മഴയ്ക്കും വംശനാശം സംഭവിക്കുമോ?.ജന്തുക്കൾക്കും മറ്റു ജീവജാലങ്ങൾക്കും മാത്രമേ അങ്ങിനെ സംഭവിച്ചതായി കേട്ടിട്ടുള്ളൂ.ഇനി മഴ നമ്മുടെ ഓർമ്മയിൽ മാത്രം എന്നൊക്കെ ശാസ്ത്ര ഗവേഷകർ മുന്നറിയിപ്പു നൽകുമ്പോൾ മനസിൻറെ കോണിലെവിടേയോ മുള്ളു തറക്കുന്ന വേദന.
കുട്ടിയായിരുന്നപ്പോൾ മഴയെ ശപിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. സ്കൂൾ തുറക്കുന്ന സമയമാവുമ്പോഴേക്ക് നമ്മെ ശല്യപ്പെടുത്താൻ വരുന്നൊരു ഉപദ്രവകാരി.പാവാടയും ബ്ളൌസും ധരിച്ച്മഴയത്ത് നനഞ്ഞ് ക്ളാസിലിരിക്കുമ്പോൾ വല്ലാത്തൊരു വിമ്മിട്ടം.അടുത്തിരിക്കുന്ന കൂട്ടുകാരി യും അങ്ങിനെ തന്നെ.പിന്നെ ശരീരങ്ങൾ വമിപ്പിക്കുന്ന ചൂട് തട്ടി വസ്ത്രങ്ങൾ ഉണങ്ങിക്കഴിയുമ്പോഴുള്ള ആശ്വാസം.
ഓല കെട്ടിയ ക്ളാസ്സ് മുറിയുടെ മുകളിൽ മഴ വീഴുന്ന ശബ്ദം,കുറെക്കൂടി മുതിർന്ന ക്ളാസിലായപ്പോൾ ഓടിൻറെ പുറത്തു വീഴുന്ന മഴയുടെ ആരവം, കലാശാലകളിലെ ടെറസ്സിൻറെ മുകളിൽ വീണ് കുഴലിലൂടെ ഒഴുകുന്ന മഴവെള്ളത്തിൻറെ പള പള ശബ്ദം,മൂന്നും വ്യത്യസ്തങ്ങളായ അനുഭൂതി തരുമായിരുന്നു. മഴയുടെ ശബ്ദവും പുതിയ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ വമിക്കുന്ന ഗന്ധവും കൂടിക്കലർന്ന ഓർമ്മകൾ ഇപ്പോഴും ഉണർത്തുന്നതുകൊണ്ടാവാം,വീട്ടിൽ തനിച്ചാവുമ്പോൾ മഴ തകർത്തു പെയ്യുമ്പോൾ മഴാരവത്തിൻറെ അകമ്പടിയോടെ തകര ഷീറ്റുകളുടെ പാളികളിലൂടെ സമാന്തരരേഖകളായി ഭൂമിയിൽ പതിച്ച് ഭൂമിയുടെ ദാഹം തീർക്കാൻ ഒഴുകിയോടുന്ന മഴത്തുള്ളിക്കൂട്ടം നോക്കി നിൽക്കാൻ ആർത്തി പൂണ്ട കൊതി.
മഴക്കാലത്ത് പനിപിടിച്ചു കിടക്കുന്നതു പോലും സുഖമുള്ള ഓർമ്മയായിരുന്നില്ലേ തനിക്ക്.എന്നാൽ ഇന്ന്? മഴക്കാലം വരവായി എന്നു കേൾക്കുമ്പോൾ ത്തന്നെ ആകെ ഒരസ്വസ്ഥത.രോഗങ്ങളുടെ കാലം എന്നു വിളിപ്പേരിട്ടു വിളിക്കുന്നൂ നമ്മൾ അതിനെ.അതിനാലായിരിക്കണം ഇങ്ങിനെ തോന്നുന്നത്.വസന്തത്തെ എങ്ങിനെ നാം എതിരേൽക്കുന്നുവോ അതിൽ കൂടുതലായി മഴയെ എതിരേൽക്കേണ്ടതല്ലേ?. ഭൂമിക്ക് നിലനിൽപ്പ് നൽകുന്ന മഴയെ സ്നേഹിച്ചു തുടങ്ങിക്കൂടെ നമുക്കു വീണ്ടും.
മഴ എന്നത് ഇനി ഒരു കിട്ടാക്കനിയായി മാറുമോ.എല്ലാവരും അങ്ങിനെ പറയുന്നു.നമുക്കു പ്രാർത്ഥിക്കാം വരുണനോട്.പഴയ മഴയെ നമുക്ക് തിരികെ തരൂ………….
ഏവർക്കും ആരോഗ്യത്തിൻറേയും സന്തോഷത്തിൻറേയും ആത്മനിർ വൃതിയുടേയും പോയകാലത്തിൻറെ പുന:സമാഗമത്തിൻറേയും നല്ലൊരു വർഷക്കാലം ആശംസിക്കുന്നു.
