എന്റെ പ്രിയപ്പെട്ട രാജൂ,
നിനക്കെന്തേ ഇങ്ങിനെ തോന്നാൻ.സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടി നടന്ന് തനിക്കു വേണ്ടി ഒന്നും ചെയ്യാനാവാതെ, വിളക്കിലെ തീനാളം പോലെ മറ്റുള്ളവർക്കായി പ്രകാശം പരത്തി നൽകി നീ എരിഞ്ഞടങ്ങുകയായിരുന്നുവോ.
അച്ഛന്റെ പ്രായമുള്ള എനിക്കുപോലും വഴികാട്ടിയായി വർത്തിച്ച നീ,എന്നോടുപോലും പറയാതെ ഒരു രാത്രിയിൽ ദൈവം തന്ന ഒരേയൊരു ജീവിതം വലിച്ചെറിഞ്ഞ് ആത്മഹത്യയിൽ അഭയം തേടിയതെന്തിന്.നിന്റെ വൈവാഹിക ജീവിതത്തിൽ എന്തെങ്കിലും കരടുണ്ടായിരുന്നുവെന്നോ,എല്ലാ കാര്യ ങ്ങളും തുറന്നു ചർച്ച ചെയ്തിരുന്ന നമ്മൾക്കിടയിൽ ഒരു രഹസ്യം മാത്രം ബാക്കി വെച്ച് നീ മടങ്ങുമെന്നോ എപ്പോഴെങ്കിലും ഒരു സൂചന തന്നിരുന്നെങ്കിൽ എനിക്ക് ഫലപ്രദമായി ഇടപെടാമായിരുന്നു.എങ്കിൽ നിന്നെ എനിക്കും നിന്റെ കുടുംബത്തിനും നഷ്ടമാകുമായിരുന്നില്ല.ഇളയച്ഛൻ എന്നതിലുപരി നല്ല രണ്ടു സുഹൃത്തുക്കൾ കൂടിയായിരുന്നില്ലേ നമ്മൾ.
നിന്നെ വെറുക്കുന്നവരോ,ശത്രുവായി കാണുന്നവരോ ആരും ഉണ്ടാകില്ല എന്നതായിരുന്നു എന്റെ വിശ്വാസം.ഇപ്പോഴും അതു തന്നെ.പക്ഷേ നിന്റെ മരണം, സ്വയം വരിച്ച മരണം ,നിന്നെ വെറുക്കുന്നത് നീ മാത്രമാണ് എന്ന നിന്റെ തിരിച്ചറിവിലായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.അതു മാത്രമായിരിക്കില്ല.നിന്റെ ജീവിതത്തിൽ എന്തിനും ഏതിനും അവസാനം വരെ തണലായിരിക്കേണ്ട വ്യക്തിയിൽ നിന്നും അത്രമാത്രം നീ അകന്നുപോയിരു ന്നുവോ.
എങ്കിൽ നിനക്കു തെറ്റി.ഈ ഭൂമിയിൽ ജീവിതാവസാനം വരെ സ്നേഹം പരസ്പരം നൽകി പിരിഞ്ഞുപോയവർ കോടികളിൽ ഒരു ജോടി മാത്രമായിരിക്കും.എന്നേയും നിന്റെ ആന്‍റിയേയും നിന്റെ റോൾ മോഡൽ ദമ്പതികളായി നീ കണക്കാക്കിയിരുന്നതും മറ്റുള്ലവരുടെ മുമ്പിൽ അതു പരസ്യമായി പ്രഖ്യാപിക്കുവാനും നീ ശ്രമിക്കുമ്പോഴും എല്ലാം തികഞ്ഞവരായിരുന്നില്ല ഞങ്ങൾ പോലും എന്ന യാഥാർത്ഥ്യം നിന്നോട് പറഞ്ഞു തരാൻ എന്റെ ഈഗോ ഒരു തടസ്സമായിരുന്നതെന്തേ.എന്റെ പുരുഷ മേധാവിത്വത്തിന്റെ തീഷ്ണതയിൽ നിന്റെ ആന്റി വിനീത വിധേയയായ അടിമയായ ഒരു ഭാര്യ ആയിരുന്നിരിക്കാം.അതിൽ അവൾ ആനന്ദം കണ്ടെത്തുന്നവളായിരിക്കാം.അതു നീ പരിശുദ്ധമായ പ്രണയമായും സ്നേഹമായും തെറ്റിദ്ധരിച്ചുവോ.അതുമായി നിങ്ങളുടെ കുടുംബജീവിതം താര തമ്യം ചെയ്തുവോ. അതിന്റെ അവസാനമായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.
നിന്നെ സ്വയം ഇല്ലാതാക്കുമ്പോൾ നിന്റെ ഇത്തിരിയില്ലാത്ത മകനേയും അനാഥയായ ഭാര്യയേയും നീ എന്തേ ഓർത്തില്ല.നമുക്ക് ജീവിതത്തിൽ റോൾ മോഡലുകൾ ഇല്ല.നമ്മുടെ റോൾ മോഡലുകൾ നാം മാത്രം.കാരണം നമ്മുടെ ജീവിതം നമ്മുടേതു മാത്രം.
ഇതു നിന്നെ പറഞ്ഞു മനസ്സിലാക്കിക്കുവാൻ ഞാൻ വൈകിപ്പോയോ.
എങ്കിൽ രാജൂ- മാപ്പ്.
