ലിഫ്റ്റ്- വിദ്യാനന്ദൻ മറ്റപ്പിള്ളി

അവൾ അവനെ കാത്തു നിൽക്കുകയായിരുന്നു.അവൾ ഓർത്തു,എന്താണ് അദ്ദേഹം ഇന്ന് ഇത്രയേറെ വൈകുന്നത്.അവൾ അക്ഷമയായി ആ ബസ്സ് സ്റ്റോപ്പിൽ നിന്നു.ബസ്സ് സ്റ്റോപ്പിലെ ചവിട്ടു പടിയിൽ കണ്ട കല്ലിന്മേൽ അക്ഷമയോടെ ചവിട്ടി. സെക്കൻറുകൾ ഇടവിട്ട് കയ്യിലെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു അവൾ.

ഇങ്ങിനെ ലേറ്റ് ആവുക അദ്ദേഹത്തിന്റെ പതിവല്ലല്ലോ.താനാണ് പിന്നെയും ചിലപ്പോഴെങ്കിലും ലേറ്റ് ആവുക.ബോസ്സ് വൈകുന്നേരങ്ങളിൽ അവസാനം ഏൽപ്പിക്കുന്ന  ജോലിയും കൂടെ തീർത്തിട്ട് പോയാൽ മതിയെന്നു പറയുമ്പോൾ ചിലപ്പോൾ താൻ വൈകും.താൻ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടാകും.ഇന്നെന്താണിത്രയും വൈകുന്നത്.

തിങ്ങിനിറഞ്ഞ് ഒരു ബസ്സ് വന്നു നിന്നു.യാത്രക്കാരിൽ കൂടുതലും അടുത്തുള്ള ഐ.ടി.ഓഫീസുകളിലെ “ടെക്കി”കൾ.അവരുടെയെല്ലാം നോട്ടം തന്റെ മേൽ വിഴുന്നതവൾ അറിഞ്ഞു.ഉയരം കൂടി, വണ്ണം തീരെക്കുറഞ്ഞതെങ്കിലും വേണ്ട ഭാഗങ്ങളിൽ നിമ്നോന്നതങ്ങൾ നിറഞ്ഞ ശരീരമാണ് തൻറേതെന്ന് അവൾക്കറിയാം.നീളം കൂടി തിരമാലകൾ പോലെ ചുരുണ്ട മുടികൾ തോളിനു ചുറ്റും തിങ്ങിക്കൂടി ക്കിടക്കും.

എന്നാൽ ഇന്നവളുടെ മുഖം വിവർണ്ണവും കണ്ണുകൾ ആകാംഷയാൽ വിടർന്നതുമായി കാണപ്പെട്ടു.

അവൾ തൻറെ ബാഗിൽ നിന്നും മൊബൈൽ ഫോൺ വലിച്ചെടുത്തു.നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു കാത്തു നിന്നു.ബസ് സ്റ്റോപ്പിലുള്ളവരുടെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞിരുന്നു.സുന്ദരിയായ അവൾക്കെന്തോ സംഭവിക്കാൻ പോകുന്നൂവെന്ന മട്ടിലായിരുന്നു അവരുടെ നോട്ടം മുഴുവനും.നേഹയെന്ന പേരുള്ള അവൾ ഇതിനകം പരിഭ്രാന്തയായി ക്കഴിഞ്ഞിരുന്നു.

അദ്ദേഹം എവിടെയാണ്.തൻറെ കോളുകളൊന്നും എടുക്കുന്നില്ലല്ലോ. അ ദ്ദേഹത്തിൻറെ സിൽവർ ഗ്രേ ഹോണ്ട സിവിക്ക് വരുന്നതിൻറെ ഒരു ലക്ഷണവുമില്ലല്ലോ.

കാത്തു നിൽക്കണോ.അവൾ ചിന്തിച്ചു.അയാളെ ചീത്തപറഞ്ഞ് ഒരു മെസ്സേജുമയച്ചിട്ട് വീട്ടിൽ പോയാലോ.അവൾ ചിന്തിച്ചു.

എന്തു വേണമെന്ന് ആശങ്കപ്പെട്ടവൾ നിൽക്കെ അവൾക്കരികിലൊരു ബൈക്ക് വന്നു നിന്നു.ബൈക്ക് ഓടിച്ചിരുന്നയാൾ മുഴുവനായി മുഖം കവർ ചെയ്യുന്ന ഹെൽമെറ്റായിരുന്നു ധരിച്ചിരുന്നത്.അതുകൊണ്ടുതന്നെ ആളെ മനസ്സിലാകുമായിരുന്നില്ല.ഹെൽമെറ്റിൻറെ മുൻ വശത്തെ മൈക്ക ഷെൽട്ടർ ഉയർത്തിക്കൊണ്ട് അയാൾ വിളിച്ചു.

“ഹേയ് സുന്ദരീ.”

തന്നെയല്ല അയാൾ വിളിച്ചതെന്ന് അവൾ ആദ്യം വിചാരിച്ചെങ്കിലും അയാളുടെ നോട്ടം ഏറ്റുവാങ്ങാൻ മറ്റാരും അവിടെ ഉണ്ടായിരുന്നില്ലാ ത്തതിനാൽ തന്നെത്തന്നെയാണയാൾ വിളിച്ചതെന്ന സത്യം അവൾ മനസിലാക്കി. അയാൾ പുഞ്ചിരിച്ചുകൊണ്ട് മുക്കാലും മറഞ്ഞ ഹെൽമെറ്റിലൂടെ അവളെ പാളിനോക്കി, “പോരുന്നോ” എന്നു അയാൾ ചോദിക്കുന്നതുപോലെ അവൾക്കു തോന്നി.

“ഞാൻ മറ്റൊരാളെ കാത്തു നിൽക്കുകയാണ്.”

അവൾ പറഞ്ഞൂ.

“അറിയാം”.അയാൾ പതുക്കെ പറഞ്ഞു.

“എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് അയാൾ നിങ്ങളെ പിക്കപ്പ് ചെയ്യാൻ വരാറുണ്ടല്ലോ.പിന്നെ ഇന്നെന്തു പറ്റി.വിളിച്ചു നോക്കിയില്ലേ.”

അവൾക്ക് ദ്യേഷ്യം വന്നു തുടങ്ങിയിരുന്നു.

ഇയാളെന്തിനാണിതൊക്കെ ചോദിക്കുന്നത്.ഇയാളുടെ ചോദ്യത്തിന് ഞാനെന്തിന് മറുപടി കൊടുക്കണം.നാലുപാടുമുള്ള കണ്ണുകൾ തന്നെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരിക്കുന്നു.കാര്യങ്ങൾ പന്തിയല്ല എന്നവൾ മനസ്സിലാക്കി.

അവൾ പറഞ്ഞു “ഞാൻ വിളിച്ചു നോക്കി പക്ഷേ എടുക്കുന്നില്ല.എങ്കിലും അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.നിങ്ങളൊന്നു പോയിത്തരുമോ.”

അയാൾ ബൈക്കിൻറെ ടാങ്കിൽ കൈകുത്തി നിന്നുകൊണ്ട് പറഞ്ഞു,”അയാൾ പുറത്തെവിടെയെങ്കിലും പോയിരിക്കും.കയറൂ, ഞാൻ നിങ്ങളെ വിട്ടിലെത്തിക്കാം.അതോ കാറിൽ വരുന്നവർ ലിഫ്റ്റ് തന്നാൽ മാത്രമേ സ്വീകരിക്കൂ എന്നുണ്ടോ”.

അതു കേട്ട് അതിയായ ദ്യേഷ്യം വന്നവൾ അലറി.

“പോടോ”

അതുംപറഞ്ഞ് ബസ് സ്റ്റോപ്പിൻറെ മറ്റേ അറ്റത്തേക്കവൾ മാറി നിന്നു.

നേരം വൈകിക്കൊണ്ടിരുന്നു.7.15 ആയിരിക്കുന്നു.കൃത്യം 5.15 ന് താനിവിടെ വന്നതാണ്.

പടിഞ്ഞാറു ചക്രവാളത്തിലെ ഇളം ചുവപ്പു നിറം മാറി കടും ചുവപ്പായിരിക്കുന്നു.

അതിലെ വന്ന രണ്ടു മൂന്നു ഓട്ടോ റിക്ഷകൾക്ക് അവൾ കൈകാണിച്ചു.അവർ വണ്ടി നിറുത്തിയില്ല.

എന്തും നേരിടാൻ തന്നെ അവൾ തയ്യാറായി.വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു.ബൈക്കുകാരൻ പോയിട്ടില്ലായിരുന്നു.അവൾ നടക്കുമ്പോൾ അതേ വേഗതയിൽ അയാളും പിറകെ ഉണ്ടായിരുന്നു.ഒരു ഘട്ടത്തിൽ അവളെ ഓവർടേക്ക് ചെയ്തുകൊണ്ട് അവളുടെ മുമ്പിൽ അയാൾ ബൈക്കു നിറുത്തി.ഇരുണ്ട വെളിച്ചത്തിൽ അയാൾ തൻറെ ഹെൽമെറ്റ് ഊരിക്കൊണ്ട് അവളുടെ നേർക്കടുത്തു.

താൻ അപകടത്തിൽ പെട്ടിരിക്കുന്നുവെന്നവൾ തിരിച്ചറിഞ്ഞു.

നെഞ്ചത്തു കൈ വെച്ചു കൊണ്ട് സകല ദൈവങ്ങളേയും വിളിച്ചവൾ പ്രാർത്ഥിച്ചു.അവളുടെ രക്ഷക്കായി വിളിച്ചു.കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായ് ഒഴുകി.

അയാൾ അടുത്തു വന്നൂ.അവളുടെ കണ്ണുനീർ പതിയെ തുടച്ചു.

എന്നിട്ടു പറഞ്ഞൂ.

“വരൂ.എന്നോട് ദ്യഷ്യപ്പെടല്ലടോ.എൻറെ മുഖത്തു സൂക്ഷിച്ചു നോക്കെടോ.”

അവൾ തൻറെ കണ്ണുകൾ വിടർത്തി അയാളെ നോക്കി.

അവൾക്കു വിശ്വസിക്കാനായില്ല.അത് അവളുടെ സന്തോഷ് ആയിരുന്നു. സ്വന്തം ഭർത്താവ്.

നേഹ പൊട്ടിത്തറിക്കുന്നതിനു മുമ്പായി അയാൾ പറഞ്ഞു.

“ഈ റോഡിൽ വെച്ച് ഞാൻ മാപ്പ് പറയണോ.വേണ്ട എങ്കിൽ ഞാൻ പറയുന്നതൊന്നു കേൾക്കണം താൻ”

“എൻറെ മൊബൈൽ ഓഫീസിൽ വെച്ചു മറന്നു.താൻ ഇവിടെ കാത്തു നിൽക്കു ന്നുവെന്നറിയാവുന്നുകൊണ്ട് മടങ്ങിപ്പോയില്ല”.

“പിന്നെ നിങ്ങൾ എന്താ ഇത്ര താമസിച്ചത്”.നേഹ ചോദിച്ചു,

“ഞാനെത്ര വിഷമിച്ചുവെന്ന് നിങ്ങൾക്കറിയാമോ.ബസ് സ്റ്റോപ്പിലുണ്ടായി രുന്നവരെല്ലാം എന്നെ തുറിച്ചു നോക്കുകയായിരുന്നു.”

“എൻറെ കാർ ഫ്ലൈ ഫ്ളൈ ഓവറിൽ വെച്ച് ടയർ പഞ്ചറായി.കാറിൻറെ സ്റ്റെപ്പിനി കഴിഞ്ഞ പ്രാവശ്യം വർക്ക് ഷോപ്പിൽ നിന്നും എടുക്കുവാൻ മറന്നിരുന്നു.ഗാരേജിൽ നിന്നും സ്റ്റെപ്പിനിയുമായി ആൾ വരുന്നതു വരെ ഞാനവിടെ നിന്നു.കാർ അയാളെ ഏൽപ്പിച്ചു,എത്രയു വേഗം തൻറെ അടുത്തെത്താൻ ഞാൻ അയാളുടെ ബൈക്കുമെടുത്ത് പായുകയായിരുന്നു.”

“നിങ്ങൾ എന്നെ വിശ്വസിപ്പിക്കുവാൻ എക്സ്ക്യൂസ് പറയുകയാണ്”.അവൾ വെറുതെ മുരണ്ടു.

“ഇല്ല മുത്തേ ഇന്നു രാത്രിയിൽ തന്നെപ്പറഞ്ഞ് മനസ്സിലാക്കും.ഉറപ്പ്.”

അവളുടേയും മനസ്സ് ഉരുകുകയായിരുന്നു.

അവളുടെ കൈപിടിച്ച് ബൈക്കിനടുത്തേക്ക് അയാൾ നീങ്ങി.

ബസ്സ് സ്റ്റോപ്പിൽ സംഭവിച്ചതെന്തെന്നറിയാതെ നാളത്തെ ഗോസിപ്പുകൾക്കായി കാത്തു നിന്ന ജനത്തെ കൈ വീശിക്കാണിച്ചുകൌണ്ട് അവളെ ബൈക്കിൻറെ പുറകിലെ സീറ്റിലേക്ക് വലിച്ചു കയറ്റിക്കൊണ്ട് അയാൾ പറന്നു.അന്നേരം അവളുടെ കൈ അയാളുടെ ശരീരത്തെ ആകെ വരിഞ്ഞു മുറുക്കിയിരുന്നു.

ബൈക്ക് കുറെ ഓടിക്കഴിഞ്ഞപ്പോഴാണ് സ്നേഹക്ക് സ്ഥലകാല ബോധം വന്നത്.

അവൾ പറഞ്ഞൂ. “നിങ്ങൾ എന്തു മഠയത്തരമാണ് ചെയ്തത് നാളെ ഞാനെങ്ങിനെ ഓഫീസിലെ ഗോസിപ്പുകളെ നേരിടും”

ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി.

ഒരു അഭിപ്രായം ഇടൂ