൾക്ക് കിട്ടിയ സന്തോഷം ട്രെയിൻ യാത്രയിലൂടെ സ്വയം പങ്കുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ അവളോട് യാത്ര പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അക്കാ, ഇനി നാളെ കാലൈ പാർക്കലാം”


പല്ലി


“ഇതാ വന്നു മോളു”
വൈകിയിട്ട് ഒരു കുളി പതിവാണ് അച്ഛൻ കളത്തിൽ നിന്നും വന്നു കുളിക്കുന്നത് കണ്ടു വളർന്ന ശീലമാണ്  വയസ്സ് 70 കഴിഞ്ഞെങ്കിലും രണ്ടുനേരം കുളി പതിവാണ് . വൈകിട്ട് ചൂടുവെള്ളത്തിലും രാവിലെ പച്ചവെള്ളത്തിലും.

. “അച്ഛാ ചൂട് വെള്ളം അനത്തിയിട്ടുണ്ട്. ചെറിയ ചൂടേ ഉള്ളൂ സമയം കളയാതെ കുളിച്ചോളൂ . വെള്ളം ആറിപ്പോകും” സിമ്പിൾ അടുത്തുവന്നു പറഞ്ഞു


സിബിൾ അനാഥ കുട്ടിയാണ്.തന്റെ ദത്ത് പുത്രിയാണ്. ഔദ്യോഗിക ജീവിതത്തിൽ എന്നോ അനാഥാലയത്തിന്റെ ഒരു എക്സ്റ്റൻഷൻ വർക്ക് സൂപ്പർ വിഷനായി പോയപ്പോൾ കണ്ടതാണ് അന്ന് പത്തു പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്. കണ്ടപ്പോൾ എവിടെയോ വച്ച് കണ്ടതുപോലെ ഒരു ഓർമ്മ. ഓർത്തു നോക്കി. തന്നെ കണ്ടപ്പോൾ അവളും ചിരിച്ചു കന്യാസ്ത്രീ മഠത്തിന്റെ കീഴിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട് എന്ന് പിന്നീട് സിസ്റ്ററും ആയുള്ള സംസാരത്തിൽ നിന്നും മനസ്സിലായി.അവളുടെ ചിരി എന്റെ രതിയുടെ ചിരിയല്ലേ അത്. തന്നെ.

അങ്ങനെയാണ് തന്റെ കൂടെ നിൽക്കാൻ അനുവദിക്കാമോ കുട്ടിയെ എന്ന് സിസ്റ്ററോട് അന്വേഷിച്ചത് . സിസ്റ്റർ പല നിയമപ്രശ്നങ്ങളും പറഞ്ഞ് തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. മേൽത്തട്ടിൽ നിന്നുള്ള സമ്മർദ്ദമേറിയപ്പോൾ സിസ്റ്ററിന് അനുവദിക്കാതെ നിവൃത്തിയില്ല എന്നായി. തന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കം പത്തുനൂറ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.

തന്റെ കയ്യും പിടിച്ച് കാറിൽ കയറിയിരിക്കുമ്പോൾ, സിസ്റ്റർമാരുമായി യാത്ര പറയുമ്പോൾ, സിബലിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തുവരുന്നത് കാണാമായിരുന്നു.

നാട്ടിൽ വന്ന് താൻ പഠിച്ച സ്കൂളിൽ തന്നെ അവളെ ചേർത്തു. കൂടാതെ നൃത്തം പഠിക്കാനും ചേർത്തു. നൃത്തം പഠിപ്പിക്കാൻ ടീച്ചർ  വീട്ടിൽ വരും. വളർന്നു വലുതായപ്പോഴും  ഇന്നും തുടരുന്നുണ്ട് . അത് മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആണെന്ന് മാത്രം.
ആദ്യം മകൾക്ക് കൂട്ടിനായി ഒരു ആയയെ പകൽ നിർത്തിയിരുന്നു ഷിബിലിന് 20 വയസ്സു കഴിഞ്ഞതോടെ താൻ റിട്ടയർ ചെയ്തല്ലോ. അതോടെ അവരെ പറഞ്ഞു വിട്ടു.

തൻറെ സമ്പാദ്യങ്ങളുടെ എല്ലാം ഏക അവകാശിയായി സിബിലിനെ നിശ്ചയിച്ച് അന്നേ മഠത്തിൽ എഴുതി കൊടുത്തിരുന്നു.


തൻറെ പഴയ തറവാടാണിത് ഓടും കൂടും ഉള്ള രണ്ടു നിലയിൽ അച്ഛൻ പണിയിണിച്ച വീട്. ഒപ്പം ഉരപ്പുരയും. വർഷത്തിലൊരിക്കൽ പൊക്കാളി കൃഷി കൊയ്ത് മെതിച്ച് ഉണക്കി ഇടാനൊരു പത്തായവും ചേർന്ന വീട്.

പുരയിടത്തിന്റെ ഇരുവശവും പുഴയാണ് കായലിന്റെ ഒരു കൈവഴിയായ വീരൻ പുഴയുടെ പടിഞ്ഞാറുഭാഗം. വൻകരയുമായി ബന്ധമില്ലാത്ത ദ്വീപാണ് അത്. ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ട് ദശാബ്ദങ്ങൾ ആയിരിക്കുന്നു.ഡ്രഡ്ജിംഗ് പലവട്ടം കഴിഞ്ഞു. എവിടെ നോക്കിയാലും ചീന വലകൾ മാത്രം. രാത്രി അവ നിശബ്ദമായിരിക്കും. രാത്രി പ്രശാന്തസുന്ദരമായ പ്രകാശമാനമായ വീരൻ പുഴയുടെ മനോഹാരിത കാണാം. വെള്ളത്തിൽ കുത്തി നിർത്തിയ ട്യൂബ് ലൈറ്റ് പോലെ പെട്രോമാക്സിന്റെ നിഴൽ പുഴയിൽ വീഴുന്നതു കാണാം. ബോട്ടുകളോ വലിയ വള്ളങ്ങളോ പോയി വെള്ളം ഇളകുമ്പോൾ വെളിച്ചത്തിന്റെ ഇളക്കങ്ങളും കാണുക മനോഹരമായിരിക്കും.


നന്ദൻ എന്ന തനിക്ക് 70 കഴിഞ്ഞെങ്കിലും ഇതുവരെ കാര്യമായ അസുഖങ്ങൾ ഒന്നും വന്നിട്ടില്ല.

ഉച്ചകഴിയുമ്പോൾ വലിയ ചാരുകസേരയിൽ പുഴയിലേക്ക് നോക്കിയിരിക്കും. പലതും ചിന്തിക്കാൻ ഉണ്ടാവുമല്ലോ. സിബിൾ പഠിക്കാൻ പോയിട്ട് വരുന്നത് നാലര -അഞ്ച് മണിയാകും. ഡാൻസ് ക്ലാസ് ശനിയും ഞായറും മാത്രമേ കാണൂ. കോളേജിലാണ് അവളിപ്പോൾ. എം എ സൈക്കോളജിക്ക് ആലുവ യുസി കോളേജിലാണ് പഠിക്കുന്നത്  താൻ പഠിച്ച കോളേജിൽ തന്നെ അവളെ ചേർത്തു പഠിപ്പിക്കണം എന്നതായിരുന്നു തൻറെ ആഗ്രഹം. അവളും അതുതന്നെയാണ് ഇഷ്ടപ്പെട്ടത്.


പഴയ വീട് ആണെങ്കിലും വീടിനകത്ത് ഏതെങ്കിലും ദൈവത്തിന്റെയോ കാരണവന്മാരുടെയോ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല താൻ. ഒരിക്കൽ സിബിൽ തന്നോട് ചോദിച്ചു
” അച്ഛാ ഇവിടെ എന്താണ് ദൈവത്തിന്റെ ഒരു ഫോട്ടോ പോലും കാണാത്തത്. അച്ഛൻ നിരീശ്വരവാദിയാണോ. അച്ചാച്ചൻ അച്ഛമ്മ അവരുടെ ഒന്നും ഫോട്ടോയും ഇല്ലല്ലോ”
” വേണ്ട മോളെ എല്ലാം ഈ ഹൃദയത്തിലുണ്ട് അവർ മാത്രമല്ല മറ്റു പലരുടെയും
തന്റെ നെഞ്ച് ഭാഗം തൊട്ടുകൊണ്ട് ഷിബിലിന് മറുപടി കൊടുക്കും പിന്നീട് അവൾ ഒരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല.
*************
വേനൽ എത്ര കനത്തതാണെങ്കിലും തന്റെ വീട്ടുമുറ്റത്തും ജനലുകൾക്കരികിലും ഇരുന്നാൽ ഇരുവശവും ഉള്ള പുഴവെള്ളം തലോടി വരുന്ന തണുത്ത കാറ്റ് അതൊരു എയർകണ്ടീഷൻ മുറിപോലെ തോന്നിപ്പിക്കും. പക്ഷേ ജൂൺ മുതലുള്ള കാലവർഷം ശക്തിയായ കാറ്റിന്റെയും ഇടിവെട്ടിന്റേയും അകമ്പടിയോടെ വന്നു പേടിപ്പെടുത്തും. അപ്പോൾ സിബിൾ അവളുടെ മുറിയിൽ നിന്നും ഓടിവന്നു കിടക്കയെടുത്ത് നിലത്തിട്ട് മൂടിപ്പുതച്ച് കിടക്കും. താനപ്പോഴും ഉറങ്ങി കാണില്ല. “പേടിക്കാതെ കിടന്നോളൂ മോളു അച്ഛൻ ഉണ്ടല്ലോ ഇവിടെ”
താൻ പറയും
“എനിക്ക് അച്ഛൻറെ കട്ടിലിന്റെ അടിയിൽ കിടന്നാലാണ് സുരക്ഷിതത്വം കൂടുതൽ തോന്നുക”
” കിടന്നോളൂ”
താൻ പറയും. അവൾ ചിരിക്കും. അത്തരം ഒരു രാത്രിയിലാണ് താൻ തന്റെ കഥയെഴുതാൻ ആരംഭിക്കുന്നത്. സിബിൾ ഉറങ്ങിയിരുന്നു.


തന്റെ ഓർമ്മകൾ ഒരു 65 വർഷം പുറകോട്ട് പോയി, തൂലികയിലൂടെ.


സ്വാതന്ത്ര്യാനന്തരകാലം ബ്രിട്ടീഷുകാർ തകർത്ത ഇന്ത്യയുടെ ദുഃഖകാലം. ഭാരതമൊട്ടാകെ പട്ടിണിയും പരിവട്ടവും.പത്തു ശതമാനം വരുന്ന ഇടത്തരക്കാരും ബാക്കി തൊണ്ട് തല്ലിയും കയർ പിരിച്ചും ജീവിക്കുന്ന അരപ്പട്ടിണിക്കാരുടെ നാട്.
അങ്ങിങ്ങായി മടൽ മൂടി ചകിരി പിരിച്ചു    മട്ടാഞ്ചേരിയിലും കൊച്ചിയിലും വള്ളത്തിൽ കൊണ്ടുപോയി സേട്ടുമാർക്ക് വിറ്റ് ലാഭമുണ്ടാക്കുന്ന കയർ മുതലാളിമാരും അവരുടെ പണിയാളുകളും. ചിലർ ബീഡിതെറുപ്പു ജോലിയും  ചെയ്തിരുന്നു. നാളികേരം വെട്ടി ഉണക്കി കൊപ്രയാക്കി അത് കൊച്ചിയിൽ   വിൽക്കുന്ന അപൂർവ്വം  ചില ചെറുകിട മുതലാളിമാർ.

അതിലൊരു ചെറിയ മുതലാളിയുടെ ഇളയമകനായിരുന്നു താൻ.തനിക്കു മൂത്ത രണ്ടു സഹോദരങ്ങൾ, ഇളയ ഒരാൾ
ഓർമ്മവച്ച നാൾ മുതൽ കളിക്കൂട്ടുകാരായി ഉണ്ടായിരുന്നത് പട്ടിണിക്കാരായ തൊഴിലാളികളുടെ മക്കൾ. അതിൽ ഒന്നായിരുന്നു തൻറെ രതി. അമ്മായിയുടെ മകളാണ്.  അമ്മയെ കാണാനും കുറെ നേരം വർത്തമാനം പറഞ്ഞിരിക്കാനും വേണ്ടി വരും കുഞ്ഞു രതിയേയും ഒക്കത്ത് വെച്ച് അമ്മായി.പല്ലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു രതിയെ കാണുമ്പോൾ താൻ പല്ലിളിച്ചു കാട്ടും. അവൾ മോണ കാട്ടി ചിരിക്കും.
കുറേക്കാലം കൂടി കഴിഞ്ഞു. മറ്റുള്ള കൂട്ടുകാരിൽ നിന്നും വ്യത്യസ്തമായി എന്നും തങ്ങളാണ് ഒപ്പം ഉണ്ടാവുക. സൗഹൃദവും കളിയും. ഓരോ വളർച്ചയിലും കൂടുതൽ കൂടുതൽ സ്നേഹം തമ്മിൽ വളർത്തി. താൻ ഹൈസ്കൂൾ ക്ലാസിൽ ആയപ്പോഴേക്കും രതി വളർന്നു പെണ്ണായി. രണ്ടു വീട്ടുകാരും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സമായിരുന്നില്ല
രതിയുടെ നന്ദൻ ‘ഓപ്പ’യായിരുന്നു താൻ .അടുത്തടുത്ത വീടുകളിൽ ആണെങ്കിലും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ലായിരുന്നു. തൻറെ മീശക്ക് കട്ടി വച്ചതോടെ താൻ കണ്ണാടി നോക്കുമ്പോൾ ഒരു ഗൗരവക്കാരൻ ആണെന്ന് തോന്നും. അവളുടെ അടുത്ത് ചെന്ന് അതേ ഗൗരവത്തിൽ ഒന്നു നോക്കും. രതി ചിരിച്ചു മറിയും.
ഓപ്പയ്ക്കിത് ചേരില്ല. ഒന്ന് ചിരിച്ചേ കാണട്ടെ .താൻ ചിരിക്കും, അവളും. ഞങ്ങളുടെ സംസാരത്തിൽ അവൾ എനിക്കും താൻ അവൾക്കും ഉള്ളതെന്ന് വിചാരിച്ചു തന്നെയാണ് കഴിഞ്ഞിരുന്നത്. അവളുടെ വീട്ടിലെ വലിയ പ്ളാവിൻറെ ചുവട്ടിൽ ഞങ്ങൾ ചാരിയിരിക്കും. ആരും ആ വഴി പോകുന്നില്ല എന്ന് കണ്ടാൽ നെഞ്ചിലേക്ക് പതുക്കെ അവൾ ചാരും. താനും അവളുടെ മുഖം രണ്ടുകയ്യും ചേർത്തുപിടിക്കും. ചിലപ്പോൾ  മണിക്കൂറുകളോളം അതേ ഇരിപ്പ് തുടരും.


പിന്നെ എപ്പോഴാണ് ആ ബന്ധത്തിൽ പഴയ ഊഷ്മളത കുറഞ്ഞുവന്നത്. താൻ കോളേജിൽ ചേർന്നതിനു ശേഷം, കൂടി ഇരിക്കുന്ന സമയം കുറഞ്ഞുവന്നു.രതി സ്കൂളിൽ പത്താം ക്ലാസിൽ എത്തിയിരുന്നു. പിന്നീട് എസ്എസ്എൽസി പാസ്സായി. പരീക്ഷാഫലം വന്ന അന്നുതന്നെ

അവൾ എന്റെ അമ്മയെയും അച്ഛനെയും കാണാൻ വന്നു. അമ്മായിയും കൂടെ ഉണ്ടായിരുന്നു അച്ഛൻ ചോദിച്ചു അമ്മായിയോട്
“നീ എന്താ ഇവളെ ഇനി പഠിപ്പിക്കുന്നുണ്ടോ”
“കോളേജിൽ ഒന്നും ചേർക്കാൻ കഴിയില്ലല്ലോ ചേട്ടാ അവൾക്ക് ആണെങ്കിൽ ഡാൻസ് പഠിക്കണം എന്നാണ് ആഗ്രഹം”

. അമ്മായി പറഞ്ഞു.
രതി ചിരിച്ചുകൊണ്ട് നിന്നു.
“അതാണ് നല്ലത് “അച്ഛനും പറഞ്ഞു
ഈ സംഭാഷണം വീട്ടിൽ നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നു എസ്എസ്എൽസി നല്ല മാർക്കോടെ പാസായ എൻറെ രതിയെ ഒന്ന് ഞെട്ടിക്കാൻ ആയി ഒരു സമ്മാനവുമായിട്ടായിരുന്നു തന്റെ വരവ്. നല്ല വില കൂടിയ ഒരു സാരി.വീട്ടിലേക്കു വരുംവഴി കയറിയതാണ്.
താൻ അമ്മായിയെ വിളിച്ചു. “രതിയെവിടെ  അമ്മായി”
തന്റെ ഒച്ച കേട്ടതും അവൾ ഓടി വന്നു. എൻറെ കയ്യിൽ പിടിച്ചു നിന്നു.
താൻ പറഞ്ഞു
“കണ്ണടച്ച് നില്ല് “അവൾ കണ്ണടച്ചു എന്തെങ്കിലും സമ്മാനം ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു.പൊതി അവളുടെ കയ്യിൽ കൊടുത്തു. അവൾ കണ്ണ് തുറന്നു.
കവറും അതിനകത്തെ സാരിയും കണ്ടു.സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി. അതുവരെ ഇറക്കമുള്ള പാവാടയും ലൂസായ  മേലുടുപ്പും ധരിച്ചിരുന്ന അവളന്നു ആദ്യമായി താൻ വാങ്ങി കൊടുത്ത സാരിയുടുത്തു. ഇരുട്ടത്ത് എനിക്ക് അമ്മായി കാണാതെ ഒരു ഉമ്മ തന്നു കൊണ്ടോടി.
താൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നപ്പോഴാണ് അമ്മ പറയുന്നത്.അമ്മായിയും രതിയും വന്നിരുന്ന കാര്യം. അച്ഛനോട് അവളെ ഡാൻസ് പഠിക്കാൻ ചേർക്കുന്നതിന് അനുവാദം ചോദിക്കാനും കൂടിയാണ് വന്നത് എന്ന് അമ്മ പറയുന്നത് കേട്ട് താൻ ഞെട്ടി അതിനോട് യോജിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. അന്ന് ആദ്യമായി തനിക്ക് അവളോട് ദേഷ്യം തോന്നി.


അടുത്ത ദിവസം തന്നെ രാവിലെ താൻ രതിയെ കണ്ടു. തന്റെ മുഖം കലുഷിതമായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
“എന്താ നന്ദനോപ്പേ മുഖം വല്ലാതിരിക്കുന്നത്”
“എനിക്ക് നിന്നോട് കുറച്ച് സമയം സംസാരിക്കണം”
ഞങ്ങൾ ഞങ്ങളുടെ പ്ളാവിൻറെ താഴെ പോയിരുന്നു ഞാൻ പറഞ്ഞു.

“നീ ഡാൻസ് പഠിക്കുന്ന വിവരം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. ഇന്നലെ രാത്രിയും പറഞ്ഞില്ല. എനിക്ക് നീ ഡാൻസ് പഠിക്കുന്ന തീരെ ഇഷ്ടമല്ല. അതുകൊണ്ട് മറ്റെന്തെങ്കിലും കോഴ്സിന് ചേരണം. ഫീസ് കൊടുക്കാൻ ഇല്ലെങ്കിൽ അച്ഛനോട് പറഞ്ഞു ഞാൻ പരിഹരിക്കാം. എൻറെ ഭാര്യയായിരിക്കുന്നവൾക്ക് ചേരുന്ന ഒരു കോഴ്സ് ഞാൻ തിരഞ്ഞെടുക്കാം”


അവൾ ഞെട്ടിപ്പോയി തന്റെ വാക്കുകൾ കേട്ട്. അത് അവളുടെ മുഖവും കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു. സജലങ്ങളായ  കണ്ണുകളിലൂടെ അവൾ എന്നെ നോക്കി
“എന്തിനാണ് ഇങ്ങനെ പറയുന്നത് ഞങ്ങൾ പാവങ്ങളല്ലേ. അമ്മാവനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഓപ്പയുടെ ഡിഗ്രി പഠനം, എൻറെ പഠിക്കുന്നതിനുവരുന്ന ചെലവുകൾ അമ്മാവന് താങ്ങാൻ ബുദ്ധിമുട്ടാവും. ഡാൻസിന് ചെറിയ തുകയേ കൊടുക്കേണ്ടതുള്ളൂ. ഞാൻ ജീവിതകാലം മുഴുവൻ ഡാൻസ്കാരി ആയിരിക്കില്ല.ഓപ്പ എഞ്ചിനീയറിങ് കഴിഞ്ഞു വന്നാൽ അപ്പോൾ ഞാൻ ഡാൻസ് നിർത്തും. അതുവരെ മറ്റു കുട്ടികളെ പഠിപ്പിച്ചു കുറച്ചു പണവും ഉണ്ടാക്കാമല്ലോ.
അവൾ തുടർന്നു
“നന്ദനോപ്പക്ക് സമ്മതമില്ലെങ്കിൽ ഞാൻ ഡാൻസ് കോഴ്സ് വേണ്ടെന്നു വയ്ക്കാം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
തന്റെ ദേഷ്യം കുറഞ്ഞിരുന്നു അവളുടെ  മുടി ഇഴകളിൽ തന്റെ വിരലുകൾ ഓടി നടന്നു. “ഏതായാലും നിൻറെ ആഗ്രഹം നടക്കട്ടെ”
അവൾ ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി
താൻ ഡിഗ്രി  കഴിഞ്ഞു തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ അഡ്മിഷൻ ആയി. ഡിഗ്രി കഴിഞ്ഞതിനാൽ മൂന്നുവർഷമേ പഠിക്കേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്നു വർഷക്കാലമാണ് തന്നെയും തന്റെ ജീവിതവും തകർത്തത് എന്നു താൻ മനസ്സിലാക്കിയില്ല.
വലിയ പണച്ചാക്കുകളുടെ മക്കളും ആയിട്ടായിരുന്നു തൻറെ  സഹവാസം. പഠിപ്പിനിടെ ചീത്ത കൂട്ടുകെട്ടിലും പെട്ടുപോയിരുന്നു. തൻറെ രതിയെ മറന്ന ഒരു രാത്രി കൂട്ടുകാരോടൊപ്പം സിറ്റിയിലെ ചീത്ത സ്ത്രീയുടെ അടുത്ത് പോയത് വലിയൊരു കളങ്കമായി ജീവിതത്തിൽ. ആ സ്ത്രീ ഡാൻസ് പരിപാടികൾക്ക് ഇടയ്ക്ക് പോകും.കൂടുതൽ പണം കിട്ടിയാൽ ഈ തൊഴിലിനും പോവും എന്ന് പറഞ്ഞത് സഹപാഠി ചെറിയാൻ ആയിരുന്നു.

അത് തന്നെ മനസിന്റെ താളം തെറ്റിച്ചു. പിന്നീട് ഒരിക്കലും അത്തരം പ്രവർത്തിക്കു പോയിട്ടില്ല.എന്നാൽ ഡാൻസുകാരികളോട് ഉള്ള തൻറെ ശത്രുത പിന്നെയും  കൂട്ടുവാനേ ആ സംഭവം ഉതകിയുള്ളൂ.
പുതിയ ജീവിതവും പുതിയ സുഹൃത്തുക്കളും പഠനവും എല്ലാം പുതിയ അനുഭവ പാഠങ്ങൾ തനിക്ക് തന്നുകൊണ്ടിരുന്നു. രതിയുടെ കത്തുകൾ ദിവസം ഓരോന്നു വരും. അതിനു മറുപടി അയക്കും ദിവസവും. പിന്നീട് ആഴ്ചയിൽ രണ്ടും ആഴ്ചയിലൊന്നും മാസത്തിൽ ഒന്നുമൊക്കെ ആയി മറുപടി ചുരുങ്ങി. നൃത്തം ചെയ്യുന്ന രതിയെ  തനിക്ക് അൽപ്പാൽപ്പം വെറുപ്പായി തുടങ്ങി. രണ്ടുപേരുടെയും കത്തുകളി ലാകട്ടെ ആ വിഷയം ചർച്ചയെ ആയതില്ല.


വർഷങ്ങൾ കഴിഞ്ഞുപോയത് എത്രവേഗം എന്നറിഞ്ഞത് കോഴ്സുകൾ കഴിഞ്ഞ്. മടങ്ങിവന്നതിനു ശേഷം രണ്ടുദിവസം കഴിഞ്ഞാണ് രതിയെ കാണുന്നത്. അതും വഴിയിൽ വെച്ച്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ തന്നെ നോക്കി. മറുപടി അയക്കാത്തതിന് പരിഭവങ്ങളുടെ കെട്ടഴിച്ചു. തുടുത്തിരുന്ന രതി ക്ഷീണിച്ചിരിക്കുന്നതായി തോന്നി. തന്റെ പെരുമാറ്റത്തിലും പഴയ അടുപ്പത്തിന് സാന്ദ്രത കുറവായിരുന്നുവെന്ന് ഇന്നും മനസ്സിലാക്കുന്നു. താൻ നൃത്ത പഠനവും ഒപ്പം നൃത്തം പഠിപ്പിക്കലും എന്നെന്നേക്കുമായി അവസാനിപ്പിച്ച കാര്യം അവൾ പറഞ്ഞു.


” നന്നായി” തന്റെ  മറുപടി ഒറ്റവാക്കിൽ ഒതുങ്ങിയിരുന്നു. അല്ലെങ്കിൽ അങ്ങനെ പറയാൻ പഠിച്ചു.


അധികം താമസിയാതെ റിസൾട്ട് വന്നു. നല്ല മാർക്കോടെ പാസായി. സർക്കാരിൽ പൊതുമരാമത്ത് വകുപ്പിൽ താൻ  ജോലിയിലും കയറി. നാട്ടിൽ തന്നെയായിരുന്നു പോസ്റ്റിംഗ്.
ഒരു ദിവസം രതി തന്നെ കാണാൻ വീട്ടിലേക്കു വന്നു.
എനിക്ക് അല്പം സംസാരിക്കാനുണ്ട്. നമുക്കിന്ന് നമ്മുടെ പ്ലാവിന്റെ ചുവട്ടിൽ കൂടാം. രാത്രി വൈകി വന്നാൽമതി. ഞാൻ വരാം.
“വരാം”
ഒറ്റവാക്കിൽ തന്റെ മറുപടി.
രാത്രി ഭക്ഷണത്തിനുശേഷം താൻ പ്ലാവിന് ചുവട്ടിൽ ചെന്നപ്പോൾ രതിയെത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ ഉദ്യോഗഭരിതമായിരിക്കുന്നത് തനിക്ക് കാണാമായിരുന്നു. “നിനക്കെന്താ പറയാനുള്ളത് വേഗം പറയണം ജോലിയുണ്ട് “താൻ പറഞ്ഞു.
“അത്രയ്ക്ക് വേണ്ടാതായി എന്നെ ഓപ്പക്ക് അല്ലേ”അവൾ പറഞ്ഞു. ചെറുതായിപ്പോയി താൻ അവളുടെ മുൻപിൽ. മനസ്സ് ഒന്നു വിങ്ങിപ്പോയി ഒരു നിമിഷം.
എങ്കിലും ഈഗോ വിടാതെ ഒന്നും മിണ്ടാതെ താൻ നിന്നു.
“ഇത്ര അകലം കാണിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഡാൻസിനു പോയതോ? അച്ഛൻ ആലോചനകൾ തുടങ്ങിയിരിക്കുന്നു. നമ്മുടെ ബന്ധം ഇപ്പോഴും കസിൻസ് എന്ന് മാത്രമേ അച്ഛൻ കരുതിയിട്ടുള്ളൂ. അമ്മയ്ക്ക് ചില സംശയങ്ങളൊക്കെയുണ്ട്.
” നല്ല കാര്യം ആണെങ്കിൽ അതങ്ങ് നടത്തുവാൻ അച്ഛനോട് പറഞ്ഞേക്ക് .എനിക്ക് ഇതിലെതിർപ്പൊന്നുമില്ല”


തൻറെ വാക്കുകൾ കേട്ട് രതി അവിശ്വസിനീയമായി തന്റെ മുഖത്തേക്കും കണ്ണുകളിലേക്കും നോക്കി. എന്നിട്ട് പറഞ്ഞു

.
” എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ഓപ്പയോടൊപ്പം മാത്രമേ ഉണ്ടാവൂ. അത് നിശ്ചയമാണ്.
” നീ എന്തിനാ എന്നെ കാത്തിരിക്കുന്നത്. നമ്മൾ പരസ്പരം ചേരില്ല . കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്നു. വലുതായപ്പോഴും അത് തുടർന്നു. നമ്മൾ രണ്ടു തട്ടിലാണ് .നമുക്ക് ഒന്ന് ചേരാൻ കഴിയില്ല.”
കുറേനേരം ഒന്നും അവൾ മിണ്ടിയില്ല. കുറെ കഴിഞ്ഞു ചോദിച്ചു.
“നന്ദനോപ്പയുടെ അവസാന വാക്കാണോ ഈ പറഞ്ഞത്”
“അതെ അതിനു മാറ്റമില്ല”
പിന്നെ അവൾ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്.
താൻ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസത്തെ കുറച്ചു വർക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഒരു മണിയായി കിടന്നപ്പോൾ .അപ്പോൾ തന്നെ ഉറങ്ങിക്കാണണം. ഒരു ഭാരം ഇറക്കിവെച്ച സംതൃപ്തിയോടെ.

അതിരാവിലെ ഏതോ വലിയ നിലവിളിയും ഒച്ചയും ബഹളവും കേട്ടാണ് താൻ ഉണർന്നത് അമ്മ വന്നു വിളിച്ചു ഉണർത്തി പറഞ്ഞു
“നന്ദാ അമ്മായിയുടെ വീട്ടിൽ എന്തോ അപകടം നടന്നിട്ടുണ്ട്. നീ അങ്ങോട്ട് ചെല്ലൂ. അച്ഛൻ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ പുറകേ വരാം”
എന്തോ തനിക്കും എന്തോ ആപത്ത് വരുന്നുണ്ടെന്ന് ഉള്ള തോന്നലോടെ ഓടിച്ചെന്നു. ആളുകൾ കൂടിയിരിക്കുന്നു. അവരെ വകഞ്ഞു മാറ്റി അകത്തുകയറി നോക്കി. താൻ ഞെട്ടിപ്പോയി തലച്ചോറിനകത്ത് ഒരു ഇടി വെട്ടിയത് പോലെ തോന്നി അവൾ,രതി, തന്റെ എല്ലാമായ പ്രേയസി കെട്ടിത്തൂങ്ങിയിരിക്കുന്നു. പോലീസിന് ആളു പോയിരിക്കുന്നു എന്ന് ആരോ വിളിച്ചു പറയുന്നത് മാത്രം കേട്ടു .
പിന്നെ ഒന്നും ഓർമ്മയില്ല. അവ
ളുടെ ഭീവത്സമായ മുഖമാണ് അതിന് തൊട്ടുമുമ്പ് കണ്ടത്.


ഓർമ്മ വരുമ്പോൾ ആശുപത്രിയിലാണ്.
അമ്മ കൂട്ടിരിപ്പുണ്ട്.


ദിവസങ്ങൾ കഴിഞ്ഞു പോയി.
ആശുപത്രിയിൽ നിന്നും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ആഹാരം ഇല്ല, ഉറക്കമില്ല. അമ്മ നിർബന്ധിക്കുമ്പോൾ കഞ്ഞി വെള്ളമോ മറ്റോ ഒരു ഇറക്ക് കഴിക്കും.
ക്രമേണ എല്ലാം നോർമലായി എന്ന് വെറുതെ തോന്നി. ആരും തന്നെ സംശയിക്കില്ല. അതിനവൾ ഒരു സംശയവും ബാക്കി നിർത്തിയിരുന്നില്ലല്ലോ.
അച്ഛനും അമ്മയും നിർബന്ധിച്ചിട്ട് അടുത്ത ദിവസം ജോലിക്ക് പോകാം എന്ന് കരുതി.
വീട്ടിൽ വെറുതെ ഇരിക്കുന്ന ഓരോ സെക്കൻഡും അവളുടെ രൂപം മനസ്സിലേക്ക് ഓടിവരും. അതിൽ നിന്നൊരു അല്പം മോചനം. അതു മാത്രമായിരുന്നു ലക്ഷ്യം.

രതിയുടെ വീട്ടിലേക്ക് നടന്നു. അമ്മായിയെയും മാമനെയും കണ്ടു ജോലിക്ക് പോകുന്ന കാര്യം പറയാൻ കൂടിയായിരുന്നു തന്റെ പോക്ക്.


അമ്മായി കിടക്കുകയായിരുന്നു തന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു
“എന്റെ പൊന്നു മോനെ.മോൻ ഇതെങ്ങനെ സഹിക്കുന്നു. അമ്മായി അലറി വിളിച്ച് പറഞ്ഞു. കൊലപാതകം ചെയ്ത ഒരു കുറ്റവാളിയായി അമ്മായിയുടെ മുമ്പിൽ നിന്നു. കുറെ കഴിഞ്ഞ് ആ കാൽ പിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് എല്ലാം അറിയാം മോനേ. ആ സൗന്ദര്യ പിണക്കം. അവൾ ഒരു മണ്ടി. മോൻ എല്ലാം സഹിക്കണം, മറക്കണം. ജോലിക്ക് പോയി തുടങ്ങിയാൽ കുറേശ്ശെ എല്ലാം
മറന്നോളും. മോൻ നന്നായി വരും.

പിന്നെ താൻ ഇറങ്ങി നടന്നു എങ്ങോട്ട് ?
യാന്ത്രികമായ ഒരു ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. എങ്ങിനെയൊക്കെയോ ജീവിച്ചു.
അമ്മയും അച്ഛനും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. താൻ വഴങ്ങിയില്ല.
*******”
സിബിളിനെ ലഭിച്ച
തിനു ശേഷം എനിക്കും രതിക്കും കൂടിയുണ്ടായ മകളാണ് അവളെന്ന് കരുതി വളർത്തി ഒരച്ഛനായിത്തന്നെ.  എന്ത് കാരണത്താൽ പ്രിയസഖിയെ അകറ്റി നിർത്തിയോ അവളുടെ കലയെ വെറുത്തുവോ അതിൽ മകളെ എങ്കിലും പ്രവീണയാക്കണം എന്നുള്ള  മോഹം ആയിരുന്നു പിന്നീട് അങ്ങോട്ട്. കലാ മണ്ഡലത്തിൽ നിന്നും പ്രശസ്തമായ നിലയിൽ നൃത്തം പിഠിച്ചിറങ്ങിയിരുന്നു സിബിൾ.
*********
നന്ദൻ പേന താഴെ വെച്ചു.

ആരോടൊ പറയാൻ ഉണ്ടായിരുന്നത് പറഞ്ഞു തീർത്ത ഒരു സംതൃപ്തി യോടെ

കസേരയിൽ കിടക്കുകയായിരുന്നു. തൻറെ മുഖത്തേക്ക് എന്തോ വീണു.
കൈകൊണ്ട് തടവി നോക്കി
ചിതൽ മണ്ണ്!
മുകളിലേക്ക് നോക്കിയപ്പോൾ ഉത്തരത്തിൽ ഒരു പല്ലി സൂക്ഷിച്ചു നോക്കിയിരിക്കുന്നു. പല്ലിയും തന്നെ സൂക്ഷിച്ചു നോക്കുകയാണ്. നോക്കിക്കൊണ്ടിരിക്കെ ആ പല്ലി തന്നെ നോക്കി ചിരിച്ചു. അത് തന്നോട് പറയുന്നു..
“നമ്മുടെ മകളെ ആരുടെയെങ്കിലും നല്ല കൈകളിൽ സുരക്ഷിതമായി എത്തിക്കേണ്ടേ.
എന്നിട്ട് നമ്മുടേതായ ലോകത്തേക്ക് എന്നോടൊപ്പം വരൂ. നമുക്ക് നഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീർക്കേണ്ടേ”
ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ആരെയും കണ്ടില്ല. അകന്നകന്നു  പോകുന്ന കാലടി ഒച്ച മാത്രം,പിന്നെ ചിലങ്കകളുടെ കിലുങ്ങൂന്ന ശബ്ദവും…….

-Vidya Mattappilly –