മൂർച്ചയുള്ള കണ്ണുകളുള്ള പെൺകുട്ടി

ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലം ആർക്കോണത്തു നിന്നും വണ്ടി കയറും ഓടി പിടിച്ചാണ് വണ്ടിയിൽ കയറുക. മകനും മരുമകളും രാവിലെ മകനെ സ്കൂളിലാക്കാൻ പാടുപെടുന്നതിനിടയിൽ എനിക്കു കഴിക്കാനുള്ളത് കൂടി മരുമകൾ ശരിയാക്കി പാത്രത്തിൽ ആക്കി തരും. ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ താൻ ദൈവത്തോട് നന്ദി പറയുകയായിരുന്നു എന്നും. അദ്ദേഹം ഏതാണ്ട് 24 മണിക്കൂറും സർക്കാർ ജോലിയും അതിൻറെ ടെൻഷനുമായി നടക്കുന്നതിനിടയിൽ എല്ലാം മറക്കുന്ന പ്രകൃതം. ഒന്നരമണിക്കൂർ നീളുന്ന ട്രെയിൻ യാത്രയിലാണ് ജീവിതത്തിൽ സഹയാത്രികരായ മറ്റുള്ളവരുടെവിശേഷങ്ങൾ തിരക്കി അറിയുന്നതും ഓരോ ദിവസത്തെ ദിനചര്യകൾ അയവിറക്കുന്നതും.

അതിൽ എന്നും കാണുന്ന ഒരു തമിഴ് ഗ്രാമീണ പെൺകുട്ടിയുടെ മുഖമുണ്ട്. അവളെ താനെന്നും ശ്രദ്ധിക്കും. നല്ല മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് തന്നെ ഉഴിയുന്നവൾ. എന്നാൽ അധികം സംസാരിക്കാത്ത പ്രകൃതം. ഒരു ദിവസം താൻ കയറിയങ്ങ് അവളെ പരിചയപ്പെട്ടു. ആദ്യം ഒന്നും അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. അവൾ എന്നെ അക്കൻ എന്നു വിളിച്ചു തുടങ്ങി. മെല്ലെ മെല്ലെ തൻറെ മരുമകളെപ്പോലെ സ്വഭാവ ശുദ്ധിയും സ്നേഹവും ഉള്ളവളാണ് അവളും എന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടു വിശേഷങ്ങൾ ഞാൻ അവളോട് പറഞ്ഞിരുന്നെങ്കിലും തിരിച്ചുള്ള കുടുംബ പുരാണം ഒന്നും അവൾ എന്നോടോ മറ്റു സഹയാത്രികരോടോ പറഞ്ഞിരുന്നില്ല.
ഒരിക്കൽ ഞാൻ ചോദിച്ചു

“നീ എന്താണ് നിന്റെ കുടുംബത്തെ പറ്റി ഒന്നും എന്നോട് പറയാത്തത്”

“ഞാൻ പിന്നീടൊരു നാൾ പറയാം അക്കാ”അവൾ പറഞ്ഞു.

എവിടെയോ മിഴിനട്ട് ട്രെയിനിന്റെ ഓട്ടവും നോക്കിയിരിക്കും പോലെ തനിക്ക് തോന്നി.
“അല്ലെങ്കിൽ എന്തിനാ അക്കാ ഇന്ന് തന്നെ ഞാൻ എല്ലാം പറയാം”
അവൾക്ക് വീണ്ടു വിചാരമുണ്ടായതായി എനിക്ക് തോന്നി.

അവൾ തന്റെ കഥ പറഞ്ഞു.

നാലു കുട്ടികളും ഭർത്താവിന്റെ സഹോദരിയും സഹോദരി ഭർത്താവും അടങ്ങുന്ന കുടുംബം ആയിരുന്നു തന്റേത്. തൻറെ ഭർത്താവിന് ഒരു വർക്ക്ഷോപ്പിലായിരുന്നു ജോലി. ജോലിക്കിടയിൽ ഒരു ദിവസം അപകടത്തിൽ ഭർത്താവ് മരിച്ചു.

നാലു മക്കളെ ഓർത്തു കണവൻ മരിച്ച അന്ന് മുതൽ എന്തുകൊണ്ടോ അവളും കുട്ടികളും കിടക്കുന്ന കട്ടിലിന്റെ കോസടിക്കു താഴെ മൂർച്ചയുള്ള ഒരു കത്തി സൂക്ഷിച്ചിരുന്നു അവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനായി.
കുറേ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി
കണവൻ ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിലെ ക്ലീനിങ്ങും മറ്റു ചെറിയ ജോലികളും അതിൻറെ കൂലിയും മുതലാളി അവൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല. മൂന്നു കുട്ടികൾക്ക് സ്കൂളിലും മറ്റും പോകുന്നതിനും ഭക്ഷണത്തിനും ആ തുക തുഛമായിരുന്നു. ഭർത്താവിൻറെ സഹോദരന്റെയും നാത്തൂന്റെയും വരുമാനത്തിൽ നിന്നുള്ള പണം കൂടി കിട്ടിയിട്ടാണ് ചിലവുകൾ കഷ്ടിച്ച് നടന്നുപോവുക. അതിന് നാത്തൂന്റെ കുത്തുവാക്കുകളും ശാപവും നിറഞ്ഞ വാക്കുകൾ നിത്യവും കേൾക്കണം.

ഒരു രാത്രി നല്ല മഴയുള്ള ദിവസം. ആരോ കതക് തുറക്കുന്ന ശബ്ദം കേട്ടു അവൾ ഉണർന്നു. അവളുടെ കൈ വെട്ടുകത്തിയിൽ ഇതിനകം അമർന്നു കഴിഞ്ഞിരുന്നു.
ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവൾ കണ്ടു തൻറെ ഭർത്തൃ സഹോദരനെ. അവൾ ശബ്ദമുണ്ടാക്കാതെ കിടന്നു.

പെട്ടെന്നാണ് അവളുടെ മേൽ ആക്രമണം ഉണ്ടായത്. അയാളിലെ കണ്ണുകളിലെ കാമാഗ്നി ആ മിന്നൽ വെളിച്ചത്തിലും അവൾ കണ്ടു. അവളുടെ കത്തി തലങ്ങും വിലങ്ങും ശക്തിയോടെ വീശപ്പെട്ടു. ഏതോ ഒരു വെട്ടിന്
“മ്മാ……….. എന്ന ഒരു ശബ്ദം കേട്ടു.

അവളുടെ മനസ്സിൽ പോലീസ്, ജയിൽ, കുഞ്ഞുങ്ങൾ, എല്ലാ ചിന്തകളും ഒരു നിമിഷം കൊണ്ട് ഓടിമറഞ്ഞു. പിന്നെയൊന്നും ആലോചിച്ചില്ല ഇളയകുട്ടിയെ വാരിയെടുത്ത് മുതിർന്ന മൂന്നിനെയും തടുത്തു കൂട്ടി വലിച്ചു നിരത്തിലേക്ക് ഓടി. അടുത്തുള്ള ആഴമുള്ള തടാകം ആയിരുന്നു അവളുടെ ലക്ഷ്യം.

ഇടിയും മഴയും കാറ്റും. റോഡ് വിജനം. അതിവേഗത്തിൽ വന്ന ഒരു കാർ അവളെയും കുഞ്ഞിനെയും തട്ടി. പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തു. പിന്നെയൊന്നും അവൾക്ക് ഓർമ്മയില്ല.

ഓർമ്മ വീണപ്പോൾ ആശുപത്രിയുടെയും മരുന്നുകളുടെയും ഗന്ധം. അരികിൽ നഴ്സുമാർ.
അവൾ ചോദിച്ചു “എൻ കുളന്തൈകൾ എങ്കേ”
ഡ്യൂട്ടി ഡോക്ടർ ഒരു മലയാളിയായിരുന്നു. അത്യാവശ്യം തമിഴും അറിയാമായിരുന്നു.
അയാൾ പറഞ്ഞു
“അവർക്ക് ഒരു കുഴപ്പവുമില്ല. ഇളയ കുട്ടിക്ക് ചെറിയ മുറിവുണ്ട്. അവനിടയ്ക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്നുണ്ട് മറ്റു രണ്ടുപേരും അവൻറെ അടുത്ത് വാർഡിൽ ഉണ്ട്”

അവൾക്ക് തൽക്കാലം സമാധാനമായി.
അവൾ ചെറിയ കുട്ടിയുടെ അടുത്ത് പോകാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് തലയിലെയും കാലിലെയും കെട്ടുകൾ കണ്ടതും തല വേദനിക്കുന്നതും.
ഡോക്ടർ പറഞ്ഞു “വേണ്ട തല അനക്കേണ്ട. തലയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്. മോനെ ഞങ്ങൾ ഇവിടെ കൊണ്ടുവന്ന് കാണിക്കാം.”

നാലു പേരെയും നഴ്സ് കൊണ്ടുവന്നു കാണിച്ചു. അവൾക്ക് സമാധാനമായി ഇളയതിനെ അവൾ ഉമ്മ വച്ചു.
പിന്നീടാണ് നേഴ്സ് വിവരങ്ങളെല്ലാം അവളെ ധരിപ്പിക്കുന്നത്.
ഈ ആശുപത്രിയുടെ ഉടമയും സീനിയർ ഡോക്ടറുമായ ദീപക് ചന്ദിന്റെ കാറിൻറെ മുമ്പിലേക്കാണ് കാവേരി കുട്ടികളെയും കൊണ്ട് ചാടിയത്. അദ്ദേഹവും ഡ്രൈവറും കൂടിയാണ് കാവേരിയെയും കുട്ടികളെയും ഇവിടെ എത്തിച്ചു വേണ്ട കുത്തിക്കെട്ടുകളും ഇഞ്ചക്ഷനും നൽകിയത്. കാവേരിക്ക് ഓർമ വീണാൽ അദ്ദേഹത്തെ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
അല്പസമയം കഴിഞ്ഞ് ഡോക്ടർ വന്നു. ഏതാണ്ട് 50 വയസ്സ് പ്രായം വരും. അദ്ദേഹത്തിൻറെ പെരുമാറ്റം കാവേരിക്ക് ഇഷ്ടമായി. സ്വന്തം അച്ഛനെ അടുത്തുകിട്ടിയത് പോലെ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.
***************
ഏതാണ്ട് ഒരു മാസം വരെ ഡോക്ടറുടെ വീട്ടിൽ അവളും കുട്ടികളും കഴിഞ്ഞു. മക്കളില്ലാത്ത ഡോക്ടർക്കും ഭാര്യക്കും ഒരു കൂട്ടായി. അവരുടെ പ്രൈവറ്റ് കൺസൾട്ടിംഗ് റൂമിനോട് ചേർന്ന് ഔട്ട് ഹൗസിൽ താമസസൗകര്യം ഏർപ്പെടുത്തി കൊടുത്തു ഡോക്ടർ. മാത്രമല്ല ആശുപത്രിയിൽ അറ്റൻഡറുടെ ജോലിയും ഒരുവിധം ശമ്പളവും അദ്ദേഹം നൽകിയിരുന്നു.
കാവേരി അച്ഛനെ പോലെ കരുതുന്ന ഡോക്ടറോടും അദ്ദേഹത്തിൻറെ ഭാര്യയോടും ഇതിനകം തൻറെ ജീവിതകഥ മുഴുവനും വിശദമായി പറഞ്ഞു കേൾപ്പിച്ചിരുന്നു. ഒരു മകൾ ഇല്ലാത്ത കുറവ് കാവേരി ഡോക്ടറേയയും ഭാര്യയെയും അറിയിക്കാതെ പണിയെടുത്തു. എല്ലാം അവൾ തന്നെ നോക്കും. ആശുപത്രിയിൽ ജോലി കഴിഞ്ഞാൽ വീട്ടിലെയും ക്ലിനിക്കിലെയും.
ഒരു ദിവസം ഡോക്ടറോട് അവൾ ചോദിച്ചു.
” ഞാൻ വെട്ടിയിരിഞ്ഞ ആ കശ്മലൻ ചത്തോ എന്നെ പോലീസുകാർ കൊണ്ടുപോകുമോ”
“അതിനി കാവേരി പേടിക്കേണ്ട. അവനും നമ്മുടെ ആശുപത്രിയിൽ ആ ദിവസങ്ങളിൽ ചികിത്സയിൽ ഉണ്ടായിരുന്നു. അവൻറെ വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അപകടത്തിൽ പറ്റി എന്നാണ് പോലീസിൽ മൊഴി. കേസ് എഴുതി തള്ളുകയും ചെയ്തു.”
അവൾക്ക് ആശ്വാസമായി ഇപ്പോഴും അവൾക്ക് കിട്ടിയ സന്തോഷം ട്രെയിൻ യാത്രയിലൂടെ സ്വയം പങ്കുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ അവളോട് യാത്ര പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അക്കാ, ഇനി നാളെ കാലൈ പാർക്കലാം”


ഒരു അഭിപ്രായം ഇടൂ