ഞാനും സുഹൃത്തും കുറെ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു ഓദ്യോഗിക യാത്രയുടെ ഓർമ്മകൾ ഇപ്പോഴും ദഹിക്കാതെ കിടക്കുന്നു.
കൊച്ചി നഗരത്തിൽ ജോലി ചെയ്യുന്ന കാലം.നഗരത്തിലേക്ക് സ്ഥിരമായി പോകുന്ന പ്രൈവറ്റ് ബസ്സാണ് രംഗം.ഞങ്ങൾരണ്ടുപേരും കയറുന്ന സ്റ്റോപ്പിൽ നിന്നും അന്നും ബസ്സ് കയറി.സ്ത്രീകളുടെ സീറ്റ് ആരംഭിക്കുന്നതിൻറെ തൊട്ടു മുമ്പുള്ള സീറ്റ് കാലിയായി കിടക്കുന്നു.ഞങ്ങൾ രണ്ടു പേരും അതിൽ ഇരുന്നു.കയറിയപ്പോൾത്തന്നെ ഞാൻ ശ്രദ്ധിച്ചു.സാമാന്യം സൌന്ദര്യവതികളായ രണ്ടു യുവതികളിരിക്കുന്നത്.അവരിരിക്കുന്ന സീറ്റിൻറെ തൊട്ടു മുമ്പിലുള്ള സീറ്റിലാണ് ഞങ്ങളിരുന്നിരുന്നത്..യാത്ര തുടങ്ങി അല്പ്പം കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ ഓഫീസ് കാര്യങ്ങളുടെ ചർച്ചയിൽ മുഴുകിയിരുന്നു.ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുന്നും ഇറങ്ങുന്നുമുണ്ട്. കയറുന്നവരാണ് കൂടുതലും.ഇറങ്ങുന്നവർ തീരെ ക്കുറവും.
ഏകദേശം പത്തിരുപത് മിനിട്ട് കഴിഞ്ഞു കാണും സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്ത് പെട്ടെന്ന് ഒന്നും മിണ്ടാതെയായി.അത് പതിവില്ലാത്തതാണ്.ഒരു മണിക്കൂർ നീണ്ട യാത്രയിൽ ഒരു മിനിട്ടു പോലും വായടക്കാത്ത സുഹൃത്താണ് ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത്.ഞാൻ സംശയം തീർക്കാൻ ഒടുവിൽ ചോദിച്ചു
“എടോ തനിക്കെന്തു പറ്റി ഒരു മൂഡൌട്ടു പോലെ”.
“ഏയ് ഒന്നുമില്ല”.
“അതല്ല, എന്തോ ഉണ്ട്”. ഞാൻ
“താൻ ഒന്നു ചുമ്മാതിരി. ഞാൻ പിന്നെപ്പറയാം”.സുഹൃത്തു അടക്കം പറഞ്ഞു.
ഞാൻ സുഹൃത്തിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.സുഹൃത്തിൻറെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാൻ കണ്ടു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എൻറെ കാലിൻറെ പാദത്തിലുംഉപ്പു കുറ്റിയുടെ മുകളിലുമായി ആരോ ഇടക്കിടക്ക് ചവിട്ടുന്നു.ഞാൻ ആലോചിച്ചു.പിറകിലെ സീറ്റിൽ ആ യുവതികളാണല്ലോ ഇരുന്നിരുന്നത്.അവരാണോ ചവിട്ടുന്നത്.
ഏയ് അങ്ങിനെ ആവാൻ തരമില്ല.ഞാൻ മെല്ലെ പുറകിലേക്കു നോക്കി.അതെ അവർ തന്നെ മറ്റാരും ഇല്ല.
ഛായ് ഇപ്പോഴത്തെ പെമ്പിള്ളേരുടെ ഒരു സ്വഭാവമേ,കഷ്ടം.എന്നെപ്പോലെ മദ്ധ്യ വയസ്കനായ ഒരാളെ ഇങ്ങിനെ പീഢിപ്പിക്കുന്നതു ശരിയാണോ.ഞാൻ ഇങ്ങിനെയോരോന്നോർത്തിരുന്നു.കാലിലെ മർദ്ദനം സഹിക്ക വയ്യാതായപ്പോൾ ഞാൻ കാലെടുത്തു മുൻ സീറ്റിൽ കയറ്റി വെച്ചു രക്ഷപെട്ടു.
അപ്പോഴും സുഹൃത്ത് ഏതോ ലോകത്തെന്നവണ്ണം നിർവൃതിയിൽ ലയിച്ചിരിക്കുന്നതാണ് കണ്ടത്.ഞാൻ എൻറെ അനുഭവം സുഹൃത്തിനോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു “എനിക്കും കിട്ടുന്നുണ്ട്.പക്ഷേ ഞാൻ അതിൻറെ പരമാവുധി സുഖം അനുഭവിക്കുകയാണ്”.ഞാൻ കൂടുതൽ ശ്രദ്ധിച്ചപ്പോൾ സുഹൃത്ത് കാല് പരമാവുധി പുറകിലേക്ക് നീട്ടി നിട്ടിക്കൊടുക്കുകയാണ്.
ഇടക്ക് അദ്ദേഹം ചോദിച്ചു “പുറകിലിരിക്കുന്നതിൽ ഏതു സ്ത്രീയാണ് എന്നെച്ചവിട്ടുന്നത്”
“ആരായാൽ നമുക്കെന്താ. ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്കല്ലേ കേട്.കാലവും നന്നല്ല.പീഢനത്തിന് കേസെടുത്താൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.പണിയും പോകും നാണക്കേടും.” പക്ഷേ സുഹൃത്തിന് ഒരു കൂസലുമില്ല.
അങ്ങിനെ എറണാകുളത്തേക്ക് പോകുന്ന ബോട്ടു ജെട്ടി സ്റ്റോപ്പെത്തി.യാത്രക്കാരിൽ മിക്കവാറും പേർ അവിടെ ഇറങ്ങും പിന്നീട് ഫോർട്ടു കൊച്ചിക്കു പോകുന്നവർ മാത്രമേ ബസ്സിലുണ്ടാകൂ.
ഞാൻ ഒളി കണ്ണിട്ടു പുറകോട്ടു നോക്കി.കഥയിലെ നായികമാരായ രണ്ടു യുവതികളും അവിടെ ഇറങ്ങുന്നു.എനിക്കു സമാധാനമായി. സുഹൃത്താകട്ടെ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഇരിപ്പ്.
ബസ്സ് വിട്ടു.അതാ വീണ്ടും കാലിൽ പൂർവ്വാധികം ശക്തിയോടെ ചവിട്ട്.ഞാൻ ഞെട്ടി.ഒപ്പം തിരിഞ്ഞു നോക്കി.പുറകിലെ സീറ്റിൽ ആരും ഇല്ല.ആ പരിസരത്തും യാത്രക്കാരാരും ഇല്ല.എൻറെ കണ്ണ് സീറ്റിനടിയിലേക്കു തിരിഞ്ഞു.
അതാ ഒരു മുള്ളൻ ചക്ക.ഏതോ യാത്രക്കാരൻറെയാണ്.സഞ്ചിയിലൊന്നും ഇഷ്ടൻ കയറാത്തതിനാൽ അതിൻറെ ഉടമ സ്വാതന്ത്ര്യം നൽകി സീറ്റിനടിയിൽ നിക്ഷേപിച്ചിരിക്കുകയാണ് സാധനത്തിനെ.ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഇഷ്ടൻ ഉരുണ്ട് വന്ന് ഞങ്ങളുടെ കാലിലിടിക്കും.
ഞാനും സുഹൃത്തും പരസ്പരം നോക്കി.കരയണോ ചിരിക്കണോ എന്നറിയാതെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വൈപ്പിൻ ഫെറി ജെട്ടിയിലേക്കുള്ള യാത്ര തുടർന്നു.
