ലോഹത്തകിട് -കഥ

-വിദ്യ മറ്റപ്പിള്ളി –

അച്ഛൻറെ ആണ്ടുബലിയിട്ട് തറവാടായ എൻറെ വീട്ടിൽ ദേവി പൂജക്കുള്ള കളങ്ങൾ ഒരുക്കുന്ന ജോലി തുടങ്ങിയിരുന്നു. ശാന്തിക്കാരായി രണ്ടുപേരും സഹായികൾ രണ്ടുപേരും. മുറ്റം, പന്തൽ ഇട്ട് ചുറ്റും മറച്ച ഒരു പർണാശ്രമം പോലെ ഇരുന്നിരുന്നു.

ശാന്തിക്കാരൻ തന്ന ലിസ്റ്റിന് രണ്ടടി നീളമുണ്ടായിരുന്നു. ചാണകം മുതൽ കസ്തൂരി വരെയുള്ള എല്ലാമുണ്ടതിൽ. അതെല്ലാം സംഘടിപ്പിച്ചു കൊടുക്കുന്ന ചുമതല എന്റേതായിരുന്നു. അഞ്ചു നിലവിളക്കിന്റെ പ്രകാശം കൊണ്ട് പർണാശ്രമം മുഴുവനും ഒരു ക്ഷേത്രത്തിൻറെ ദിവ്യത്വം അനുഭവപ്പെട്ടു. ഇഷ്ടിക കൊണ്ട് ചതുരാകൃതിയിൽ അഗ്നികുണ്ഡം തയ്യാറാക്കപ്പെട്ടിട്ടുണ്ട് . ശാന്തിക്കാർക്ക് ഇരിക്കാൻ രണ്ട് പലക സംഘടിപ്പിക്കാൻ പഴയ തറവാട്ട് വീട് ആയതിനാൽ ദൂരെയെങ്ങും പോകേണ്ടതായി വന്നില്ല .

വൈകിട്ട് 7 മണി ആയതോടെ അന്തരീക്ഷം ഭക്തി സാന്ദ്രതയിൽ മുങ്ങി. എന്നെ കൂടാതെ എന്റെ അമ്മ , ജ്യേഷ്ഠൻ,ജ്യേഷ്ടത്തി, രണ്ടു സഹോദരിമാർ, മൂത്ത സഹോദരിയുടെ മകൾ, അച്ഛൻറെ സഹോദരിമാർ,സഹോദരങ്ങളുടെ മക്കൾ, പേരക്കുട്ടികൾ വലിയൊരു ജനാവലി വീട്ടിലുണ്ടായിരുന്നു.അവരുടെയെല്ലാം മുഖങ്ങളിൽ എന്തോ ഉത്സവപ്രതിനിധി തെളിഞ്ഞു കാണാമായിരുന്നു .

അഗ്നികുണ്ഡത്തിൽ ചിരട്ടയും വിറകും ചെറിയ കഷണങ്ങളാക്കി സഹായികൾ മുറയ്ക്ക് ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പർണാശ്രമത്തിൽ ഇടയ്ക്ക് പുക നിറയുമ്പോൾ പുതിയ വിറക് കഷണങ്ങളും ഇട്ടുകൊടുത്ത് നെയ്യൊഴിച്ച് തീ ആളിപ്പടരാൻ കീഴശാന്തിമാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

രാത്രി എട്ടു മണിയായപ്പോൾ ഒരു സഞ്ചിയുമായി ജ്യോത്സ്യൻ കടന്നുവന്നു. അദ്ദേഹത്തിന് ഇരിക്കാനും തൽസമയം കവടി നിരത്തി ഫലം പറയാനും മേൽശാന്തിക്കരികിൽ തന്നെ ഒരു ഇരിപ്പടം ഒരുക്കിയിരുന്നതിൽ അദ്ദേഹം ഉപവിഷ്ടനായി. കവടിയും ഗ്രഹനില പലകയും മുന്നിൽ നിരത്തിവെച്ച് സഗൗരവം പൂജക്രിയകളിൽ ശ്രദ്ധിച്ചിരുന്നു

രക്തബന്ധമുള്ളവരെയെല്ലാം പൂജാകർമ്മത്തിൽ പങ്കാളികളാകാൻ മേൽശാന്തി ക്ഷണിച്ചിരുത്തി. മന്ത്രങ്ങൾ ഉരുവിടുകയും അവരെക്കൊണ്ട് അത് ഏറ്റുചൊല്ലിക്കുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടു മേൽശാന്തിമാരും ചേർന്ന് പൂജാദി കർമ്മങ്ങൾ അതിൻറെ പാരമ്യത്തിൽ എത്തിച്ചു. കുടുംബത്തെയും കുടുംബാംഗങ്ങളെയും ബാധിച്ചിട്ടുള്ള ദുരാത്മാക്കളെ ആവാഹിച്ച് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള രൂപതകിടുകളിലേക്ക് കയറ്റുക എന്നുള്ള കർമ്മമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏതാണ്ട് നാലോളം ദുരാത്മാക്കൾ നിലവിൽ ബാധിച്ചിട്ടുള്ളതായി ജോത്സ്യൻ പ്രഖ്യാപിച്ചു. ഓരോരുത്തരെയായി മേൽശാന്തി ആവാഹിച്ചു തുടങ്ങി. ചെറുപ്പത്തിൽ വസൂരി വന്നു മരിച്ചുപോയ ഒരു സഹോദരിയുടെ ആത്മാവ് അവിടെയെല്ലാം നടക്കുന്നതായി ജോത്സ്യൻ അറിയിച്ചു. ഈ സമയം അടുത്തിരുന്ന എൻറെ അമ്മയോട് ഞാൻ ചോദിച്ചു

“അങ്ങനെ ഒരു സഹോദരി ഉണ്ടായിരുന്നോ എനിക്ക്.

” ശരിയാണ്” അമ്മ പറഞ്ഞു.”

വനിത എന്നായിരുന്നു അവളുടെ പേര്. ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു.”

പിന്നീട് മേൽശാന്തിയും സഹായിയും ചേർന്ന് ഒന്നിച്ച് ആവാഹിച്ച് മരിച്ച സഹോദരിയുടെ ആത്മാവിനെ നിഷ്പ്രയാസം രൂപതകടിലേക്ക് കയറ്റി. ജോൽസ്യൻ ആത്മാവ് കയറിയെന്ന് കവടിവാരി വച്ച് ഉറപ്പാക്കി.

അടുത്തയാൾ വല്യച്ഛന്റെ മൂത്തമകൻ വാസു എന്നയാളുടെ ദുരാത്മാവായിരുന്നു. അതും മേൽശാന്തി വളരെ വൈദഗ്ധ്യത്തോടെ പുറകിലൂടെ ചെന്ന് പിടിച്ച് കൈക്കലാക്കി രൂപതകിടിലാക്കുകയും ചെയ്തു.

ജ്യോത്സ്യൻ കവടി നോക്കി കയറി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത ആൾ അച്ഛൻറെ അമ്മ ചക്കിയായിരുന്നു. പണ്ടേ പറഞ്ഞു കേട്ടിട്ടുള്ള ഒരാളായിരുന്നു പഞ്ചപാവ മായിരുന്നു ജീവിച്ചിരുന്നപ്പോൾ. മേൽശാന്തി കൈപൊക്കിയതേ യുള്ളൂ, അമ്മുമ്മ ഓടിച്ചെന്ന് രൂപക്കൂടിൽ കയറി ഇരിപ്പായി.

അടുത്തതും അവസാനത്തേതുമായ ദുരാത്മാവ് അച്ഛൻറെ അച്ഛൻ അതായത് ഞങ്ങളുടെ അച്ചാച്ചൻ അച്യുതൻ എന്നയാളുടെ ആത്മാവാണ്.

ഞാൻ അമ്മയോട് ചോദിച്ചു

“അമ്മേ ഈ ആത്മാവിനെ പലവട്ടം നടന്ന പൂജകളിൽ ഇതുപോലെതന്നെ പിടിച്ചു രൂപ തകടിയിൽ ആക്കി ദേവീ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ കുടിയിരുത്തുകയോ, ഒഴുക്കുള്ള വെള്ളത്തിൽ ഒഴുക്കി കളയുകയോ ചെയ്തിട്ടുള്ളതാണല്ലോ”

“എൻറെ അമ്മായിയച്ഛൻ അല്ലേ എവിടെ കൊണ്ടിട്ടാലും അവിടനിന്ന് എഴുന്നേറ്റുപോരും”

അമ്മ പറഞ്ഞു.

“അയ്യോ” ഞാൻ ഒന്ന് നടുങ്ങി.

അപ്പോഴേക്കും മണിമുഴങ്ങി മേൽശാന്തിമാർ രണ്ടുപേരും മത്സരബുദ്ധിയോടെ മണിമുഴക്കിക്കൊണ്ട് അച്യുതൻ അച്ചാച്ചന്റെ പിടികൂടാൻ ഉളള ഭഗീരധ പ്രയത്നം നടത്തിക്കൊണ്ടിരുന്നു. 15 പ്രാവശ്യം പലവഴിക്കും നോക്കിയിട്ട് ജ്യോത്സ്യൻ ആത്മാവ് രൂപത്തിലേക്ക് ആവാഹിക്കപ്പെട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു

ജോത്സ്യൻ പല സംശയങ്ങളും ശാന്തിമാരുമായി ചർച്ച ചെയ്തു അവസാനം മേൽശാന്തി പറഞ്ഞു “എൻറെ ഗുരുനാഥൻ തന്ന അവസാന കൈ പ്രയോഗിക്കാം”

അദ്ദേഹം ഏകദേശം 15 മിനിറ്റോളം പലകയിൽ നിന്ന് എഴുന്നേറ്റ് ഗുരുവിനെ ധ്യാനിച്ച് ചലന മറ്റുനിന്നു. പിന്നീട് അദ്ദേഹത്തിൻറെ അമാനുഷമായ ഒരു പ്രകടനമായിരുന്നു 100 പ്രാവശ്യം ആത്മാവിനെ കൈകളിലാക്കുന്നതായി കൈകൊണ്ട് ചുറ്റും കൈ വീശിക്കൊണ്ട് ക്രിയകൾ കാണിച്ചു.

“ഇനിയൊന്ന് കൂടി നോക്കൂ”

മേൽശാന്തി ജ്യോത്സ്യനോടു പറഞ്ഞു. അടിമുടി വിയർപ്പിൽ കുളിച്ചു നിൽക്കുകയായിരുന്നു മേൽശാന്തി അപ്പോൾ.

ജ്യോത്സ്യൻ കവടി നിരത്തി കവടികൾ കൃത്യമായി നിരന്നു. അദ്ദേഹത്തിൻറെ മുഖം പ്രസന്നമായി.

“ആ ആത്മാവ് പോന്നു” അദ്ദേഹത്തിൻറെയും മേൽശാന്തിയുടെയും സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

അന്നേരം ഞാൻ അമ്മയോട് ചോദിച്ചു

“ഈ അച്ചാച്ചൻ ഇത്ര

ഭീകരനായിരുന്നോ?”

“ആയിരുന്നുവെന്നോ എന്തെല്ലാം വിക്രിയകൾ കഴിഞ്ഞ് ലോകം വിട്ടയാൾ ആയിരുന്നുവെന്നോ എൻറെ അമ്മായിഅച്ചൻ. സാധാരണ അമ്മായി അമ്മമാരെ കൊണ്ടാണ് വീട്ടിൽ വിവാഹം കഴിച്ചു കൊണ്ടുവരുന്ന മരുമക്കൾക്ക് ശല്യം ആവുന്നത്. ഇത് മറിച്ചായിരുന്നു. അതേസമയം അമ്മ ഒരു പാവമായിരുന്നു.”

“മരുമക്കളെ അദ്ദേഹത്തിന് ശത്രുക്കളായിരുന്നു. അവർക്ക് നല്ല ഭക്ഷണം നൽകിയിരുന്നില്ല. മാർക്കറ്റിൽ കിട്ടുന്ന ഏതു മേൽത്തരം പഴവർങ്ങളും ഭക്ഷണസാധനങ്ങളും അദ്ദേഹം ഒറ്റക്ക് തിന്നുമായിരുന്നു. അവയുടെ തൊലിയും കുരുക്കളും ഒക്കെ ആരും കാണാതെ എവിടെയെങ്കിലും നശിപ്പിക്കും.

ഒരിക്കൽ എന്റെ ബോഡീസ് ഉണക്കാനിട്ടത് കാണാതായി.

ഞാൻ അത് അന്വേഷിക്കാത്ത സ്ഥലമില്ല അത് മനസ്സിലാക്കി അദ്ദേഹം പറഞ്ഞു

“ഓടി. വഞ്ചി പ്പുരയിലാടി” പരിഹസിച്ചതായിരുന്നു എന്നെ.

മറ്റു മരുമക്കളും നാത്തൂന്മാരും അദ്ദേഹത്തോട് എതിരിടാൻ എന്നെയാണ് സമീപിച്ചിരുന്നത്

.ഒരിക്കൽ ഞാൻ പറഞ്ഞു “

ഈ കുടുംബത്തിൽ ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു അതിനു കാരണം അമ്മായി അച്ഛനാണ്

“.ഇത് അദ്ദേഹം കേട്ടു.

ദേഷ്യം സഹിക്കവയ്യാതെ ഒരു കത്തിയെടുത്ത് എൻറെ കഴുത്തിൽ കുത്തി. കുതറി ഓടിയ ഞാൻ ഒരു വിധം രക്ഷപ്പെട്ടു. മറ്റൊരു കത്തി ഞാൻ കയ്യിലെടുത്തു ഞാൻ പറഞ്ഞു

“ഇനി എന്നെ തൊട്ടാൽ തന്റെ തല ഞാൻ അറക്കും.”

പിന്നീട് മരണം വരെ എൻറെ അടുത്തുപോലും വരില്ലായിരുന്നു അദ്ദേഹം.

ഞങ്ങളുടെയൊക്കെ ഭർത്താക്കന്മാർക്ക് പോലും അദ്ദേഹത്തെ ഭയമായിരുന്നു

മാസങ്ങളോളം അദ്ദേഹം മരണക്കിടക്കയിൽ കിടന്നു. മറ്റാരും അദ്ദേഹത്തിന് ഭക്ഷണം നൽകാൻ ധൈര്യം കാണിച്ചില്ല. ഞാനാണ് മൂന്നുനേരവും ഭക്ഷണം കൊടുത്തിരുന്നത് . ഇടക്ക് ഞാൻ ആ കണ്ണുകളിലേക്ക് നോക്കും. കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അവസാന ദിവസങ്ങളിൽ വായുവലിച്ചു കിടന്നു. ഒരു ഫർലോങ്ങ് വരെയുള്ള വീടുകളിൽ വായു വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അത്ര ശക്തനായിരുന്നു അദ്ദേഹം.

ഒരു ദിവസം ആ ശബ്ദം കേൾക്കാതെ ആയി ഞാൻ കൈപിടിച്ചു നോക്കി. ആ ശരീരം തണുത്തിരുന്നു. ഞാൻ വായിൽ വെള്ളം ഒഴിച്ചു നൽകി. കൺപീലികൾ അടച്ചുവെച്ചു “

അമ്മ കഥ അവസാനിപ്പിച്ചു.

ഞാൻ അമ്മയോട് ചോദിച്ചു

“അമ്മേ ആ ലോഹത്തകിട് നാളെ കൊണ്ടുപോയി ഒഴുക്കു വെള്ളത്തിൽ ഞാനല്ലേ ഒഴുക്കേണ്ടത്? എൻറെ കൂടെ പോരുമോ അച്ചാച്ചന്റെ ആത്മാവ് ?”

“പറയാൻ പറ്റില്ല”

അമ്മ പറഞ്ഞു

കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു എൻറെ അമ്മ മരിച്ചു. എനിക്ക് ഭാര്യയും മക്കളും പേരക്കുട്ടികളുമായി.

ചില രാത്രികളിൽ ഇന്നും സ്വപ്നത്തിൽ അച്ചാച്ചനെ കാണും. കയ്യിൽ ഒരു കത്തിയുമായി.

അന്നു പിന്നെ ഉറക്കം ഉണ്ടാവില്ല.

END.

സീറ്റ്ബെൽട്ട്

(നർമ്മകഥ)- വിദ്യാനന്ദൻ മറ്റപ്പിള്ളി.

     റിട്ടയർ ചെയ്തശേഷം കാറിൽ വെറുതെ കറങ്ങലാണ് സദാനന്ദന്റെ ഹോബി.ബാംഗളൂരിൽ മകൻ്റെ കാറുമെടുത്ത് ഔട്ടർ റിംഗ് റോഡിൽ കറങ്ങൽ മുതലാണ് പണം കളയുന്ന ഈ ഇടപാട് തുടങ്ങി യത്.നാട്ടിലുള്ലപ്പോൾ ചില ദിവസങ്ങളിൽ ഭാര്യ സുമയേയും കൂട്ടും.ചെറായി ബീച്ച്,മുനമ്പം വൈപ്പിൻ ചിലപ്പോൾ എറണാകുളം എന്നിവിടങ്ങളിൽ കറങ്ങും.ഒരു ദിവസം സദാനന്ദൻ ഒറ്റക്ക് ചെറായി ബീച്ചിൽപ്പോയി മടങ്ങി വരികയായിരുന്നു.വീട്ടിലെത്തിയപ്പോൾ സുമ ഒരു കവറും ഒരു പേപ്പറുമായി സിറ്റൌട്ടിൽ കലിതുള്ളി നിൽക്കുന്നു.

“ആരാണീപ്പെണ്ണ്.ആരാണീ ഫോട്ടോ ഇവിടെക്കൊണ്ടിട്ടുപോയത്.നിങ്ങളുടെ കാറിൽ മുൻസീറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുത്ത് ഇവിടെ കൊണ്ടിട്ടു പോയതാരാണ്.അവളുമായി നിങ്ങൾക്കെന്താണു ബന്ധം.എനിക്കിപ്പോ അറിയണം.”

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പഴയ ഒരു മോഹൻലാൽ സിനിമ യിൽ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻ്റെ വാക്കുകളെ അനുസ്മരിപ്പിക്കുമാറുള്ള ഭാര്യയുടെ മട്ടും ഭാവവും വാക്കുകളും കേട്ട് സദാനന്ദൻ ഞെട്ടി.

“താൻ ഒന്നടങ്ങെടോ.എന്താണ് കാര്യമെന്നു പറയ്.അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യില്ലെന്നു തനിക്കറിയാമല്ലോ.”

“അങ്ങിനെയൊക്കെയായിരുന്നുവെന്നത് എന്നത് എൻ്റെ തോന്നതായിരുന്നു.ദൈവമായിട്ടാണീ ഫോട്ടോ ഇവിടെ ക്കോണ്ടിട്ടിട്ടുപോയത് അല്ലെങ്കിൽ നിങ്ങളുടെ തനിനിറം പുറത്തറിയാതെ പോകുമായിരുന്നല്ലോ”.അവൾ വീണ്ടും കലികയറിയതുപോലെ വിറച്ചുകൊണ്ടു പറഞ്ഞു.

“എവിടെ ഞാനൊന്നു നോക്കട്ടെ.എന്നിട്ടു വാസ്തവം എന്തെന്നു പറയാം”.

സദാനന്ദൻ കെഞ്ചിപ്പറഞ്ഞു.

“ഇല്ല തരുന്നില്ല.ഇതിനൊരു പരിഹാരം ഞാനിന്നുണ്ടാക്കും.എനിക്കും ചോദിക്കാനും പറയാനും ഈ പ്രായത്തിലും ആളുണ്ട്.”

“എടോ താനോന്നടങ്ങ്.ഏതോ ദുഷ്ടൻ നമ്മളെത്തമ്മിൽ തെറ്റിക്കാൻ ഫേക്ക് ഫോട്ടോ ഉണ്ടാക്കി ഇവിടെ ഇട്ടേച്ചു പോയതാവും.അല്ലെങ്കിലും നമ്മൾ തമ്മിലുള്ള സ്നേഹബന്ധത്തിൽ അസൂയയുള്ള അയൽക്കാർ ചിലരുണ്ട്.അവരുടെ പണിയായിരിക്കും.”

ഭാര്യയെ ഒന്നു ബൂസ്റ്റ് ചെയ്യാനും ദ്യേഷ്യം പ്രേമമായി മാറുമെന്നുള്ള അന്ധവിശ്വാസത്തോടും ഒന്നു പൊക്കിക്കൊടുത്തു സദാനന്ദൻ.

“ഇന്നാ.ഇനികണ്ടില്ലെന്നു വേണ്ട”

.അയാൾ ഉദ്ദേശിച്ചപോലെ അവൾ ഒന്നടങ്ങി.

അയാൾ കവറെടുത്തു നോക്കി.മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള അറിയിപ്പ് നോട്ടീസാണ്.അതവളുടെ പേർക്കാണ് ആ ഔദ്യോഗിക കത്ത്.

അയാൾ ആദ്യം ഓർത്തു.മാരുതി ഓൾട്ടോ കാർ അവളുടെ പേരിലാണല്ലോ എടുത്തത്.വല്ല ഓവർ സ്പീഡിനു ചാർജ് ചെയ്തു കാണും.കത്ത് തുറന്നു വായിച്ചു.

കേരള മോട്ടോർവാഹന വകുപ്പിൻ്റെ ഓട്ടേമേറ്റഡ് എൻഫോഴ്സ്മെൻ് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ മുഖേന റക്കോർഡ് ചെയ്ത ചിത്രങ്ങളിൽ നിന്നും താങ്കളുടെ വാഹനത്തിൻ്റെ ഡ്രൈവർ താഴെ പറയുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങൾ ചെയ്തതായി തെളിഞ്ഞിരിക്കുന്നു.ആയതിന് 1988ലെ മോട്ടർ വാഹനനിയമം 2019 ലെ ഭേദഗതി പ്രകാരം ശിക്ഷാർഹമാണ്.

It is  evident from the visuals recorded in the Automated Enforcement system installed by the Kerala Motor Vehicle Department that the Driver of your vehicle has committed the below said traffic violations which is punishable under the Motor  Vehicle Act 1988(Amended in 2019)

Traffic Offence:-

Driver carrying passengers not wearing seat belt (Passenger seat belt)

Sec 194B(1)

Fine Rs.500/-

തെളിവിലേക്കായി കാണിച്ചിരിക്കുന്ന കാറിൻ്റെ മൂന്നു ചിത്രങ്ങളിൽ ഒന്നിൽ ഡ്രൈവറായ സദാനന്ദനും അതേസീറ്റിൽ സീറ്റ് ബെൽട്ട് ഇടാതെ പഴയ സഹപ്രവർത്തകയായ ഷെറിനും.

സദാനന്ദൻ ഓർത്തു.രണ്ട് മൂന്നു മാസം മുൻപ് (നോട്ടീസിൽ തീയതിയും സമയവും പറയുന്നുണ്ട്)താൻ ഒറ്റക്ക് ചെറായിയിൽ നിന്നും പറവൂർക്കു മടങ്ങി വരുമ്പോൾ ഷെറിൻ എസ്.എം.ഹൈസ്കൂളിനു മുന്നിൽ നിൽക്കുന്നു. കാർ നിറുത്തി ചോദിച്ചു.

“ഷെറിൻ എന്താ ഇവിടെ.”

“പള്ളിപ്പുറം ബാങ്കിൽ പരിശോധനക്കു വന്നതാണ്.ജോയിൻ്റ രജിസ്ട്രാർ പറവൂരിൽ നിന്നും വിളിച്ചിരുന്നു.അവിടെ എത്തണമെന്നും പറഞ്ഞ്.അതുകൊണ്ട് ഓഫീസിൽ എത്തണം.”

ഷെറിൻ പറഞ്ഞു  

“അതിനെന്താ കയറിക്കൊള്ളൂ ഞാൻ വീട്ടിലേക്കാണ്.മൂകാമ്പി ജംഗ്ഷനിൽ ഇറങ്ങാം”.

“താങ്ക്യൂ സാർ.”

അവൾ പറഞ്ഞുകൊണ്ട് ഫ്രണ്ടു സീറ്റൽ കയറി ഇരിപ്പായി.അതു തനിക്കത്ര പിടിച്ചില്ല.

“പുറകിൽ ഇരുന്ന് സാറിനെ ഡ്രൈവറാക്കാൻ തോന്നിയില്ല.അതാ ഞാൻ”.അവൾ അർത്ഥോക്തിയിൽ നിറുത്തി.

“ഏയ് കുഴപ്പമില്ല.ആ സീറ്റ് ബെൽട്ടിട്ടോളൂ.”

പിന്നീട് പറവൂരിൽ എത്തും വരെ ഡിപ്പാർട്ടുമെൻ്റിലെ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു.സ്ഥലമെത്തിയപ്പോൾ ഷെറിൻ നന്ദിയും പറഞ്ഞ് ഇറങ്ങിപ്പോയി.

സദാനന്ദൻ ആ ഫോട്ടോകളിലേക്ക് വീണ്ടും വീണ്ടും കണ്ണുകളോടിച്ചു.ഇവൾ സീറ്റ് ബെൽട്ട് ഇട്ടില്ലേ.ഞാൻ അവളോട് പറഞ്ഞതാണല്ലോ.പഴയ മാരുതി ഓൾട്ടോ ആയതിനാൽ ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവർ അറിയില്ല.സിഗ്നൽ സൌണ്ട് പുറപ്പെടുവിക്കുകയുമില്ല.

താൻ പെട്ടു എന്നയാൾക്കു മനസ്സിലായി.അയാൾ പറഞ്ഞു.

“എടോ ഇത് ഓഫീസിലെ ഷെറിൻ.താനറിയില്ലേ.ഒരു ദിവസം ചെറായിയിൽ നിന്നും വരുമ്പോൾ ഷെറിൻ എൻ്റെ കാറിനു കൈ കാണിച്ചു.ഞാൻ എന്താണെന്നറിയാൻ കാർ നിറുത്തി.അപ്പോൾ പറവൂർക്കാണെങ്കിൽ ഞാനുമുണ്ടെന്നവൾ പറഞ്ഞു.”

സദാനന്ദൻ പീലാത്തോസിനെപ്പോലെ കൈകഴുകി.

“പിന്നെ. നാട്ടിലുള്ള പെണ്ണുങ്ങളൊക്കെ നിങ്ങളുടെ കാറു കാണുമ്പോഴേക്കും പിടച്ചു കയറുന്നതെന്തിനാ.ഒരു കാലത്തു നിങ്ങളുടെ കാറു വരുന്നതും കാത്തു നിൽക്കും കാക്കനാട്ടു പോകുവാൻ ഒരുത്തി.തൃശ്ശൂരിൽ അമ്പിളിയുടെ വീട്ടിൽ പോയി വരുമ്പോൾ ഇരിങ്ങാലക്കുടയിൽ പള്ളിയിൽ പോകുന്ന മദ്ധ്യവയസ്കരായ പെണ്ണുങ്ങളൊയെക്കെ കാറിൽ വലിച്ചു കയറ്റും.നാട്ടിലൊക്കെ എത്രയോപേർക്കു കാറുകളുണ്ട്.അതിലൊന്നും അന്യ പെണ്ണുങ്ങൾ കയറുന്നില്ലല്ലോ.വേണ്ട ഇനി ഈ കാറു വീട്ടിൽ കിടക്കട്ടെ.താക്കോൽ ഞാനെടുത്തു പെട്ടിയിൽ വെച്ചു പൂട്ടാൻ പോകുകയാ.ഇനി ബസ്സിൽ പോയാൽ മതി.”

സുമയുടെ ദ്യേഷ്യം ഇരട്ടിച്ചു.

ദൈവമേ ഇതുപോലൊരു ഗതികേട് ആർക്കും വരുത്തല്ലേ.ഈ എ.ഐ.ക്യാമറയെന്ന കുന്ത്രാണ്ടം കണ്ടുപിടിച്ചവനെ തൻ്റെ കയ്യിൽ കിട്ടിയാൽ പച്ചമടൽ വെട്ടി അടിക്കണം.വെറുതെയല്ല പ്രതിപക്ഷനേതാവും പത്രപ്രവർത്തകരുമൊക്കെ നിരന്തരം ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ ഭാര്യമാരും സുമയുടെ കാറ്റിഗറിയിലുള്ളവരായിരിക്കും.

ആദ്യമായി കാറുവാങ്ങാൻ നല്ല സമയം നോക്കാൻ ജ്യോത്സ്യൻ്റെ അടുത്തു പോയപ്പോൾ ജാതകവും കൊണ്ടുപോയതാണ് മണ്ടത്തരാമായത്.ഒരു കാരണവശാലും തൻ്റെപേരിൽ വാഹനം വാങ്ങരുതെന്നും  അവളുടെ ജാതകമാണ് വാഹനം വാങ്ങാൻ ഉത്തമമെന്നും പറഞ്ഞ ജ്യോത്സ്യനെയും നെറുകിൻ തലനോക്കി അടിക്കാനുള്ള മാനസികാവസ്ഥയിലായി സദാനന്ദൻ.

              -ശുഭം-അവിഗ്നവസ്തു.-

കുറിപ്പ്: ഈ കഥ വിനോദത്തിനു മാത്രം എഴുതിയത്.ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയെങ്കിലും ഇതിലെ കഥാപാത്രങ്ങൾ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ അതു യാദൃച്ഛികം മാത്രമാണ്.

ജീവപര്യന്തം

ചെറുകഥ- വിദ്യ മറ്റപ്പിള്ളി.

അവൻ എയർപോർട്ടിലൂടെയുള്ള എളുപ്പവഴിയിലൂടെ കാർ ഓടിച്ചുകൊ ണ്ടിരുന്നു മനസ്സും ഹൃദയവും .സന്തോഷത്തിൻ്റേയും ഒപ്പം കുറ്റബോധ ത്തിൻ്റേയും കാൻവാസുകളിൽ മാറിമാറി പ്രതിഫലിക്കുന്നുണ്ടെന്നവൻ അറിഞ്ഞു.ചിര പരിചിതമായ തൻ്റെ സ്വന്തം ഇഷ്ടറൂട്ടായ എയർപ്പോർട്ട് റോഡിലൂടെ പോകുമ്പോൾ ഇന്ന് ഇരുവശങ്ങളിലുമുള്ള കാഴ്ച്ചകൾ പുതുമയുള്ളതായി അനുഭവപ്പെട്ടു.

     ഒരു നിമിഷനേരത്തെ ആലോചനയില്ലാത്ത തൻ്റെ പ്രവർത്തിക്ക് എത്ര വർഷമായി മനസ്സിൻ്റെ കോണിൽ വേദനയുടെ ലേസർ രശ്മി പൊള്ളലേൽ പ്പിച്ചുകൊണ്ടിരിക്കുന്നു.നീണ്ട പതിനഞ്ചു വർഷമായി അതിന്നും തുടരുന്നു.ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിക്കുപോലും ഇത്രയധികം കാരാഗൃഹവാസമില്ല.തനിക്കോ?

     അത്താണി ജംഗ്ഷനിലെ ചുവപ്പു സിഗ്നൽ തെളിഞ്ഞിരിക്കുന്നു.തൻ്റെ ജീവിതം പോലെ.

സിഗ്നൽ കാത്തു കിടക്കുന്ന നിമിഷം പഴയ കാലത്തേക്കവൻ്റെ മനസ്സ് ഓട്ടപ്രദക്ഷിണം നടത്തി.

ലവൻ എന്ന തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനും താനും ശരീരം വേർപെട്ട സായാമീസ് ഇരട്ടകൾ.നാട്ടുകാർ ലവകുശന്മാർ എന്ന ഇരട്ടപ്പേരിൽ വിളിക്കുന്നവർ.എന്തു കാര്യത്തിനും രണ്ടു പേർക്കും പരസ്പരം മറ്റെയാൾ കൂടെ വേണം.ആ സൌഹൃദം ചെറുപ്പത്തിലേ തുടങ്ങിയതാണ്.രണ്ടു കുടുംബ ങ്ങളും അത്രക്ക് സ്നേഹത്തോടെ കഴിഞ്ഞതല്ലേ.

     തൻ്റെ ജീവിതാഭിലാഷമായിരുന്ന എഞ്ചിനീയർ പദവിയുടെ ചവിട്ടു പടി കയറാൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ മാത്രമാണ് അകന്നു നിന്നത്. പിന്നീട് അതു കഴിഞ്ഞ് താൻ യു.എസ്സിലേക്ക് പോയപ്പോഴും.

 ലവൻ്റെ വിവാഹത്തിന് പോലും തനിക്കു വരാനൊത്തില്ല.ഫോണിലൂടെ തൻ്റെ നിസ്സഹായാവസ്ഥ അവനെപ്പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കൃസ്ത്യാനിയായ ഷീല ഗൾഫിൽ നഴ്സ് ആയിരുന്നു.ലവൻ ബികോം കഴിഞ്ഞ് ഗൾഫിൽ പോയി അവിടെ വച്ച് പരിചയപ്പെട്ടതാണ് രണ്ടു പേരും.ഷീലയുടെ വീട്ടകാരുടെ എതിർപ്പിനെ അവഗണിച്ച് അവർ വിവാഹിതരായി.താൻ നാട്ടിലുണ്ടായിരുന്നെങ്കിൽ എല്ലാക്കാര്യത്തിനും ചുക്കാൻ പിടിക്കുന്നതു താനായിരിക്കുമായിരുന്നു.അവൻ്റെ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ആയതിൽപ്പിന്നെയായിരുന്നു തൻ്റെ യു.എസ്സിൽ നിന്നുമുളള തിരിച്ചുവരവ്.വീട്ടിൽ വിള്ച്ചപ്പോൾ പറഞ്ഞിരുന്നു, തൻ്റെ ബാഗേജ് എല്ലാം ഡ്രൈവർ വീട്ടിൽത്തരും. താൻ ഒരു ദിവസം ലവൻ്റേയും കുടുംബത്തിൻ്റേയും കൂടെക്കഴിഞ്ഞ് അടുത്തദിവസമേ വീട്ടിൽ വരൂ എന്ന്.അച്ഛനും അമ്മക്കും അറിയാം താനങ്ങിനേയേ ചെയ്യൂവെന്ന് അവർക്കതിൽ പരിഭവമില്ല.ഒരു കാര്യത്തിലൊഴിച്ച്. പഠനവും അമേരിക്കയിലെ നീണ്ടകാലത്തെ ജോലിയും കാരണം വിവാഹം അനന്തമായി നീളുന്നതിൽ.

   താൻ വിദേശത്തേക്കു പോകും മുൻപു തന്നെ നയം വ്യക്തമാക്കിയിരുന്നു.കുറെ പണം സമ്പാദിക്കണം.അതു കഴിഞ്ഞ് നാട്ടിൽ ഒരു ജോലിയുമായി കൂടുമ്പാൾ മാത്രം വിവാഹം.വയസ്സ് 32 കഴിഞ്ഞു.പറഞ്ഞതുപോലെതന്നെ യു.എസ്സിലായിരിക്കുമ്പോൾ ത്തന്നെ ടെലഫോണിക്ക് ഇൻ്റർവ്യൂ പലവട്ടം കഴിഞ്ഞ് തൻ്റെ ഇഷ്ടം പോലെയുള്ള ഒരു ജോലി നാട്ടിൽ ലഭിച്ചിരിക്കുന്നു.ഇനി അമ്മയോട് ധൈര്യമായിപ്പറയാം അമ്മക്കിഷ്ടമുള്ള ആരെവേണമെങ്കിലും കണ്ടു വച്ചോളൂ.അതി മോഹങ്ങളൊന്നുമില്ല.തന്നെ മനസ്സിലാക്കുന്ന, വിദ്യാഭ്യാസമുള്ള ഒരു കുട്ടി.

     ആ യാത്രയുടെ മടക്കത്തിൽ ലവൻ്റെ വീടിനുമുൻപിൽ കാർ നിറുത്തി.ചെറിയ കാബിൻബാഗുമാത്രം കയ്യിൽ വച്ചു.ഡ്രൈവറെ വീട്ടിലേക്കും പറഞ്ഞയച്ചു.

     ലവനും ഷീലയും കുട്ടികളും സിറ്റൌട്ടിനു മുൻപിൽ ത്തന്നെ നിൽ്ക്കുന്നുണ്ടായിരുന്നു.പരസ്പരം ഒരാലിംഗനത്തിൽ ലവൻ്റെ പരിഭവമെല്ലാം പോയി മറഞ്ഞതായി തനിക്കു തോന്നി.

     ഷീലയോട് കൈകൂപ്പിക്കൊണ്ടു ചോദിച്ചു.

“പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലേ.ഞാൻ നന്ദകുമാർ.നന്ദനെന്നു വിളിപ്പേര്.ഇവനെന്നെ നത്തു എന്നു വിളിക്കും.”

ഷീല ചിരിച്ചുകൊണ്ടു പറഞ്ഞു

“ലവൻ ഇവിടെ പറയാത്ത ദിവസമൊന്നുമില്ലല്ലോ.നേരിട്ടു കണ്ടിട്ടില്ലെ ങ്കിലും.”

കുട്ടികളെ പരിചയപ്പെട്ടൂ.മൂത്തവൻ ഉമേഷ്.ഇളയത് പെൺകുട്ടി.മൂന്നു മൂനര വയസ്സായിക്കാണും .പേര് ലക്ഷ്മി.

കുറെ നാളത്തെ വിശേഷങ്ങളെല്ലാം പരസ്പരം പങ്കു വെച്ചു.കുട്ടിക ൾക്കായി കരുതിയിരുന്ന കളിപ്പാട്ടങ്ങളും മിഠായിയും ഓരോരുത്തർക്കും നൽകി.പർച്ചേസിനു വേണ്ടി മാത്രമാണ് ദുബായ് വഴിയുള്ള ഫ്ളൈറ്റ് ആക്കിയത്.അച്ഛനും അമ്മയും ഗൾഫ്കാരായതിനാൽ കളിപ്പാട്ടങ്ങ ളിലൊന്നും അത്ര താൽപ്പര്യം കാണില്ലെങ്കിലും അവർ തനിക്ക് നന്ദി പറഞ്ഞു.തന്നോടു സംസാരിക്കുന്നതിൽ ലക്ഷ്മി കൂടുതൽ താൽപ്പര്യം കാട്ടി അച്ഛൻ്റെ പെറ്റ് ആണത്രേ.

കുളി കഴിഞ്ഞു. ഭക്ഷണം തയ്യാറായതായി സംസാരത്തിലേർപ്പെട്ടിരിക്കുന്ന ഞങ്ങളെ ഷീല വന്നു വിളിച്ചു.അൽപ്പം കഴിയട്ടെ എന്നു താനും പറഞ്ഞു.താൻ ലവനോടു ചോദിച്ചു.

“ഷീല എങ്ങിനെയാണെടാ,ഒന്നു രണ്ടു പെഗ്ഗ് കഴിക്കുന്നതിന് പ്രശ്നം വല്ലതുമുണ്ടാക്കുമോ?”

“ഏയ് കുഴപ്പമൊന്നുമില്ല.ഔട്ടിംഗിനു പോകുന്ന ദിവസങ്ങളിൽ ഏതെങ്കിലും ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക.അപ്പോൾ ഞാൻ കഴിക്കാറുണ്ട്.കൂടുതലായാൽ നിയന്ത്രണം വരുമെന്നേയുള്ളൂ”

“ഓ ഭാഗ്യം”.താൻ പറഞ്ഞു.

താൻ ബാഗ് തുറന്ന് എയർപ്പോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ളാക്ക് ഡോഗിൻ്റെ ഒരു കുപ്പി പുറത്തെടുത്തു.ഷീലയെ വിളിച്ച് രണ്ടു  ഗ്ളാസും അൽപ്പം എരുവുള്ള എന്തെങ്കിലും ഇനവും എ’ടുത്തു വെയ്ക്കാൻ ലവൻ വിളിച്ചു പറഞ്ഞു.പിന്നെ രണ്ടു മണിക്കൂറോളം ലാത്തി.ഇടക്ക് ഷീലവന്നു നോക്കുന്നുണ്ടായിരുന്നു.

“ഭക്ഷണം റെഡിയായിട്ടുണ്ട്.മണിയെത്രയായെന്ന് രണ്ടുപേർക്കും വല്ലവിവ രവുമുണ്ടോ?” ഷീല പറഞ്ഞു.

“എത്ര നാളു കഴിഞ്ഞുള്ള കൂടിച്ചേരലാണെന്നറിയുമോ ഷീലേ.ഞങ്ങൾ അതൊന്നാസ്വദിച്ചോട്ടെ.”

താൻ തുടർന്നു.”.ഷീലക്കറിയാമോ?, ഇവൻ പറഞ്ഞ അറിവല്ലേയുള്ളൂ.ഞ ങ്ങൾ രണ്ടു പേരും കൂടെ ചെയ്യാത്ത തെണ്ടിത്തരങ്ങളൊന്നുമില്ല.ഞങ്ങൾ പരിചയപ്പെട്ടതു തന്നെ എതിരാളികളായിട്ടാണ്.കശുവണ്ടികൊണ്ടുള്ള കുഴിയണ്ടി മത്സരത്തിലൂടെ”

കേൾക്കാൻ ഷീലയെക്കൂടെ കിട്ടിയതോടെ മദ്യത്തിൻ്റെ ഇഫക്ട് തൻ്റെ തലക്കു പിടിച്ചു കഴിഞ്ഞിരുന്നു.താൻ വാചാലനായി..

പറഞ്ഞു പറഞ്ഞു കളി കാര്യമായി.താൻ ഇന്നും ഒരു ഞെട്ടലോടെ മാത്രം ഓർക്കാൻ ശ്രമിക്കുന്ന ഒരധ്യായം.

താൻ പറഞ്ഞു.

“ഷീലയോട് ഇവൻ പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല,ഞങ്ങൾ ആദ്യമായി വ്യഭിചരിക്കുവാൻ പോയ കഥ.പേരൂർ താണ്ടയുടെ അടുത്ത്. ഇവൻ ആദ്യമായിട്ടായിരുന്നു.ഇവൻ പേടിച്ചു വിറച്ചാണ് ചെന്നത്. താണ്ടയെക്കണ്ടതും ഇവൻ ഇറങ്ങിയൊരോട്ടം.വീട്ടിൽ ചെന്നാണ് ഓട്ടം അവസാനിച്ചത്.”

അതു പറഞ്ഞു താൻ പൊട്ടിച്ചിരിച്ചു.

ലവൻ അന്നേരം തൻ്റെ തോളിൽത്തട്ടിക്കൊണ്ട്പരിഭ്രമത്തോടെ പറഞ്ഞു.

“നീയെന്താടാ ഈ പറയുന്നത്.നിനക്കു വെള്ളം അകത്തു ചെന്നാൽ എന്തൊക്കയാണ് പറയുന്നതും കാട്ടിക്കൂട്ടുന്നതും എന്നറിയാമോ.പണ്ട് നീ അമേരിക്കക്കു പോകുന്നത് ആഘോഷിക്കാൻ പോയി ബസ്സിനു മടങ്ങുമ്പോൾ ബസ്സിൽ മുൻ സിറ്റിലിരിക്കുന്ന കഷണ്ടിക്കാരനെക്കണ്ട് അയാളുടെ തലക്കിട്ട് ഞാനൊന്ന് അടിക്കട്ടെ എന്നെന്നോട് ചോദിച്ച് എനിക്കു തടുക്കാൻ കഴിയും മുമ്പ് അടി കഴിഞ്ഞതും അവസാനം അയാളോട് കാലു പിടിച്ച് മാപ്പു പറഞ്ഞതും ഓർമ്മയുണ്ടാവുമല്ലോ? അല്ലേ.അതു പോലെ നീ ഈ പറയഞ്ഞതു കേട്ട് ഷീല ശരിയാണെന്നു ധരിക്കും.”

ലവൻ പറഞ്ഞതു പോലെ സംഭവിച്ചു.ഷീലയുടെ മുഖം കനത്തു.അവൾ ലവനെ പിടിച്ചു വലിച്ചുകൊണ്ട് തീൻമേശക്കരിലേക്കു കൊണ്ടുപോയി ഇരുത്തി.എന്നിട്ടു പറഞ്ഞു.

“വേണമെങ്കിൽ കൂട്ടുകാരനെ വിളിച്ചിരുത്തി സൽക്കരിക്ക് വിളമ്പിത്തരാൻ ഞാനില്ല.ഞാനും കുട്ടി കളും കിടക്കാൻ പോവുകയാണ്.”

“നീയൊന്നും കഴിച്ചില്ലേ”.

“എനിക്കു വയറു നിറഞ്ഞു”

മദ്യത്തിനു പുറത്തായിരുന്നെങ്കിലും എല്ലാം താൻ മനസ്സിലാക്കുകയാ യിരുന്നു.ഇടിവെട്ടേറ്റതുപോലെ താൻ നിന്നു.ഊണു കഴിക്കാൻ ചെന്നിരുന്നു.ഒന്നും കഴിക്കാൻ തോന്നാതെ എഴുന്നേറ്റു പോയി.

“ക്ഷമിക്കെടാ എന്നോട്.അവളോടും പറയ്.ഞാൻ വീട്ടിലേക്ക് ചെല്ലട്ടേ.അമ്മ കാത്തിരിക്കും.എനിക്കു വിഷമമൊന്നുമില്ല.തെറ്റ് എൻ്റേതുമാത്രം.”

താൻ നടന്നു വീട്ടിലേക്കു പോയി.

************************************

പുറകിൽ മറ്റു വാഹനങ്ങളുടെ ഹോൺ അടികേട്ടപ്പോൾ നന്ദന് സ്ഥലകാല ബോധം തിരികെ വന്നു.പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു.ഇടതു തിരിഞ്ഞ് അതിവേഗം അവൻ കാർ വിട്ടു.മുന്നു മിനിട്ടിനകം എയർപോർട്ടിലെത്തി.കാർ പാർക്കിംഗിലിട്ടു.ഇൻറർനാഷണൽ അറൈവ ലിൽ ഇരിപ്പുറപ്പിച്ചു.ദുബൈ ഫ്ളൈറ്റിൻ്റെ സ്ഥിതി ടി.വിയിൽ നോക്കി.”ഫ്ളൈറ്റ് കൺഫേംഡ്”.അൽപ്പം കഴിഞ്ഞ് സ്ക്രോൾ ചെയ്തു കൊണ്ടിരുന്ന സ്ക്രീനിൽ തെളിഞ്ഞു.ദുബൈ “ഫ്ളൈറ്റ് അറൈവ്ഡ്.”

ഓരോ യാത്രക്കാരനും ബാഗും വലിച്ചുകൊണ്ട് ഇറങ്ങുമ്പോഴും ആകാംഷയോടെ നോക്കി നിന്നു.ഒടുവിൽ ലവനും കുട്ടികളും നടന്നു വരുന്നു.കുട്ടികൾ വലുതായിരിക്കുന്നു.മകൻ ലവനേക്കാൾ പൊക്കം വച്ചിരിക്കുന്നു.ലക്ഷ്മിയെക്കണ്ടാൽ അമ്മ തന്നെ.

പക്ഷേ ഷീലയെവിടെ.അവളെക്കാണുന്നില്ലല്ലോ.

മക്കൾ രണ്ടുപേരും ഓടി വന്നു.ഉമേഷ് അങ്കിൾ എന്നുപറഞ്ഞു കെട്ടിപ്പിടിച്ചു.ലക്ഷ്മിയിും അരികെ വന്നു മുട്ടി നിന്നു.

“സോറി നന്ദാ ഷീല വന്നില്ല.ലീവ് കിട്ടിയില്ല.ഒരുപക്ഷേ ഞങ്ങൾ പോകും മുമ്പ് വന്നേക്കും.ഇവരുടെ വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോയാലും ഞങ്ങൾ തരികെ വരും.ഇനി രണ്ടു പേരേയും നാട്ടിലാണ് പഠിപ്പിക്കുക.”

നന്ദൻ ഒന്നും മിണ്ടിയില്ല.നന്ദൻ്റെ കാറിലാണ് അവർ  വീട്ടിലേക്ക് പോയത്.

ലവനോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്കു പോയി.

വീട്ടിൽ ജീജ കാത്തിരിക്കുന്നുണ്ടായിരുന്നു.മക്കൾ രണ്ടു പേരും പഠനത്തി ലാണ്.ജീജ ടീച്ചറാണ്.മക്കൾ രണ്ടു  പേരും ജീജയുടെ സ്കൂളിൽത്തന്നെ.

താൻ ലവനേയും കുടുംബത്തിലേയും എയർപ്പോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ പോകുമെന്ന് അവളോടു പറഞ്ഞിരുന്നു.

നന്ദൻ്റെ മുഖം വാടിയിരിക്കുന്നുവെന്ന് ജീജക്കു മനസ്സിലായി.

തൻ്റേയും ഷീലയുടേയും ഇടക്കുള്ള പ്രശ്നങ്ങൾ ഒന്നും നന്ദൻ ഭാര്യയോടു പറഞ്ഞിട്ടില്ലായിരുന്നു. അതവളോടു പറഞ്ഞ് രണ്ടാമതൊരു ഷോക്ക് താങ്ങാൻ തന്നെക്കൊണ്ടാവില്ല എന്നവനറിയാമായിരുന്നു.

ജീജയും പലവട്ടം ചിന്തിച്ചിട്ടുണ്ട്

നന്ദനും ലവനും ഇത്ര അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും തന്നെ വിവാഹം കഴിച്ചു കൊണ്ടു വന്നതിനുശേഷം ഇരു കുടുംബങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലാത്ത പോലെയാണ് കഴിയുന്നത്.തന്നെ ഒന്ന് സുഹൃത്തിൻ്റെ വീട്ടിൽ പോകവാനോ,ലവൻ്റെ ഭാര്യ ഷീലയുമായി സംസാ രിക്കുവാനോ നന്ദേട്ടൻ അനുവദിച്ചിരുന്നില്ല.താൻ തന്റെ അഭിപ്രായം പലപ്പോഴും നന്ദേട്ടനോട് പറഞ്ഞിട്ടുണ്ട്.പക്ഷേ ഏട്ടനൊന്നും തുറന്നു പറയാറില്ല.പഴയ അടുപ്പമൊന്നും ഇപ്പോഴില്ല എന്നു മാത്രം പറഞ്ഞ് കാര്യം അവസാനിപ്പിക്കും.ഇപ്പോഴിതാ പോയി വന്നപ്പോൾ എന്തോ വിഷമവും മുഖത്തു കാണുന്നു.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ലവനും കുടുംബവുമായുള്ള തൻ്റെ അകൽച്ചയുടെ കാരണം വിശദമായിത്തന്നെ ഭാര്യയോടു പറഞ്ഞു.മദ്യത്തിൻ്റെ ലഹരിയിൽ വെറുതെ പറഞ്ഞ ഒരു കഥ,നുണക്കഥ.

നന്ദൻ ഓർത്തു ജീജക്കു തന്നെ മനസ്സിലാകും.പക്ഷേ ഷീലക്ക് ഇനിയും പറ്റിയിട്ടില്ല.അതാണല്ലോ ലീവ് കിട്ടിയില്ല എന്നകാരണം പറഞ്ഞ് കണ്ടു മുട്ടൽ ഒഴിവാക്കിക്കളഞ്ഞത്.

“നന്ദേട്ടൻ മദ്യപിക്കുമെന്നോ.ഇതു വരെ അങ്ങിനെ ഉണ്ടായിട്ടില്ലല്ലോ”.ജീജ പറഞ്ഞു.

“ഇല്ല,അന്നത്തെ സംഭവത്തിനു ശേഷം ഞാൻ ഇനിഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നു പ്രതിജ്ഞ എടുത്തിരുന്നു.അത് ഇന്നും ഇനി ജീവിതാവസാനം വരെയും അങ്ങിനെ തന്നെയായിരിക്കും.”

ജീജ നന്ദനെ സമാധാനിപ്പിച്ചു.”പോകട്ടേ ഏട്ടാ.ഞാനില്ലേ കൂടെ.നമ്മൾ,നമ്മുടെ കുടുംബം,കുട്ടികളുടെ വിദ്യാഭ്യാസം,അവരുടെ ജീവിതം കരുപ്പിടിപ്പിക്കൽ അതു ലക്ഷ്യമിട്ട് നമുക്കു മുന്നോട്ട് പോകാം.മറ്റൊന്നും നമുക്കു പ്രശ്നമല്ല.”

വളരെ വൈകിയാണ് അന്ന് രണ്ടു പേർക്കും ഉറക്കം വന്നത്.

                       ************

ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് അൽപ്പം മയങ്ങാൻ കിടന്നതാണ് നന്ദൻ.ജീജ അടുത്തദിവസത്തേക്കുള്ള ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നു.ആ സമയം നന്ദൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു വിദേശ കോൾ.നമ്പർ കണ്ടിട്ട് ഗൾഫിൽ നിന്നാണെന്നു തോന്നി.ഒരു സംശയത്തോടെ അവൻ ഫോൺ അറ്റൻ്റ് ചെയ്തു.

“ഹലൊ നന്ദൻ സ്പീക്കിംഗ്.”

“ഓ, വലിയ ഗമയൊന്നും വേണ്ട.”ഒരു സ്ത്രീശബ്ദം.

നന്ദൻ ഒന്നു ഞെട്ടി.ആരിത്.

“അധികം ടെൻഷൻ അടിപ്പിക്കുന്നില്ല.ഞാൻ ഷീല ലവൻ ഫ്രം ദുബൈ”.

നന്ദൻ വീണ്ടും ഞെട്ടി.

“നന്ദേട്ടൻ ക്ഷമിക്കണം.എനിക്ക് ശരിക്കും ലീവ് കിട്ടാത്തതുകൊണ്ടു തന്നെയാണ് വരാൻ കഴിയാതിരുന്നത്.തീർച്ചയായും ലവേട്ടൻ്റേയും കുട്ടികളുടേയും കൂടെ നാട്ടിൽ വരണമെന്നും പതിനഞ്ചു വർഷത്തെ ശിക്ഷാ കാലാവുധി കഴിഞ്ഞെന്നും നേരിട്ടു പറയണമെന്നും കരുതിത്തന്നെയാണ് ഞാനും വരുന്നുണ്ടെന്ന് ലവേട്ടനോട് പറഞ്ഞത്.എയർപ്പോർട്ടിൽ നിന്നും വിഷമിച്ചാണ് വീട്ടിലേക്കു മടങ്ങിയത് എന്നും ലവേട്ടൻ പറഞ്ഞു.അയാം വെരി വെരി സോറി.”

“നന്ദേട്ടൻ എന്നെ ഒരു ഭീകരജീവിയായിട്ടായിരിക്കും.മനസ്സിൽ ധരിച്ചു വെച്ചിരിക്കുക.എന്നാൽ അങ്ങിനെയൊന്നുമല്ല.നന്ദേട്ടനെക്കുറിച്ച് എന്നോട് ലവേട്ടൻ ഞങ്ങളുടെ ആദ്യരാത്രിയിൽത്തന്നെ എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്.എങ്കിലും പെട്ടെന്ന് അങ്ങിനെയൊരു സംഭാഷണം കേട്ടപ്പോൾ എനിക്ക് പ്രയാസം ഉണ്ടാക്കി എന്നത് ശരിയാണ്.ഇല്ലാത്ത കഥയുണ്ടാക്കിപ്പറയുന്നതാണെന്നും എനിക്കു തോന്നിയിരുന്നു.അന്ന് ഞാൻ തയ്യാറാക്കി വച്ച ഭക്ഷണം കഴിക്കാതെ പോയപ്പോൾ അടുത്ത ദിവസം വീട്ടിൽ വന്ന് മാപ്പു ചോദിക്കുവാൻ ഞാൻ തീരുമാനിക്കുകയും ലവനോട് പറയുകയും ചെയ്തതാണ്.പക്ഷേ ലവേട്ടൻ സമ്മതിച്ചില്ല.അവൻ്റെ ഈ സ്വഭാവം ഒന്നു മാറ്റിയെടുക്കുവാൻ ഇതു തന്നെ അവസരം എന്ന് അദ്ദേഹം പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി.ഇങ്ങിനെ ഒരു സ്വഭാവം വച്ചു കൊണ്ട് വിവാഹജീവിതത്തിലേക്കു പ്രവേശിച്ചാൽ നിങ്ങളുടേത് ഒരു ദു:ഖ പര്യവസായിയായ ഒരു ഫിക്ക്ഷനായിരിക്കുമെന്ന്എനിക്കു തോന്നി.അതു കൊണ്ട് ഈ സംഭവം നന്ദേട്ടന് ഒരു ഷോക്കായിരിക്കണം എന്നും ഞങ്ങൾ കരുതി.ഞങ്ങൾ അഭിനയിക്കുകയായിരുന്നു.നന്ദേട്ടൻ്റെ ഭാര്യയെപ്പറ്റിയും ഞങ്ങൾ വീട്ടിൽ വരുമ്പോൾ നമ്മുടെ രണ്ടു കുടുംബങ്ങളിലേയും ബന്ധക്കളോട് അന്വേഷിക്കുാമായിരുന്നു.ഒരു പാവം കുട്ടിയാണ് ജീജയെന്നും മനസ്സിലായിരുന്നു.അതിനെ കണ്ണീരു കുടിപ്പിക്കുവാൻ നന്ദേട്ടനെ അനുവദിക്കരുതെന്ന് ഞങ്ങൾക്ക് വാശിയുണ്ടായിരുന്നു.അന്നത്തെ സംഭവത്തിനു ശേഷം മദ്യപാന സ്വഭാവം തന്നെ നന്ദേട്ടൻഎന്നന്നത്തേക്കുമായി അവസാനിപ്പിച്ചുവെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.എങ്കിലും എന്തുകൊണ്ടോ ഇക്കാര്യങ്ങൾ ജീജയോടു പറയാൻ ഞങ്ങൾക്കു ഭയമായിരുന്നു.അവൾ അതെങ്ങിനെ എടുക്കുമെന്നും അറിയില്ലായിരുന്നു.അതുകൊണ്ട് നമ്മുടെ കുടുംബ ബന്ധം പഴയ പടിആക്കുന്നതിനുള്ള അവസരം നീണ്ടു നിണ്ടു പോയി.”

ഷീല ഒന്നു നിറുത്തി.

“എയർപ്പോർട്ടിൽ നിന്നും മടങ്ങി വന്ന അന്നുരാത്രി എല്ലാം ഞാൻ അവളോടു തുറന്നു പറഞ്ഞു.ആദ്യമായി.ജീജ നിങ്ങൾ സംശയിച്ചതു പോലെയൊരു പെണ്ണല്ല.എന്നെ മനസ്സിലാക്കുന്ന,മനസ്സിലാക്കിയ ഭാര്യയാണ്.

“ഓ, എനിക്കിപ്പോഴാണ് ശ്വാസം നേരെ വീണത്.ഫോൺ ഒന്നു കൊടുക്കാമോ ഇതുവരെ പരിചയപ്പെടാത്ത എൻ്റെ കൂട്ടുകാരിക്ക്.”

“പിന്നെന്താ”

“നിന്നെ ഒരു കൂട്ടുകാരി വിളിക്കുന്നു.ഇതാഫോൺ.”

“ആരാ സ്കൂളിലെ ടീച്ചർമാരാരെങ്കിലുമാണോ.”

“ങ്ഹാ,ഒരു ടീച്ചറെന്നും പറയാം.”നന്ദൻ ചിരിച്ചുകൊണ്ട് ഫോൺ ജീജക്കു കൊടുത്തു.എന്നിട്ട് വികാരരഹിതമായ മുഖഭാവത്തോടെ പുറത്തേക്കു പോയി.

അവരുടെ സംസാരം ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടു.പത്തു പന്ത്രണ്ട് വർഷത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കേണ്ടേ.അവനോർത്തു.

ഫോൺ സംഭാഷണം കഴിഞ്ഞു വന്ന ജീജ പറഞ്ഞു.

“നമ്മൾ ഷീലയെ എത്ര തെറ്റിധരിച്ചു.നല്ല കുട്ടി.അവൾ നമ്മളെ ദുബായ്ക്ക് വിളിച്ചിട്ടുണ്ട്.ലവേട്ടനും മക്കളും ലീവ് കഴിഞ്ഞ് പോകുമ്പോൾ നമ്മളും ചെല്ലണം,കുട്ടികളുമായി.എയർ ടിക്കറ്റും മറ്റെല്ലാ ചെലവുകളും അവളുടെ വക.”

നന്ദൻ ഒന്നും പറഞ്ഞില്ല,”എല്ലാം നിൻ്റെ ഇഷ്ടം” എന്നു മാത്രം.പറഞ്ഞു.

രാത്രി അവർ ഒറ്റക്കായപ്പോൾ നന്ദൻ ബാക്കി പറഞ്ഞു,

“നമ്മുടെ ജീവിതത്തിലേക്ക് ആരെല്ലാം വന്നാലും  പോയാലും നമുക്ക് നമ്മുടെ ജീവിതം,നമ്മുടെ മക്കൾ അവരുടെ ഭാവി.ആ ജീവിതം ജിവിച്ചു തീർക്കാൻ ദൈവം തന്നതാണ് എനിക്കു നിന്നെ.അത് നിന്നോടൊപ്പം ജീവിച്ചു തീർക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല.,ഒരു ദുബായ് യാത്രയും”.

“ങ്ഹേ, ഇതെൻ്റെ വാക്കുകളാണല്ലോ.ഏട്ടൻ തിരിച്ചടിച്ചതാണോ.”

“ഇല്ല മോളേ.ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്.”

നന്ദൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.അവളുടെ മിഴികൾ പാതി അടഞ്ഞിരുന്നു അന്നേരം.അവളുടെ കൈകൾ നന്ദൻ്റെ കഴുത്തിനു ചുറ്റും ബലമായി ചുറ്റിയിരുന്നു.

                                                                           -END-

മൂർച്ചയുള്ള കണ്ണുകളുള്ള പെൺകുട്ടി

ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലം ആർക്കോണത്തു നിന്നും വണ്ടി കയറും ഓടി പിടിച്ചാണ് വണ്ടിയിൽ കയറുക. മകനും മരുമകളും രാവിലെ മകനെ സ്കൂളിലാക്കാൻ പാടുപെടുന്നതിനിടയിൽ എനിക്കു കഴിക്കാനുള്ളത് കൂടി മരുമകൾ ശരിയാക്കി പാത്രത്തിൽ ആക്കി തരും. ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ താൻ ദൈവത്തോട് നന്ദി പറയുകയായിരുന്നു എന്നും. അദ്ദേഹം ഏതാണ്ട് 24 മണിക്കൂറും സർക്കാർ ജോലിയും അതിൻറെ ടെൻഷനുമായി നടക്കുന്നതിനിടയിൽ എല്ലാം മറക്കുന്ന പ്രകൃതം. ഒന്നരമണിക്കൂർ നീളുന്ന ട്രെയിൻ യാത്രയിലാണ് ജീവിതത്തിൽ സഹയാത്രികരായ മറ്റുള്ളവരുടെവിശേഷങ്ങൾ തിരക്കി അറിയുന്നതും ഓരോ ദിവസത്തെ ദിനചര്യകൾ അയവിറക്കുന്നതും.

അതിൽ എന്നും കാണുന്ന ഒരു തമിഴ് ഗ്രാമീണ പെൺകുട്ടിയുടെ മുഖമുണ്ട്. അവളെ താനെന്നും ശ്രദ്ധിക്കും. നല്ല മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് തന്നെ ഉഴിയുന്നവൾ. എന്നാൽ അധികം സംസാരിക്കാത്ത പ്രകൃതം. ഒരു ദിവസം താൻ കയറിയങ്ങ് അവളെ പരിചയപ്പെട്ടു. ആദ്യം ഒന്നും അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. അവൾ എന്നെ അക്കൻ എന്നു വിളിച്ചു തുടങ്ങി. മെല്ലെ മെല്ലെ തൻറെ മരുമകളെപ്പോലെ സ്വഭാവ ശുദ്ധിയും സ്നേഹവും ഉള്ളവളാണ് അവളും എന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടു വിശേഷങ്ങൾ ഞാൻ അവളോട് പറഞ്ഞിരുന്നെങ്കിലും തിരിച്ചുള്ള കുടുംബ പുരാണം ഒന്നും അവൾ എന്നോടോ മറ്റു സഹയാത്രികരോടോ പറഞ്ഞിരുന്നില്ല.
ഒരിക്കൽ ഞാൻ ചോദിച്ചു

“നീ എന്താണ് നിന്റെ കുടുംബത്തെ പറ്റി ഒന്നും എന്നോട് പറയാത്തത്”

“ഞാൻ പിന്നീടൊരു നാൾ പറയാം അക്കാ”അവൾ പറഞ്ഞു.

എവിടെയോ മിഴിനട്ട് ട്രെയിനിന്റെ ഓട്ടവും നോക്കിയിരിക്കും പോലെ തനിക്ക് തോന്നി.
“അല്ലെങ്കിൽ എന്തിനാ അക്കാ ഇന്ന് തന്നെ ഞാൻ എല്ലാം പറയാം”
അവൾക്ക് വീണ്ടു വിചാരമുണ്ടായതായി എനിക്ക് തോന്നി.

അവൾ തന്റെ കഥ പറഞ്ഞു.

നാലു കുട്ടികളും ഭർത്താവിന്റെ സഹോദരിയും സഹോദരി ഭർത്താവും അടങ്ങുന്ന കുടുംബം ആയിരുന്നു തന്റേത്. തൻറെ ഭർത്താവിന് ഒരു വർക്ക്ഷോപ്പിലായിരുന്നു ജോലി. ജോലിക്കിടയിൽ ഒരു ദിവസം അപകടത്തിൽ ഭർത്താവ് മരിച്ചു.

നാലു മക്കളെ ഓർത്തു കണവൻ മരിച്ച അന്ന് മുതൽ എന്തുകൊണ്ടോ അവളും കുട്ടികളും കിടക്കുന്ന കട്ടിലിന്റെ കോസടിക്കു താഴെ മൂർച്ചയുള്ള ഒരു കത്തി സൂക്ഷിച്ചിരുന്നു അവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനായി.
കുറേ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി
കണവൻ ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിലെ ക്ലീനിങ്ങും മറ്റു ചെറിയ ജോലികളും അതിൻറെ കൂലിയും മുതലാളി അവൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല. മൂന്നു കുട്ടികൾക്ക് സ്കൂളിലും മറ്റും പോകുന്നതിനും ഭക്ഷണത്തിനും ആ തുക തുഛമായിരുന്നു. ഭർത്താവിൻറെ സഹോദരന്റെയും നാത്തൂന്റെയും വരുമാനത്തിൽ നിന്നുള്ള പണം കൂടി കിട്ടിയിട്ടാണ് ചിലവുകൾ കഷ്ടിച്ച് നടന്നുപോവുക. അതിന് നാത്തൂന്റെ കുത്തുവാക്കുകളും ശാപവും നിറഞ്ഞ വാക്കുകൾ നിത്യവും കേൾക്കണം.

ഒരു രാത്രി നല്ല മഴയുള്ള ദിവസം. ആരോ കതക് തുറക്കുന്ന ശബ്ദം കേട്ടു അവൾ ഉണർന്നു. അവളുടെ കൈ വെട്ടുകത്തിയിൽ ഇതിനകം അമർന്നു കഴിഞ്ഞിരുന്നു.
ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവൾ കണ്ടു തൻറെ ഭർത്തൃ സഹോദരനെ. അവൾ ശബ്ദമുണ്ടാക്കാതെ കിടന്നു.

പെട്ടെന്നാണ് അവളുടെ മേൽ ആക്രമണം ഉണ്ടായത്. അയാളിലെ കണ്ണുകളിലെ കാമാഗ്നി ആ മിന്നൽ വെളിച്ചത്തിലും അവൾ കണ്ടു. അവളുടെ കത്തി തലങ്ങും വിലങ്ങും ശക്തിയോടെ വീശപ്പെട്ടു. ഏതോ ഒരു വെട്ടിന്
“മ്മാ……….. എന്ന ഒരു ശബ്ദം കേട്ടു.

അവളുടെ മനസ്സിൽ പോലീസ്, ജയിൽ, കുഞ്ഞുങ്ങൾ, എല്ലാ ചിന്തകളും ഒരു നിമിഷം കൊണ്ട് ഓടിമറഞ്ഞു. പിന്നെയൊന്നും ആലോചിച്ചില്ല ഇളയകുട്ടിയെ വാരിയെടുത്ത് മുതിർന്ന മൂന്നിനെയും തടുത്തു കൂട്ടി വലിച്ചു നിരത്തിലേക്ക് ഓടി. അടുത്തുള്ള ആഴമുള്ള തടാകം ആയിരുന്നു അവളുടെ ലക്ഷ്യം.

ഇടിയും മഴയും കാറ്റും. റോഡ് വിജനം. അതിവേഗത്തിൽ വന്ന ഒരു കാർ അവളെയും കുഞ്ഞിനെയും തട്ടി. പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തു. പിന്നെയൊന്നും അവൾക്ക് ഓർമ്മയില്ല.

ഓർമ്മ വീണപ്പോൾ ആശുപത്രിയുടെയും മരുന്നുകളുടെയും ഗന്ധം. അരികിൽ നഴ്സുമാർ.
അവൾ ചോദിച്ചു “എൻ കുളന്തൈകൾ എങ്കേ”
ഡ്യൂട്ടി ഡോക്ടർ ഒരു മലയാളിയായിരുന്നു. അത്യാവശ്യം തമിഴും അറിയാമായിരുന്നു.
അയാൾ പറഞ്ഞു
“അവർക്ക് ഒരു കുഴപ്പവുമില്ല. ഇളയ കുട്ടിക്ക് ചെറിയ മുറിവുണ്ട്. അവനിടയ്ക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്നുണ്ട് മറ്റു രണ്ടുപേരും അവൻറെ അടുത്ത് വാർഡിൽ ഉണ്ട്”

അവൾക്ക് തൽക്കാലം സമാധാനമായി.
അവൾ ചെറിയ കുട്ടിയുടെ അടുത്ത് പോകാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് തലയിലെയും കാലിലെയും കെട്ടുകൾ കണ്ടതും തല വേദനിക്കുന്നതും.
ഡോക്ടർ പറഞ്ഞു “വേണ്ട തല അനക്കേണ്ട. തലയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്. മോനെ ഞങ്ങൾ ഇവിടെ കൊണ്ടുവന്ന് കാണിക്കാം.”

നാലു പേരെയും നഴ്സ് കൊണ്ടുവന്നു കാണിച്ചു. അവൾക്ക് സമാധാനമായി ഇളയതിനെ അവൾ ഉമ്മ വച്ചു.
പിന്നീടാണ് നേഴ്സ് വിവരങ്ങളെല്ലാം അവളെ ധരിപ്പിക്കുന്നത്.
ഈ ആശുപത്രിയുടെ ഉടമയും സീനിയർ ഡോക്ടറുമായ ദീപക് ചന്ദിന്റെ കാറിൻറെ മുമ്പിലേക്കാണ് കാവേരി കുട്ടികളെയും കൊണ്ട് ചാടിയത്. അദ്ദേഹവും ഡ്രൈവറും കൂടിയാണ് കാവേരിയെയും കുട്ടികളെയും ഇവിടെ എത്തിച്ചു വേണ്ട കുത്തിക്കെട്ടുകളും ഇഞ്ചക്ഷനും നൽകിയത്. കാവേരിക്ക് ഓർമ വീണാൽ അദ്ദേഹത്തെ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
അല്പസമയം കഴിഞ്ഞ് ഡോക്ടർ വന്നു. ഏതാണ്ട് 50 വയസ്സ് പ്രായം വരും. അദ്ദേഹത്തിൻറെ പെരുമാറ്റം കാവേരിക്ക് ഇഷ്ടമായി. സ്വന്തം അച്ഛനെ അടുത്തുകിട്ടിയത് പോലെ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.
***************
ഏതാണ്ട് ഒരു മാസം വരെ ഡോക്ടറുടെ വീട്ടിൽ അവളും കുട്ടികളും കഴിഞ്ഞു. മക്കളില്ലാത്ത ഡോക്ടർക്കും ഭാര്യക്കും ഒരു കൂട്ടായി. അവരുടെ പ്രൈവറ്റ് കൺസൾട്ടിംഗ് റൂമിനോട് ചേർന്ന് ഔട്ട് ഹൗസിൽ താമസസൗകര്യം ഏർപ്പെടുത്തി കൊടുത്തു ഡോക്ടർ. മാത്രമല്ല ആശുപത്രിയിൽ അറ്റൻഡറുടെ ജോലിയും ഒരുവിധം ശമ്പളവും അദ്ദേഹം നൽകിയിരുന്നു.
കാവേരി അച്ഛനെ പോലെ കരുതുന്ന ഡോക്ടറോടും അദ്ദേഹത്തിൻറെ ഭാര്യയോടും ഇതിനകം തൻറെ ജീവിതകഥ മുഴുവനും വിശദമായി പറഞ്ഞു കേൾപ്പിച്ചിരുന്നു. ഒരു മകൾ ഇല്ലാത്ത കുറവ് കാവേരി ഡോക്ടറേയയും ഭാര്യയെയും അറിയിക്കാതെ പണിയെടുത്തു. എല്ലാം അവൾ തന്നെ നോക്കും. ആശുപത്രിയിൽ ജോലി കഴിഞ്ഞാൽ വീട്ടിലെയും ക്ലിനിക്കിലെയും.
ഒരു ദിവസം ഡോക്ടറോട് അവൾ ചോദിച്ചു.
” ഞാൻ വെട്ടിയിരിഞ്ഞ ആ കശ്മലൻ ചത്തോ എന്നെ പോലീസുകാർ കൊണ്ടുപോകുമോ”
“അതിനി കാവേരി പേടിക്കേണ്ട. അവനും നമ്മുടെ ആശുപത്രിയിൽ ആ ദിവസങ്ങളിൽ ചികിത്സയിൽ ഉണ്ടായിരുന്നു. അവൻറെ വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അപകടത്തിൽ പറ്റി എന്നാണ് പോലീസിൽ മൊഴി. കേസ് എഴുതി തള്ളുകയും ചെയ്തു.”
അവൾക്ക് ആശ്വാസമായി ഇപ്പോഴും അവൾക്ക് കിട്ടിയ സന്തോഷം ട്രെയിൻ യാത്രയിലൂടെ സ്വയം പങ്കുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ അവളോട് യാത്ര പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അക്കാ, ഇനി നാളെ കാലൈ പാർക്കലാം”