ക്ളാസ്സ് മേറ്റ്സ് വീണ്ടും….

“സ്പീഡ് കുറച്ചു വിടടാ നന്ദാ.വയസ്സ് 60 കളുടെ മദ്ധ്യം കഴിഞ്ഞെന്ന് ഓർക്കണം ഈ വേഗതയിൽ വിടുമ്പോൾ” വാസു പറഞ്ഞു നന്ദനോടായി

ഡോ.മോഹൻ ഇടപെട്ടു.”അത് ആധികാരിമായിപ്പറയാൻ വാസുവിന് അധികാരമില്ല.അതു പറയാൻ അധികാരമുള്ള ഒരേ ഒരാൾ ഇപ്പോൾ ഞാൻ മാത്രമേ ഉള്ളു.” മോഹൻ തുടർന്നു. “വാസു പറഞ്ഞതു ശരിയാണ്.പ്രായം കൂടുന്തോറും കണ്ണുകളിൽ നിന്നും,ചെവിയിൽ നിന്നുമുള്ള നാഡീവ്യൂഹം ബ്രെയിനിലേക്കു കൊടുക്കുന്ന മെസ്സേജ് കൈകളിലേക്കും കാലുകളിലേക്കും എത്താൻ സമയം കൂടുതൽ എടുക്കും.അതിനാൽ അപകടങ്ങൾ വളരെ മുൻ കൂട്ടിത്തന്നെ കണക്കാക്കേണ്ടി വരും.അതനുസരിച്ച് വേഗത കുറച്ചേ പോകാവൂ.വയസ്സാവുമ്പോൾ യന്ത്രങ്ങൾക്കെന്നപോലെ ശരീരഭാഗങ്ങൾക്കും തേയ്മാനം ഉണ്ടാകുന്നു എന്നു മനസ്സിലാക്കണം നന്ദൻ”

“മോഹൻ എന്താ ഫിനോമിനക്കു പഠിക്കുകയാണോ വാസുവിനു പറയാൻ അധികാരമില്ല,തനിക്കു മാത്രമേ അധികാരമുള്ളൂ എന്നു ശഠിക്കുന്നത്.പിന്നെ യന്ത്രത്തിന്റെയും തേയ്മാനത്തിന്റേയും കാര്യം പറയാൻ മോഹനും അധികാരമില്ല.അതിനു നന്ദൻ ഇവിടെയുണ്ട്”.നന്ദൻ പറഞ്ഞു.”ജോസിന് കരയിലെ കാര്യങ്ങളിൽ താല്പ്പര്യമുണ്ടാകില്ല.കടലിലാണെങ്കിൽ ഒരു കൈ നോക്കിയേനേ”.നന്ദൻ പറഞ്ഞതു കേട്ടു എല്ലാവരും ചിരിച്ചു.

ആ സുഹൃത്തുക്കൾ തൃശ്ശൂരിലേക്ക് കാറിൽ പോകുകയാണ്.നന്ദനാണ് ഡ്രൈവ് ചെയ്യുന്നത്.സ്കൂൾ സഹപാഠികളായിരുന്നു നാലുപേരും.തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന് അവരെ പഠിപ്പിച്ച അദ്ധ്യാപകരിൽ ജീവിച്ചിരിക്കുന്ന ഒമ്പതു പേരിൽ ഏഴു പേരേയും ക്ഷണിച്ചു കഴിഞ്ഞു.ബാക്കി രണ്ടുപേർ തൃശ്ശൂർ ജില്ലക്കാരാണ്.ചെല്ലമ്മ ടീച്ചറിന്റെ വീട്ടിലേക്കാണ് അവർക്ക് പോകേണ്ടത്.

“ചെല്ലമ്മടീച്ചർ നന്ദന്റെ വീട്ടിൽ താമസിച്ചല്ലേ സ്കൂളിൽ വന്നിരുന്നത്.” മോഹൻ ചോദിച്ചു.

“അതേ”.നന്ദൻ മറുപടി പറഞ്ഞു.”അമ്മയുടെ ബന്ധുവായിരുന്നു ടീച്ചർ. ടീച്ചർ വിവാഹം കഴിഞ്ഞപ്പോൾ ജോലി രാജിവെച്ച് പോയല്ലോ.അമ്മ യുണ്ടായിരുന്നപ്പോൾ ഇടക്ക് ഗുരുവായൂർ പോയിവരുമ്പോൾ ടീച്ചറിനെ കാണുവാൻ കയറുമായിരുന്നു.പിന്നീട് രമയും കുട്ടികളുമായി പോയി വരുമ്പോഴും ഒന്നു രണ്ടു പ്രാവശ്യം കയറിയിട്ടുണ്ട്.അത്രയേ ഉള്ളൂ”.

അപ്പോഴേക്കും ടീച്ചറുടെ വീട്ടിന്റെ മുമ്പിൽ നന്ദൻ കാർ നിറുത്തി.നാലുപേരും ഇറങ്ങി.ബെല്ലടിച്ചു. ടീച്ചർ ജനലിലൂടെ നോക്കി നന്ദനെ തിരിച്ചറിഞ്ഞു.മറ്റുള്ളവരെ ടീച്ചർക്കു മനസ്സിലായില്ല.

കതകു തുറന്നു അകത്തു കയറി ആഗമനോദ്ദേശം പറഞ്ഞു.ടീച്ചർക്കുള്ള സന്തോഷത്തിനതിരില്ലായിരുന്നു.കുറെ ഏറെ നേരം ടീച്ചർ തന്നെ സംസാരി ച്ചുകൊണ്ടിരുന്നു.

“ഞാൻ എങ്ങിനെ ആയാലും എത്തും.അതിനിടക്ക് സരസയുടെ വീട്ടിലും ഒന്നു പോകണം.ഉച്ചക്ക് ഇടവേള സമയത്തുപോയാലും മതിയല്ലോ”. ടീച്ചർ പറഞ്ഞു.

സരസ നന്ദന്റെ മൂത്തസഹോദരിയാണ്.

വാസുവിനേയും മോഹനേയും ജോസിനേയും ടീച്ചർ ഓർമ്മിക്കുന്നുണ്ടാ യിരുന്നില്ല.നന്ദൻ അവരെ ടീച്ചർക്കു പരിചയപ്പെടുത്തി.”വാസുദേവമേനോൻ, പോലീസ് എസ്.പി.ആയി റിട്ടയർ ചെയ്തു,ഡോ.മോഹൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്തു. ജോസ് മാഞ്ഞൂരാൻ നാവിക സേനയിൽനിന്നും കമ്മഡോർ ആയി റിട്ടയർ ചെയ്തു.പിന്നെ ഞാൻ കാംകോയുടെ എം.ഡി.യായി റിട്ടയർ ചെയ്തു.

“അതു പറയേണ്ട.ഇപ്പോൾ കുറെ നാളായി വിവരംഇല്ലെങ്കിലും നന്ദനേയും അമ്മുമ്മയേയും മറ്റും മറക്കുവാൻ പറ്റുമോ. ഞങ്ങൾ അറിയുന്നുണ്ടായിരുന്നു”.

അമ്മുമ്മ എന്നു ടീച്ചർ വിളിക്കുന്നത് നന്ദന്റെ അമ്മയെയാണ്.

ടീച്ചറോട് നന്ദിയും പറഞ്ഞ് നാൽവർ സംഘംമടങ്ങി. വരും വഴി വിജയൻ മാഷുടെ വീട്ടിൽ കയറി.മാഷെ കണ്ടു.അദ്ദേഹത്തിന് പ്രായാധിക്യം കാരണം യാത്ര ചെയ്യുവാൻ വയ്യാതിരിക്കുകയാണ്.എങ്കിലും മക്കൾ കൊണ്ടു വരുമെങ്കിൽ വരാമെന്നേറ്റു.ഇല്ലെങ്കിൽ ഈ സംരംഭത്തിന്ന് തന്റെ എല്ലാ ആശംസകളും ഉണ്ടാവും.മാഷ് അനുഗ്രഹിച്ചു.

നാൽവർ സംഘവും,ദേവൻ,മൂസ,രാഹുൽ,ഹരി,തുടങ്ങി 15 ഓളം വരുന്ന അമ്പതു വർഷം മുമ്പത്തെ S.S.L.C.വിദ്യാർത്ഥികൾ ഒത്തുചേർന്ന് അന്നത്തെ ഒരേക്ളാസ്സിൽ പഠിച്ചവരുടെ മൊത്തം ഒത്തുചേരലിന് കളമൊരു ക്കുകയാണ്.രണ്ടു ബാച്ചിലും കൂടിയുണ്ടായിരുന്ന 100 പേരുടെ ലിസ്റ്റും പഴയ മേൽവിലാസവും ദേവൻ സ്കൂൾ രജിസ്റ്ററിൽ നിന്നും പകർത്തി.അതിൽ 14 പേർ മരിച്ചു പോയിരുന്നു.പലരും യാത്രചെയ്യാൻ പറ്റാത്ത നിലയിലാണ്.ഒരാളെ മാത്രം കാണാൻ കഴിഞ്ഞില്ല.അവസാനം അറുപതോളം പേരും കുടുമ്പാംഗങ്ങൾ സഹിതം വരുകയോ അല്ലാത്തപക്ഷം ഏതെങ്കിലും വിധത്തിൽ സഹകരിക്കാമെന്നും അറിയിച്ചു.

അങ്ങിനെ ആ നിശ്ചിത ദിവസം വന്നു ചേർന്നു.നാൽപ്പതിലധികം പഴയ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നു.പുരുഷ ന്മാരെല്ലാം ജുബയും മുണ്ടും,സ്ത്രീകൾ ഒരേ നിറത്തിലെ സാരി.അമ്പതു വർഷത്തിനു ശേഷം കണ്ടു മുട്ടുന്നവർ രൂപത്തിൽ മാറിപ്പോയിരുന്നു.പലരും പരസ്പരം പേരു ചോദിച്ചു മനസ്സിലാക്കി യോഗം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവർ പഴയ സഹപാഠികളായിക്കഴിഞ്ഞിരുന്നു.അവരെല്ലാം പഴയസ്മരണയിൽ മുഴുകിയി രുന്നു.കുറെ നേരം.നന്ദൻ അവർക്ക് ആനന്ദൻ എന്ന സഹപാഠിയായ കവി എഴുതിയ സ്മരണികയിലെ അനുസ്മരണം വിതരണം ചെയ്തു.

നന്ദൻ ആവരികൾ ഓർത്തു.

നമ്മുടെ ബാല്യ-കൌമാര പഠനകാലങ്ങൾ കഴിച്ചു കൂട്ടിയ മാതൃ വിദ്യാലയവുമായി എത്ര എത്ര ഓർമ്മകളാണ് മയിൽപീലി കതിരുകൾ പോലെ മനസിന്റെ താളുകളിൽ തിരുകി വെച്ചിട്ടുള്ളത്.വൈദ്യുതിബന്ധവും പൈപ്പുവെള്ളവും എത്തിനോക്കാത്ത,തിരക്കൊട്ടുമില്ലാത്ത പ്രശാന്തമായ നാട്ടിൻപുറം,പരിമിതമായ സൌകര്യങ്ങൾ മാത്രമുള്ള ക്ളാസ് മുറികൾ,കടപ്പുറം പൂഴിപോലെ പരന്നു കിടക്കുന്ന വെട്ടു വഴിയിലും പള്ളിക്കൂടത്തിന്റെ പിന്നാമ്പുറത്തുള്ള തെങ്ങിൻതോപ്പിലും,നമ്മൾ ആൺകുട്ടികൾ ഓടിനടന്ന് കോട്ടകളിച്ചതും,ഓലപ്പന്തെറിഞ്ഞതും,പെൺകുട്ടികൾ അവരുടേതായ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതും,റബ്ബർബാന്റിട്ട ഇത്തിരി പുസ്തകങ്ങൾ നെഞ്ചോടടക്കിപ്പിടിച്ച്ഇടവപ്പാതി മഴ നനഞ്ഞതും,തുലാ വർഷക്കാറ്റേറ്റും ചെളിവെള്ളം നിറഞ്ഞ ഇടവഴിയിലൂടെ വെള്ളം കാലുകൊണ്ട് തട്ടി പടക്കം പൊട്ടിച്ചുംസ്കൂളിലേക്കു വന്നും പോയുമിരുന്ന നാളുകൾ…..

ളൂവിക്കയുടെ പുളിപ്പും,നെല്ലിക്കയുടെ ചവുർപ്പുംകപ്പലണ്ടിയുടെ കറുമുറുപ്പും ഐസ്ഫ്രൂട്ടിന്റെ തണുപ്പും ചൂരൽപ്പഴത്തിന്റെ ചൂടും വലിച്ചു നീട്ടി മാലയും വാച്ചും ഉണ്ടാക്കിത്തരുന്ന പഞ്ചാരപ്പാലുമിഠായിക്കാരന്റെ ആട്ടപ്പാട്ടിന്റെ കൌതുകവും ഉച്ച ഇടവേളകളിലെ നീണ്ടമണിയടിക്കു പിന്നാലെ നാരങ്ങക്കൊട്ട ചൊരിഞ്ഞപോലെ ഉച്ചയൂണിനായി വീട്ടിലേക്കുള്ള ഓട്ടവും ദാഹിക്കുമ്പോൾ സ്കൂൾ കിണറ്റിൽനിന്നും അടുത്തവീട്ടിലെ കുളത്തിൽ നിന്നും പച്ചവെള്ളം കോരിക്കുടിക്കുമ്പോഴുള്ള ആശ്വാസ നിർവൃതിയും മൂനും നാലും പേജുള്ള കഥ മനപ്പാഠം പറയുമ്പോൾ തടസ്സം വന്നാൽ ഹിന്ദി സ്സാർ ഉരത്തിൽ ഞെരടുമ്പോൾ ഉള്ളിൽ പൊങ്ങിത്താഴുന്ന, ഉള്ളിലെ കണ്ണുനീരീർപ്പമുള്ള മൌനനൊമ്പരങ്ങളും സ്കൂളിൽ അവതരിപ്പിച്ച മായാജാലപ്രകടനങ്ങളിലെ അത്ഭുതകാഴ്ച്ചകളും വെളളിയാഴ്ച്ച വൈകുന്നേരങ്ങളിലെ സാഹിത്യസമാജങ്ങളും ഗാന്ധി ജയന്തി സേവനവാരവും സ്കൂൾ വാർഷികത്തിലെ കലാ-കായിക മത്സരങ്ങളും നാടകങ്ങളും ക്രാഫ്റ്റ് ക്ളാസിലെ വർണ്ണവാർണിഷുപേപ്പർ കൊണ്ടുള്ള പാറ്റേൺ നിർമ്മാണവും പൊട്ടിയ കുട്ടിബലൂൺ പോലെ സ്കൂൾ മുറ്റത്ത് വാടിക്കൊഴിഞ്ഞു കിടക്കുന്ന ഇന്നും പേരറിയാത്ത മരത്തിന്റെ ചുവന്നപൂക്കളും അതിന്റെ മൊട്ടിന്റെ നീര് കൂട്ടുകാരുടെ ദേഹത്തു ചീറ്റിത്തെറിപ്പിക്കുമ്പോഴുള്ള കുട്ടി ക്കുറുമ്പന്മാരുടെ ചിരിയും ഓണപ്പരീക്ഷയും ക്രിസ്ത് മസ് പരീക്ഷയും കഴിഞ്ഞ് ഉത്തരക്കടലാസ് കിട്ടുമ്പോഴുള്ള നെഞ്ചിടിപ്പും കൂടിക്കലർന്ന ആ നഷ്ടസൌഭാഗ്യസ്മൃതികൾ അയവിറക്കുന്നത് എത്ര ആനന്ദദായകമാണ്.ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത അനർഘാനുഭൂതികൾ.

വന്ദ്യവയോധികരായ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സഹപാഠികൾക്കും സ്വാഗതം പറയുമ്പോൾ കണ്ണീരണിഞ്ഞും പഴയ വിദ്യാർത്ഥി ജീവിത കാലസ്മരണകൾ അയവിറക്കുമ്പോൾ കണ്ണുകളിലെ തിളക്കവും അന്നത്തെ ക്ളാസിലെ കുസൃതികളും തമാശകളും നന്ദൻ തന്റെ സ്വതസിദ്ധമായ ഭാഷയിൽ അനുസ്മരിക്കുമ്പോൾ കണ്ണിലെ കുസൃതിയും സദസ് തിരിച്ചറിഞ്ഞിരുന്നു.ചെല്ലമ്മ ടീച്ചർ തന്റെ വീട്ടിൽ താമസിക്കുമ്പോൾ ഉള്ള ഒരനുഭവം നന്ദൻ വെളിപ്പെടുത്തി.ഒമ്പതാം ക്ളാസ്സിലെ അവസാന ടേം പരീക്ഷ അടുത്ത സമയം.അമ്മ പറഞ്ഞിട്ട് നന്ദൻ ടീച്ചറെ ഊണു കഴിക്കുവാൻ വിളിക്കാൻ ചെന്നു.നന്ദൻ മുറിയുടെ വാതിൽക്കൽ എത്തിയതും എന്തോ എഴുതിക്കൊണ്ടിരുന്ന ടീച്ചർ പെട്ടെന്നു കടലാസ് പുസ്തകത്തിൽ വെച്ച് എഴുന്നേറ്റ് അടുക്കളയിലേക്കു പോയി.

നന്ദന്റെ ആറാം ഇന്ദ്രിയം പ്രവർത്തിച്ചു.എന്താണ് ടീച്ചർ പെട്ടെന്ന് പുസ്തകം അടച്ചത്.അവനു തോന്നി ബയോളജി ചോദ്യപ്പേപ്പർ ഇടുകയായിരുന്നു ടീച്ചർ.അവന്റെ ബാലബുദ്ധി ഉണർന്നു.പുസ്തകം തുറന്നു നോക്കിയപ്പോൾ ചോദ്യപ്പേപ്പർ തന്നെ.ഒരാവർത്തി ചോദ്യങ്ങൾ വായിച്ചു.മുഴുവൻ ചോദ്യങ്ങളും ഹൃദിസ്ഥമാക്കി.ടീച്ചർ അറിയാതിരിക്കാൻ ചോദ്യപ്പേപ്പറും പുസ്തകവും അതേപടി സ്ഥാനത്തു വെച്ചു.

ബയോളജി പരീക്ഷ വന്നു.ചോദ്യപ്പേപ്പർ കിട്ടി.അതേ ചോദ്യങ്ങൾ തന്നെ.നല്ല മണി മണിയായി ഉത്തരം എഴുതി.

ഒരു വർഷം കഴിഞ്ഞു.S.S.L.C.പരീക്ഷയിൽ ഒന്നാം ക്ളാസ് നേടി സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ നന്ദൻ ആദ്യം നോക്കിയത് ഒമ്പതാം ക്ളാസിലെ ബയോളജി മാർക്കായിരുന്നു.50 ൽ 50.അങ്ങിനെ ആദ്യമായും അവസാനമായും താൻ ഒരു കളവു ചെയ്തതും ടീച്ചർ അറിയാതെ നല്ലപിള്ളയാകാൻ ശ്രമിച്ചതും നന്ദൻ ടീച്ചർ തന്നോട് ഇപ്പോഴെങ്കിലും പൊറുക്കണമെന്നും അപേക്ഷിച്ച് പ്രസംഗം അവസാനിപ്പിക്കുമ്പോൾ സദസ്സ് ആർത്തു ചിരിക്കുകയായിരുന്നു

നന്ദന്റെ സ്വാഗതത്തിനു ശേഷം സ്കൂൾ മാനേജരുടെ അദ്ധ്യക്ഷപ്ര സംഗവും വിദ്യാർത്ഥികളുടെ അനുമോദനങ്ങളും അദ്ധ്യാപകർക്കും സ്കൂളിനുമുള്ള ഉപഹാരാർപ്പണവും കഴിഞ്ഞ് വന്ദ്യ അദ്ധ്യാപകരുടെ നന്ദി പ്രകടനവും കഴിഞ്ഞപ്പോഴേക്കും എല്ലാവരും വല്ലാത്തൊരു മൂഡിലായിരുന്നു.അമ്പതു വർഷത്തിനു ശേഷം അച്ചാച്ചൻമാരും,അമ്മൂമ്മമാ രുമായിത്തീർന്ന തങ്ങളുടെ വിദ്യാർത്ഥികളെ അദ്ധ്യാപകർ അവരുടെ കണ്ണുകളിലേക്കു നോക്കി.അതവർക്ക് പുതിയ ഊർജ്ജം പകർന്നു.എൺ പതിനോടുത്തവർ യുവാക്കളും അവരുടെ മുൻപിലിരിക്കുന്നത് പഴയ തങ്ങളുടെ കുട്ടികളാണെന്നും കരുതി.

ചെല്ലമ്മ ടീച്ചർ തന്റെ പഴയ കുട്ടികൾക്കുവേണ്ടി ഒരു ബയോളജി ക്ലാസെടുത്തു.ടീച്ചറിന്റെ ക്ളാസ് അവസാനിക്കാറായി.പെട്ടെന്ന് ടീച്ചർ പറഞ്ഞു.”നന്ദൻ യു.സ്റ്റാന്റ് അപ്പ്”.

നന്ദൻ താനെ എഴുന്നേറ്റുപോയി.

ടീച്ചർ പറഞ്ഞു “നന്ദൻ എന്താ പറഞ്ഞത്.ചോദ്യപ്പേപ്പർ കട്ടെഴുതി എന്നെ പറ്റിച്ചെന്നോ.ഈ ടീച്ചറിന്റെ അടുത്ത് നന്ദന്റെ കളി നടപ്പില്ല.അന്ന് ഊണ് കഴിഞ്ഞു ഞാൻ തിരിച്ചുവന്നപ്പോൾ പരീക്ഷാപേപ്പർ യഥാസ്ഥാനത്ത് ഇരിക്കുന്നതു കണ്ടു.അതു കണ്ടു നന്ദൻ നല്ല കുട്ടിയല്ലേ കണ്ടുകാണില്ല എന്നു ആദ്യം കരുതി.പക്ഷേ ഞാൻ ബയോളജി ബുക്കിന്റെ 50-ാം പേജിൽ വെച്ച ചോദ്യപേപ്പർ ഊണു കഴിക്കാൻ പോയിവന്നപ്പോൾ 65-ാം പേജിലേക്കെങ്ങിനെ മാറി”.

ഇതു കേട്ടതും നന്ദൻ തല താഴ്ത്തി.സദസിൽ ദീർഘനേരം കയ്യടി.

ടീച്ചർ തുടർന്നു.”പിന്നെ ഞാൻ ചോദ്യപ്പേപ്പർ മാറ്റാതിരുന്നത് എഞ്ചിനീയറാകാൻ മോഹവുമായി നടക്കുന്ന നന്ദനെ പ്പറ്റിച്ച്ചോദ്യപേപ്പർ മാറ്റി എഞ്ചിനീയറിംഗുമായി യാതൊരു ബന്ധവുമില്ലാത്ത ബയോളജിയിൽ നന്ദൻ തോറ്റുപോയാൽ ആ മോഹം നടക്കാതെ പോയാലോ എന്നു കരുതിയാണ്”.

നന്ദൻ കൂട്ടുകാരുടെ മുൻപിലും ടീച്ചറുടെ മുമ്പിലും നിന്നു കരഞ്ഞു പോയി.

ഈ സമയം നന്ദൻ പഴയ ഒമ്പതാം ക്ളാസുകാരനും ടീച്ചർ പഴയ ചെല്ലമ്മടീച്ചറും സദസ്സ് പഴയ സ്കൂളും അദ്ധ്യാപകരുടെ നിര പഴയ സ്റ്റാഫ് റൂമും ആയി മാറുകയായിരുന്നു.

 

ഒരു അഭിപ്രായം ഇടൂ