നന്ദു വളരെക്കാലത്തിനു ശേഷം തൻറെ കൃഷിയിടങ്ങളിൽ ചെന്നതാണ്.താൻ ഉദ്യോഗവുമായി നാടു ചുറ്റുമ്പോൾ തൻറേതുൾപ്പെടെയുള്ള കൃഷികളെല്ലാം നോക്കി നടത്തിയിരുന്നത് ഗോപുവേട്ടൻ.മറ്റു സഹോദരങ്ങൾക്കു വേണ്ടി ഉന്നത വിദ്യാഭ്യാസം പോലും വേണ്ടെന്നു വെച്ചു ആ സഹോദരസ്നേഹി.
നെൽപ്പാടങ്ങളും അതോടൊപ്പം തെങ്ങു സമൃദ്ധിയായി വളരുന്ന പറമ്പും ഒരു ചെറിയ വീടും അതോടു ചേർന്നൊഴുകുന്ന ദേശീയ ജലപാതയും. തൻറെ കുട്ടിക്കാലത്ത് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം വരുമായിരുന്നു താനും സഹോദരിമാരും ഇവിടെ എന്നും. ലോകത്തെവിടെയായിരുന്നപ്പോഴും ഇവിടുത്തെ പ്രകൃതിയെയും ഗന്ധത്തേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, നന്ദുവെന്നും.
നന്ദുവിനെ കണ്ടപാടെ അച്ഛൻറെ പഴയ പണിക്കാരൻറെ മകൻ ജോർജ് അടുത്തു വന്നു ചോദിച്ചു.
“നന്ദു എന്നു വന്നൂ.റിട്ടയർ ചെയ്തല്ലേ.ഗോപുവേട്ടൻ കഴിഞ്ഞ മാസം നാളികേരം ഇടുവിക്കുവാൻ വന്നപ്പോൾ പറഞ്ഞിരുന്നു.”
ജോർജ്ജുമായി സംസാരിച്ചു നിൽക്കുമ്പോൾ ഒരു രൂപം,സ്ത്രീരൂപം ഓടിവന്നു.എന്തോ ഒക്കെ അവ്യക്തമായി പിറുപിറുത്തു കൊണ്ടാണ് വരവ്. സാരിയും ബ്ളൌസുമെല്ലാം വലിച്ചു വാരിച്ചുറ്റിയിരിക്കുന്നു.തീഷ്ണമായ അവളുടെ കണ്ണുകൾ തന്നെ ത്തന്നെ തുറിച്ചു നോക്കുന്നതായി നന്ദുവിനു തോന്നി.
“മാധവൻ പാപ്പൻറെ മകൾ മഹിളയാണത്. നന്ദുവേട്ടൻ അറിയില്ലേ?”
പെട്ടെന്നു നന്ദു ഞെട്ടിയത് ജോർജ് അറിയാതെയിരിക്കുവാൻ അവൻ ശ്രമിച്ചു.മഹിള, തൻറെ സ്കൂൾ സഹപാഠി. ഇതെന്തു വേഷം,കോലം.അവൻ ഓർത്തു.
“എത്രയോ വർഷമായി ഞാൻ കാണുമ്പോഴൊക്കെ മഹിളച്ചേച്ചി ഇങ്ങിനെയാണ്.ഭ്രാന്താണെന്ന് നാട്ടുകാർ പറയുന്നു.ഞങ്ങളെയൊക്കെ അറിയാം.പക്ഷേ ഒന്നും സംസാരിക്കാറില്ല.എപ്പോഴും ഈ പരിസരത്തു ണ്ടാകും.തൊടിയിൽ വീഴുന്ന നാളികേരവും മറ്റും മറ്റാർക്കും തൊടാൻ അധികാരമില്ല.ഒരിക്കൽ തെക്കേതിലെ കല്ലാണിച്ചേച്ചി നാളികേരം വീണത് പിറക്കിയെടുക്കുവാൻ ശ്രമിച്ചതിന് മടലുകൊണ്ടടിച്ചു. തലപൊട്ടി.നാലു സ്റ്റിച്ചിട്ടു.ആരെങ്കിലും നിങ്ങൾക്കെന്തധികാരം ഈ ഭൂമിയും വീടുമൊന്നും നിങ്ങളുടേതല്ലല്ലോ എന്നു ചോദിച്ചാൽ അവർ പറയും ഇതെൻറെ ക്ളാസ്സ് മേറ്റിൻറേയാ, എനിക്കു പവർ ഓഫ് അറ്റോർണി തന്നിട്ടുണ്ട്അതോടെ അവരുടെ വായടയും.”
ജോർജ്ജ് തുടർന്നു.” S.S.L.C. കഴിഞ്ഞപ്പോൾ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചു.എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിൽ സ്റ്റെനോഗ്രാഫർ ആയി ജോലിയും കിട്ടി.പക്ഷേ ജോലിയിൽ പ്രവേശിച്ച അന്നു തന്നെ വൈകീട്ട് രാജിയും വെച്ചു പോന്നു.എന്തോ പേടി തട്ടിയതാണെന്നാണ് കേട്ടറിവ്.”
നന്ദു ആലോചിച്ചു,ക്ളാസിലെ നല്ലവണ്ണം പഠിക്കുന്ന കുട്ടികളിൽ ഒരാൾ.തൻറെ ഒപ്പം മാർക്കു വാങ്ങിയിരുന്നവളാണ് മഹിള.അച്ഛന് ഒരു ചെറിയ പലചരക്കുകട നടത്തുന്നതിൽ നിന്നുള്ള വരുമാനത്തിൽ നിന്നു വേണം അഞ്ചെട്ടു അംഗങ്ങളുള്ള കുടുംബം പുലരാൻ.എന്നിട്ടും മഹിള ഫസ്റ്റ് ക്ളാസിൽ എസ്.എസ്.എൽ.സി പാസായി.ആകെ പായായവർ 16. മൂന്ന് ഫസ്റ് കാളാസുള്ളതിൽ ഒന്നു തനിക്കും വാസു മേനോനും മാത്രം.കോളേജിൽ അയച്ചു പഠിപ്പിക്കുവാൻ മാധവനാശാനെക്കൊണ്ട് കഴിയില്ല.എന്നും കോളേജിൽപോകാൻ കഴിയാത്തവർ ചെയ്യുന്നതു പോലെ മാധവനാശാനും മകളെ ടൈപ്പും ഷോർട്ടു ഹാൻറും പഠിപ്പിച്ചു. താൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോൾ അറിയുന്നതാണിത്.അതിനു ശേഷം മഹിളയെ ക്കാണാൻ തനിക്കു കഴിഞ്ഞിട്ടില്ല.ജോലി കിട്ടിയതും രാജി വെച്ചതും ജോർജ്ജ് പറഞ്ഞപ്പോഴാണ് അറിയുന്നത്.
*************************************************
അവിടവിടെ വയലിൻ കരയിലും വീടിൻറെ തൊടിയിലും പുഴക്കരയിലും എന്തോ അന്വേഷിച്ചു നടക്കുന്ന ഭാവത്തിൽ നടന്നിരുന്ന മഹിള പെട്ടെന്നാണ് തൻറെ നേരെ തിരിഞ്ഞത്.
“നന്ദൂ, എന്നു വന്നു.മുടിയൊക്കെ നര വന്നൂലോ.ഭാര്യയും മക്കളും വന്നില്ലേ.എനിക്കൊന്നു കാണിച്ചു തരുമോ അവരെ.” അവൾ നിറുത്താതെ പറഞ്ഞു.
വീണ്ടും ഞെട്ടൽ.ഇവളെയാണോ നാട്ടുകാർ ഭ്രാന്തി എന്നു വിളിക്കുന്നത്.എത്ര വർഷത്തിനു ശേഷം. നാൽപ്പതോ, നാൽപ്പത്തഞ്ചോ.താൻ ആകൃതിയിലും പെരുമാറ്റത്തിലും എത്രയോ മാറിപ്പോയെന്നു തനിക്കു തന്നെ അറിയാം.എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
ഒന്നും മിണ്ടാൻ നന്ദുവിനു തോന്നിയില്ല. എന്തു പറയുമെന്നും.
എങ്കിലും കുറച്ചു നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു.
“ഭാര്യയും മക്കളും മാത്രമല്ല ഇപ്പോൾ ഒരു പേരക്കുട്ടിയും കൂടിയുണ്ട്.നാട്ടിലേക്കു മടങ്ങും മുമ്പ് ഞാൻ വരാം അവരെയും കൂട്ടി.പക്ഷേ മഹിളയെ ആ പഴയ നല്ലകുട്ടിയായി എനിക്കു കാണണം.”
നന്ദു നടന്നു നീങ്ങുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി.മഹിളയുടെ കണ്ണുകൾക്ക് നേരത്തെകണ്ട തീഷ്ണതയില്ല.
ശാന്തതയും സ്നേഹവും കലർന്ന നിറകണ്ണുകൾ തന്നെ പിന്തുടരുന്നതായി അവനു തോന്നി.
******************************* *********************** *********************
