ലേഖകന്‍: വിദ്യ മറ്റപ്പിള്ളി

റോൾ മോഡൽ..

എന്റെ പ്രിയപ്പെട്ട രാജൂ,

(An imotional extravaganza)

നിനക്കെന്തേ ഇങ്ങിനെ തോന്നാൻ.സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടി നടന്ന് തനിക്കു വേണ്ടി ഒന്നും ചെയ്യാനാവാതെ, വിളക്കിലെ തീനാളം പോലെ മറ്റുള്ളവർക്കായി പ്രകാശം പരത്തി നൽകി നീ എരിഞ്ഞടങ്ങുകയായിരുന്നുവോ.

അച്ഛന്റെ പ്രായമുള്ള എനിക്കുപോലും വഴികാട്ടിയായി വർത്തിച്ച നീ,എന്നോടുപോലും പറയാതെ ഒരു രാത്രിയിൽ ദൈവം തന്ന ഒരേയൊരു ജീവിതം വലിച്ചെറിഞ്ഞ് ആത്മഹത്യയിൽ അഭയം തേടിയതെന്തിന്.നിന്റെ വൈവാഹിക ജീവിതത്തിൽ എന്തെങ്കിലും കരടുണ്ടായിരുന്നുവെന്നോ,എല്ലാ കാര്യ ങ്ങളും തുറന്നു ചർച്ച ചെയ്തിരുന്ന നമ്മൾക്കിടയിൽ ഒരു രഹസ്യം മാത്രം ബാക്കി വെച്ച് നീ മടങ്ങുമെന്നോ എപ്പോഴെങ്കിലും ഒരു സൂചന തന്നിരുന്നെങ്കിൽ എനിക്ക് ഫലപ്രദമായി ഇടപെടാമായിരുന്നു.എങ്കിൽ നിന്നെ എനിക്കും നിന്റെ കുടുംബത്തിനും നഷ്ടമാകുമായിരുന്നില്ല.ഇളയച്ഛൻ എന്നതിലുപരി നല്ല രണ്ടു സുഹൃത്തുക്കൾ കൂടിയായിരുന്നില്ലേ നമ്മൾ.

നിന്നെ വെറുക്കുന്നവരോ,ശത്രുവായി കാണുന്നവരോ ആരും ഉണ്ടാകില്ല എന്നതായിരുന്നു എന്റെ വിശ്വാസം.ഇപ്പോഴും അതു തന്നെ.പക്ഷേ നിന്റെ മരണം, സ്വയം വരിച്ച മരണം ,നിന്നെ വെറുക്കുന്നത് നീ മാത്രമാണ് എന്ന നിന്റെ തിരിച്ചറിവിലായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.അതു മാത്രമായിരിക്കില്ല.നിന്റെ ജീവിതത്തിൽ എന്തിനും ഏതിനും അവസാനം വരെ തണലായിരിക്കേണ്ട വ്യക്തിയിൽ നിന്നും അത്രമാത്രം നീ അകന്നുപോയിരു ന്നുവോ.

എങ്കിൽ നിനക്കു തെറ്റി.ഈ ഭൂമിയിൽ ജീവിതാവസാനം വരെ സ്നേഹം പരസ്പരം നൽകി പിരിഞ്ഞുപോയവർ കോടികളിൽ ഒരു ജോടി മാത്രമായിരിക്കും.എന്നേയും നിന്റെ ആന്‍റിയേയും നിന്റെ റോൾ മോഡൽ ദമ്പതികളായി നീ കണക്കാക്കിയിരുന്നതും മറ്റുള്ളവരുടെ മുമ്പിൽ അതു പരസ്യമായി പ്രഖ്യാപിക്കുവാനും നീ ശ്രമിക്കുമ്പോഴും എല്ലാം തികഞ്ഞവരായിരുന്നില്ല ഞങ്ങൾ പോലും എന്ന യാഥാർത്ഥ്യം നിന്നോട് പറഞ്ഞു തരാൻ എന്റെ ഈഗോ ഒരു തടസ്സമായിരുന്നതെന്തേ.എന്റെ പുരുഷ മേധാവിത്വത്തിന്റെ തീഷ്ണതയിൽ നിന്റെ ആന്റി വിനീത വിധേയയായ അടിമയായ ഒരു ഭാര്യ ആയിരുന്നിരിക്കാം.അതിൽ അവൾ ആനന്ദം കണ്ടെത്തുന്നവളായിരിക്കാം.അതു നീ പരിശുദ്ധമായ പ്രണയമായും സ്നേഹമായും തെറ്റിദ്ധരിച്ചുവോ.അതുമായി നിങ്ങളുടെ കുടുംബജീവിതം താര തമ്യം ചെയ്തുവോ. അതിന്റെ അവസാനമായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.

നിന്നെ സ്വയം ഇല്ലാതാക്കുമ്പോൾ നിന്റെ ഇത്തിരിയില്ലാത്ത മകനേയും അനാഥയായ ഭാര്യയേയും നീ എന്തേ ഓർത്തില്ല.നമുക്ക് ജീവിതത്തിൽ റോൾ മോഡലുകൾ ഇല്ല.നമ്മുടെ റോൾ മോഡലുകൾ നാം മാത്രം.കാരണം നമ്മുടെ ജീവിതം നമ്മുടേതു മാത്രം.

ഇതു നിന്നെ പറഞ്ഞു മനസ്സിലാക്കിക്കുവാൻ ഞാൻ വൈകിപ്പോയോ.

എങ്കിൽ രാജൂ- മാപ്പ്.

ക്ളാസ്സ് മേറ്റ്സ് വീണ്ടും….

“സ്പീഡ് കുറച്ചു വിടടാ നന്ദാ.വയസ്സ് 60 കളുടെ മദ്ധ്യം കഴിഞ്ഞെന്ന് ഓർക്കണം ഈ വേഗതയിൽ വിടുമ്പോൾ” വാസു പറഞ്ഞു നന്ദനോടായി

ഡോ.മോഹൻ ഇടപെട്ടു.”അത് പറയാൻപറവാസുവിന് അധികാരമില്ല.അതു പറയാൻ അധികാരമുള്ള ഒരേ ഒരാൾ ഇപ്പോൾ ഞാൻ മാത്രമേ ഉള്ളു.”

മോഹൻ തുടർന്നു. “വാസു പറഞ്ഞതു ശരിയാണ്.പ്രായം കൂടുന്തോറും കണ്ണുകളിൽ നിന്നും,ചെവിയിൽ നിന്നുമുള്ള നാഡീവ്യൂഹം ബ്രെയിനിലേക്കു കൊടുക്കുന്ന മെസ്സേജ് കൈകളിലേക്കും കാലുകളിലേക്കും എത്താൻ സമയം കൂടുതൽ എടുക്കും.അതിനാൽ അപകടങ്ങൾ വളരെ മുൻ കൂട്ടിത്തന്നെ കണക്കാക്കേണ്ടി വരും.അതനുസരിച്ച് വേഗത കുറച്ചേ പോകാവൂ.വയസ്സാവുമ്പോൾ യന്ത്രങ്ങൾക്കെന്നപോലെ ശരീരഭാഗങ്ങൾക്കും തേയ്മാനം ഉണ്ടാകുന്നു എന്നു മനസ്സിലാക്കണം നന്ദൻ”

“മോഹൻ എന്താ ഫിനോമിനക്കു പഠിക്കുകയാണോ വാസുവിനു പറയാൻ അധികാരമില്ല,തനിക്കു മാത്രമേ അധികാരമുള്ളൂ എന്നു ശഠിക്കുന്നത്.പിന്നെ യന്ത്രത്തിന്റെയും തേയ്മാനത്തിന്റേയും കാര്യം പറയാൻ മോഹനും അധികാരമില്ല.അതിനു നന്ദൻ ഇവിടെയുണ്ട്”.

നന്ദൻ പറഞ്ഞു.

”ജോസിന് കരയിലെ കാര്യങ്ങളിൽ താല്പ്പര്യമുണ്ടാകില്ല.കടലിലാണെങ്കിൽ ഒരു കൈ നോക്കിയേനേ”.

നന്ദൻ പറഞ്ഞതു കേട്ടു എല്ലാവരും ചിരിച്ചു.

ആ സുഹൃത്തുക്കൾ തൃശ്ശൂരിലേക്ക് കാറിൽ പോകുകയാണ്.നന്ദനാണ് ഡ്രൈവ് ചെയ്യുന്നത്.സ്കൂൾ സഹപാഠികളായിരുന്നു നാലുപേരും.തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന് അവരെ പഠിപ്പിച്ച അദ്ധ്യാപകരിൽ ജീവിച്ചിരിക്കുന്ന ഒമ്പതു പേരിൽ ഏഴു പേരേയും ക്ഷണിച്ചു കഴിഞ്ഞു.ബാക്കി രണ്ടുപേർ തൃശ്ശൂർ ജില്ലക്കാരാണ്.ചെല്ലമ്മ ടീച്ചറിന്റെ വീട്ടിലേക്കാണ് അവർക്ക് പോകേണ്ടത്.

“ചെല്ലമ്മടീച്ചർ നന്ദന്റെ വീട്ടിൽ താമസിച്ചല്ലേ സ്കൂളിൽ വന്നിരുന്നത്.” മോഹൻ ചോദിച്ചു.

“അതേ”.നന്ദൻ മറുപടി പറഞ്ഞു.”അമ്മയുടെ ബന്ധുവായിരുന്നു ടീച്ചർ. ടീച്ചർ വിവാഹം കഴിഞ്ഞപ്പോൾ ജോലി രാജിവെച്ച് പോയല്ലോ.അമ്മ യുണ്ടായിരുന്നപ്പോൾ ഇടക്ക് ഗുരുവായൂർ പോയിവരുമ്പോൾ ടീച്ചറിനെ കാണുവാൻ കയറുമായിരുന്നു.പിന്നീട് രമയും കുട്ടികളുമായി പോയി വരുമ്പോഴും ഒന്നു രണ്ടു പ്രാവശ്യം കയറിയിട്ടുണ്ട്.അത്രയേ ഉള്ളൂ”.

അപ്പോഴേക്കും ടീച്ചറുടെ വീട്ടിന്റെ മുമ്പിൽ നന്ദൻ കാർ നിറുത്തി.നാലുപേരും ഇറങ്ങി.ബെല്ലടിച്ചു. ടീച്ചർ ജനലിലൂടെ നോക്കി നന്ദനെ തിരിച്ചറിഞ്ഞു.മറ്റുള്ളവരെ ടീച്ചർക്കു മനസ്സിലായില്ല.

കതകു തുറന്നു അകത്തു കയറി ആഗമനോദ്ദേശം പറഞ്ഞു.ടീച്ചർക്കുള്ള സന്തോഷത്തിനതിരില്ലായിരുന്നു.കുറെ ഏറെ നേരം ടീച്ചർ തന്നെ സംസാരി ച്ചുകൊണ്ടിരുന്നു.

“ഞാൻ എങ്ങിനെ ആയാലും എത്തും.അതിനിടക്ക് സരസയുടെ വീട്ടിലും ഒന്നു പോകണം.ഉച്ചക്ക് ഇടവേള സമയത്തുപോയാലും മതിയല്ലോ”. ടീച്ചർ പറഞ്ഞു.

സരസ നന്ദന്റെ മൂത്തസഹോദരിയാണ്.

വാസുവിനേയും മോഹനേയും ജോസിനേയും ടീച്ചർ ഓർമ്മിക്കുന്നുണ്ടാ യിരുന്നില്ല.നന്ദൻ അവരെ ടീച്ചർക്കു പരിചയപ്പെടുത്തി.

”വാസുദേവമേനോൻ, പോലീസ് എസ്.പി.ആയി റിട്ടയർ ചെയ്തു,ഡോ.മോഹൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്തു. ജോസ് മാഞ്ഞൂരാൻ നാവിക സേനയിൽനിന്നും കമ്മഡോർ ആയി റിട്ടയർ ചെയ്തു.പിന്നെ ഞാൻ കാംകോയുടെ എം.ഡി.യായി റിട്ടയർ ചെയ്തു.

“അതു പറയേണ്ട.ഇപ്പോൾ കുറെ നാളായി വിവരംഇല്ലെങ്കിലും നന്ദനേയും അമ്മുമ്മയേയും മറ്റും മറക്കുവാൻ പറ്റുമോ. ഞങ്ങൾ അറിയുന്നുണ്ടായിരുന്നു”.

അമ്മുമ്മ എന്നു ടീച്ചർ വിളിക്കുന്നത് നന്ദന്റെ അമ്മയെയാണ്.

ടീച്ചറോട് നന്ദിയും പറഞ്ഞ് നാൽവർ സംഘംമടങ്ങി. വരും വഴി വിജയൻ മാഷുടെ വീട്ടിൽ കയറി.മാഷെ കണ്ടു.അദ്ദേഹത്തിന് പ്രായാധിക്യം കാരണം യാത്ര ചെയ്യുവാൻ വയ്യാതിരിക്കുകയാണ്.എങ്കിലും മക്കൾ കൊണ്ടു വരുമെങ്കിൽ വരാമെന്നേറ്റു.ഇല്ലെങ്കിൽ ഈ സംരംഭത്തിന്ന് തന്റെ എല്ലാ ആശംസകളും ഉണ്ടാവും.മാഷ് അനുഗ്രഹിച്ചു.

നാൽവർ സംഘവും,ദേവൻ,മൂസ,രാഹുലൻ,ഹരി,തുടങ്ങി 15 ഓളം വരുന്ന അമ്പതു വർഷം മുമ്പത്തെ S.S.L.C.വിദ്യാർത്ഥികൾ ഒത്തുചേർന്ന് അന്നത്തെ ഒരേക്ളാസ്സിൽ പഠിച്ചവരുടെ മൊത്തം ഒത്തുചേരലിന് കളമൊരു ക്കുകയാണ്.രണ്ടു ബാച്ചിലും കൂടിയുണ്ടായിരുന്ന 100 പേരുടെ ലിസ്റ്റും പഴയ മേൽവിലാസവും ദേവൻ സ്കൂൾ രജിസ്റ്ററിൽ നിന്നും പകർത്തി.അതിൽ 14 പേർ മരിച്ചു പോയിരുന്നു.പലരും യാത്രചെയ്യാൻ പറ്റാത്ത നിലയിലാണ്.ഒരാളെ മാത്രം കാണാൻ കഴിഞ്ഞില്ല.അവസാനം അറുപതോളം പേരും കുടുമ്പാംഗങ്ങൾ സഹിതം വരുകയോ അല്ലാത്തപക്ഷം ഏതെങ്കിലും വിധത്തിൽ സഹകരിക്കാമെന്നും അറിയിച്ചു.

അങ്ങിനെ ആ നിശ്ചിത ദിവസം വന്നു ചേർന്നു.നാൽപ്പതിലധികം പഴയ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നു.പുരുഷ ന്മാരെല്ലാം ജുബയും മുണ്ടും,സ്ത്രീകൾ ഒരേ നിറത്തിലെ സാരി.അമ്പതു വർഷത്തിനു ശേഷം കണ്ടു മുട്ടുന്നവർ രൂപത്തിൽ മാറിപ്പോയിരുന്നു.പലരും പരസ്പരം പേരു ചോദിച്ചു മനസ്സിലാക്കി. യോഗം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവർ പഴയ സഹപാഠികളായിക്കഴിഞ്ഞിരുന്നു.

അവരെല്ലാം പഴയസ്മരണയിൽ മുഴുകിയി രുന്നു.കുറെ നേരം.

നന്ദൻ അവർക്ക് ആനന്ദൻ എന്ന സഹപാഠിയായ കവി എഴുതിയ സ്മരണികയിലെ അനുസ്മരണം വിതരണം ചെയ്തു.

നന്ദൻ ആവരികൾ ഓർത്തു.

നമ്മുടെ ബാല്യ-കൌമാര പഠനകാലങ്ങൾ കഴിച്ചു കൂട്ടിയ മാതൃ വിദ്യാലയവുമായി എത്ര എത്ര ഓർമ്മകളാണ് മയിൽപീലി കതിരുകൾ പോലെ മനസിന്റെ താളുകളിൽ തിരുകി വെച്ചിട്ടുള്ളത്.വൈദ്യുതിബന്ധവും പൈപ്പുവെള്ളവും എത്തിനോക്കാത്ത,തിരക്കൊട്ടുമില്ലാത്ത പ്രശാന്തമായ നാട്ടിൻപുറം,പരിമിതമായ സൌകര്യങ്ങൾ മാത്രമുള്ള ക്ളാസ് മുറികൾ,കടപ്പുറം പൂഴിപോലെ പരന്നു കിടക്കുന്ന വെട്ടു വഴിയിലും പള്ളിക്കൂടത്തിന്റെ പിന്നാമ്പുറത്തുള്ള തെങ്ങിൻതോപ്പിലും,നമ്മൾ ആൺകുട്ടികൾ ഓടിനടന്ന് കോട്ടകളിച്ചതും,ഓലപ്പന്തെറിഞ്ഞതും,പെൺകുട്ടികൾ അവരുടേതായ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതും,റബ്ബർബാന്റിട്ട ഇത്തിരി പുസ്തകങ്ങൾ നെഞ്ചോടടക്കിപ്പിടിച്ച്, ഇടവപ്പാതി മഴ നനഞ്ഞതും,തുലാ വർഷക്കാറ്റേറ്റും ചെളിവെള്ളം നിറഞ്ഞ ഇടവഴിയിലൂടെ വെള്ളം കാലുകൊണ്ട് തട്ടി പടക്കം പൊട്ടിച്ചുംസ്കൂളിലേക്കു വന്നും പോയുമിരുന്ന നാളുകൾ…..

ളൂവിക്കയുടെ പുളിപ്പും,നെല്ലിക്കയുടെ ചവുർപ്പും കപ്പലണ്ടിയുടെ കറുമുറുപ്പും ഐസ്ഫ്രൂട്ടിന്റെ തണുപ്പും ചൂരൽപ്പഴത്തിന്റെ ചൂടും, വലിച്ചു നീട്ടി മാലയും വാച്ചും ഉണ്ടാക്കിത്തരുന്ന പഞ്ചാരപ്പാലുമിഠായിക്കാരന്റെ ആട്ടപ്പാട്ടിന്റെ കൌതുകവും ഉച്ച ഇടവേളകളിലെ നീണ്ടമണിയടിക്കു പിന്നാലെ നാരങ്ങക്കൊട്ട ചൊരിഞ്ഞപോലെ ഉച്ചയൂണിനായി വീട്ടിലേക്കുള്ള ഓട്ടവും ദാഹിക്കുമ്പോൾ സ്കൂൾ കിണറ്റിൽനിന്നും അടുത്തവീട്ടിലെ കുളത്തിൽ നിന്നും പച്ചവെള്ളം കോരിക്കുടിക്കുമ്പോഴുള്ള ആശ്വാസ നിർവൃതിയും മൂനും നാലും പേജുള്ള കഥ മനപ്പാഠം പറയുമ്പോൾ തടസ്സം വന്നാൽ ഹിന്ദി സ്സാർ ഉരത്തിൽ ഞെരടുമ്പോൾ ഉള്ളിൽ പൊങ്ങിത്താഴുന്ന, ഉള്ളിലെ കണ്ണുനീരീർപ്പമുള്ള മൌനനൊമ്പരങ്ങളും സ്കൂളിൽ അവതരിപ്പിച്ച മായാജാലപ്രകടനങ്ങളിലെ അത്ഭുതകാഴ്ച്ചകളും വെളളിയാഴ്ച്ച വൈകുന്നേരങ്ങളിലെ സാഹിത്യസമാജങ്ങളും ഗാന്ധി ജയന്തി സേവനവാരവും സ്കൂൾ വാർഷികത്തിലെ കലാ-കായിക മത്സരങ്ങളും നാടകങ്ങളും ക്രാഫ്റ്റ് ക്ളാസിലെ വർണ്ണവാർണിഷുപേപ്പർ കൊണ്ടുള്ള പാറ്റേൺ നിർമ്മാണവും പൊട്ടിയ കുട്ടിബലൂൺ പോലെ സ്കൂൾ മുറ്റത്ത് വാടിക്കൊഴിഞ്ഞു കിടക്കുന്ന ഇന്നും പേരറിയാത്ത മരത്തിന്റെ ചുവന്നപൂക്കളും അതിന്റെ മൊട്ടിന്റെ നീര് കൂട്ടുകാരുടെ ദേഹത്തു ചീറ്റിത്തെറിപ്പിക്കുമ്പോഴുള്ള കുട്ടി ക്കുറുമ്പന്മാരുടെ ചിരിയും, ഓണപ്പരീക്ഷയും ക്രിസ്ത് മസ് പരീക്ഷയും കഴിഞ്ഞ് ഉത്തരക്കടലാസ് കിട്ടുമ്പോഴുള്ള നെഞ്ചിടിപ്പും, കൂടിക്കലർന്ന ആ നഷ്ടസൌഭാഗ്യസ്മൃതികൾ അയവിറക്കുന്നത് എത്ര ആനന്ദദായകമാണ്.ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത അനർഘാനുഭൂതികൾ.

വന്ദ്യവയോധികരായ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സഹപാഠികൾക്കും സ്വാഗതം പറയുമ്പോൾ കണ്ണീരണിഞ്ഞും, പഴയ വിദ്യാർത്ഥി ജീവിത കാലസ്മരണകൾ അയവിറക്കുമ്പോൾ കണ്ണുകളിലെ തിളക്കവും അന്നത്തെ ക്ളാസിലെ കുസൃതികളും തമാശകളും നന്ദൻ തന്റെ സ്വതസിദ്ധമായ ഭാഷയിൽ അനുസ്മരിക്കുമ്പോൾ കണ്ണിലെ കുസൃതിയും സദസ് തിരിച്ചറിഞ്ഞിരുന്നു.

ചെല്ലമ്മ ടീച്ചർ തന്റെ വീട്ടിൽ താമസിക്കുമ്പോൾ ഉള്ള ഒരനുഭവം നന്ദൻ വെളിപ്പെടുത്തി.ഒമ്പതാം ക്ളാസ്സിലെ അവസാന ടേം പരീക്ഷ അടുത്ത സമയം.അമ്മ പറഞ്ഞിട്ട് നന്ദൻ ടീച്ചറെ ഊണു കഴിക്കുവാൻ വിളിക്കാൻ ചെന്നു.നന്ദൻ മുറിയുടെ വാതിൽക്കൽ എത്തിയതും എന്തോ എഴുതിക്കൊണ്ടിരുന്ന ടീച്ചർ പെട്ടെന്നു കടലാസ് പുസ്തകത്തിൽ വെച്ച് എഴുന്നേറ്റ് അടുക്കളയിലേക്കു പോയി.

നന്ദന്റെ ആറാം ഇന്ദ്രിയം പ്രവർത്തിച്ചു.എന്താണ് ടീച്ചർ പെട്ടെന്ന് പുസ്തകം അടച്ചത്.അവനു തോന്നി ബയോളജി ചോദ്യപ്പേപ്പർ ഇടുകയായിരുന്നു ടീച്ചർ.അവന്റെ ബാലബുദ്ധി ഉണർന്നു.പുസ്തകം തുറന്നു നോക്കിയപ്പോൾ ചോദ്യപ്പേപ്പർ തന്നെ.ഒരാവർത്തി ചോദ്യങ്ങൾ വായിച്ചു.മുഴുവൻ ചോദ്യങ്ങളും ഹൃദിസ്ഥമാക്കി.ടീച്ചർ അറിയാതിരിക്കാൻ ചോദ്യപ്പേപ്പറും പുസ്തകവും അതേപടി സ്ഥാനത്തു വെച്ചു.

ബയോളജി പരീക്ഷ വന്നു.ചോദ്യപ്പേപ്പർ കിട്ടി.അതേ ചോദ്യങ്ങൾ തന്നെ.നല്ല മണി മണിയായി ഉത്തരം എഴുതി.

ഒരു വർഷം കഴിഞ്ഞു.S.S.L.C.പരീക്ഷയിൽ ഒന്നാം ക്ളാസ് നേടി സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ നന്ദൻ ആദ്യം നോക്കിയത് ഒമ്പതാം ക്ളാസിലെ ബയോളജി മാർക്കായിരുന്നു.50 ൽ 50.അങ്ങിനെ ആദ്യമായും അവസാനമായും താൻ ഒരു കളവു ചെയ്തതും ടീച്ചർ അറിയാതെ നല്ലപിള്ളയാകാൻ ശ്രമിച്ചതും ടീച്ചർ തന്നോട് ഇപ്പോഴെങ്കിലും പൊറുക്കണമെന്നും അപേക്ഷിച്ച് നന്ദൻ പ്രസംഗം അവസാനിപ്പിക്കുമ്പോൾ സദസ്സ് ആർത്തു ചിരിക്കുകയായിരുന്നു.

നന്ദന്റെ സ്വാഗതത്തിനു ശേഷം സ്കൂൾ മാനേജരുടെ അദ്ധ്യക്ഷപ്ര സംഗവും വിദ്യാർത്ഥികളുടെ അനുമോദനങ്ങളും അദ്ധ്യാപകർക്കും സ്കൂളിനുമുള്ള ഉപഹാരാർപ്പണവും കഴിഞ്ഞ് വന്ദ്യ അദ്ധ്യാപകരുടെ നന്ദി പ്രകടനവും കഴിഞ്ഞപ്പോഴേക്കും എല്ലാവരും വല്ലാത്തൊരു മൂഡിലായിരുന്നു.

അമ്പതു വർഷത്തിനു ശേഷം അച്ചാച്ചൻമാരും,അമ്മൂമ്മമാ രുമായിത്തീർന്ന തങ്ങളുടെ വിദ്യാർത്ഥികളെ അദ്ധ്യാപകർ അവരുടെ കണ്ണുകളിലേക്കു നോക്കി.അതവർക്ക് പുതിയ ഊർജ്ജം പകർന്നു.എൺ പതിനോടുത്തവർ യുവാക്കളും അവരുടെ മുൻപിലിരിക്കുന്നത് പഴയ തങ്ങളുടെ കുട്ടികളാണെന്നും കരുതി.

ചെല്ലമ്മ ടീച്ചർ തന്റെ പഴയ കുട്ടികൾക്കുവേണ്ടി ഒരു ‘മോക്ക്’ ബയോളജി ക്ലാസെടുത്തു.ടീച്ചറിന്റെ ക്ളാസ് അവസാനിക്കാറായി.പെട്ടെന്ന് ടീച്ചർ പറഞ്ഞു.”നന്ദൻ യു.സ്റ്റാന്റ് അപ്പ്”.

നന്ദൻ താനെ എഴുന്നേറ്റുപോയി.

ടീച്ചർ പറഞ്ഞു “നന്ദൻ എന്താ പറഞ്ഞത്.ചോദ്യപ്പേപ്പർ കട്ടെഴുതി എന്നെ പറ്റിച്ചെന്നോ.ഈ ടീച്ചറിന്റെ അടുത്ത് നന്ദന്റെ കളി നടപ്പില്ല.അന്ന് ഊണ് കഴിഞ്ഞു ഞാൻ തിരിച്ചുവന്നപ്പോൾ പരീക്ഷാപേപ്പർ യഥാസ്ഥാനത്ത് ഇരിക്കുന്നതു കണ്ടു.അതു കണ്ടു നന്ദൻ നല്ല കുട്ടിയല്ലേ കണ്ടുകാണില്ല എന്നു ആദ്യം കരുതി.പക്ഷേ ഞാൻ ബയോളജി ബുക്കിന്റെ 50-ാം പേജിൽ വെച്ച ചോദ്യപേപ്പർ ഊണു കഴിക്കാൻ പോയിവന്നപ്പോൾ 60-ാം പേജിലേക്കെങ്ങിനെ മാറി”.

ഇതു കേട്ടതും നന്ദൻ തല താഴ്ത്തി.സദസിൽ ദീർഘനേരം കയ്യടി.

ടീച്ചർ തുടർന്നു.”പിന്നെ ഞാൻ ചോദ്യപ്പേപ്പർ മാറ്റാതിരുന്നത് എഞ്ചിനീയറാകാൻ മോഹവുമായി നടക്കുന്ന നന്ദനെ പ്പറ്റിച്ച് ചോദ്യപേപ്പർ മാറ്റി എഞ്ചിനീയറിംഗുമായി യാതൊരു ബന്ധവുമില്ലാത്ത ബയോളജിയിൽ നന്ദൻ തോറ്റുപോയാൽ ആ മോഹം നടക്കാതെ പോയാലോ എന്നു കരുതിയാണ്”.

നന്ദൻ കൂട്ടുകാരുടെ മുൻപിലും ടീച്ചറുടെ മുമ്പിലും നിന്നു കരഞ്ഞു പോയി.

ഈ സമയം നന്ദൻ പഴയ ഒമ്പതാം ക്ളാസുകാരനും ടീച്ചർ പഴയ ചെല്ലമ്മടീച്ചറും സദസ്സ് പഴയ സ്കൂളും അദ്ധ്യാപകരുടെ നിര പഴയ സ്റ്റാഫ് റൂമും ആയി മാറുകയായിരുന്നു.

വിദ്യ മറ്റപ്പിള്ളി

END

നിർവൃതി

ഞാനും സുഹൃത്തും കുറെ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ ഇപ്പോഴും ദഹിക്കാതെ കിടക്കുന്നു.

കൊച്ചി നഗരത്തിൽ ജോലി ചെയ്യുന്ന കാലം.നഗരത്തിലേക്ക് സ്ഥിരമായി പോകുന്ന പ്രൈവറ്റ് ബസ്സാണ് രംഗം.ഞങ്ങൾരണ്ടുപേരും കയറുന്ന സ്റ്റോപ്പിൽ നിന്നും അന്നും ബസ്സ് കയറി.സ്ത്രീകളുടെ സീറ്റ് ആരംഭിക്കുന്നതിൻറെ തൊട്ടു മുമ്പുള്ള സീറ്റ് കാലിയായി കിടക്കുന്നു.ഞങ്ങൾ രണ്ടു പേരും അതിൽ ഇരുന്നു.കയറിയപ്പോൾത്തന്നെ ഞാൻ ശ്രദ്ധിച്ചു.സാമാന്യം സൌന്ദര്യവതികളായ രണ്ടു യുവതികളിരിക്കുന്നത്.അവരിരിക്കുന്ന സീറ്റിൻറെ തൊട്ടു മുമ്പിലുള്ള സീറ്റിലാണ് ഞങ്ങളിരുന്നിരുന്നത്..യാത്ര തുടങ്ങി അല്പ്പം കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ ഓഫീസ് കാര്യങ്ങളുടെ ചർച്ചയിൽ മുഴുകിയിരുന്നു.ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുന്നും ഇറങ്ങുന്നുമുണ്ട്. കയറുന്നവരാണ് കൂടുതലും.ഇറങ്ങുന്നവർ തീരെ ക്കുറവും.

ഏകദേശം പത്തിരുപത് മിനിട്ട് കഴിഞ്ഞു കാണും സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്ത് പെട്ടെന്ന് ഒന്നും മിണ്ടാതെയായി.അത് പതിവില്ലാത്തതാണ്.ഒരു മണിക്കൂർ നീണ്ട യാത്രയിൽ ഒരു മിനിട്ടു പോലും വായടക്കാത്ത സുഹൃത്താണ് ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത്.ഞാൻ സംശയം തീർക്കാൻ ഒടുവിൽ ചോദിച്ചു

“എടോ തനിക്കെന്തു പറ്റി ഒരു മൂഡൌട്ടു പോലെ”.

“ഏയ് ഒന്നുമില്ല”.

“അതല്ല, എന്തോ ഉണ്ട്”. ഞാൻ

“താൻ ഒന്നു ചുമ്മാതിരി. ഞാൻ പിന്നെപ്പറയാം”.സുഹൃത്തു അടക്കം പറഞ്ഞു.

ഞാൻ സുഹൃത്തിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.സുഹൃത്തിൻറെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാൻ കണ്ടു.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എൻറെ കാലിൻറെ പാദത്തിലുംഉപ്പു കുറ്റിയുടെ മുകളിലുമായി ആരോ ഇടക്കിടക്ക് ചവിട്ടുന്നു.ഞാൻ ആലോചിച്ചു.പിറകിലെ സീറ്റിൽ ആ യുവതികളാണല്ലോ ഇരുന്നിരുന്നത്.അവരാണോ ചവിട്ടുന്നത്.

ഏയ് അങ്ങിനെ ആവാൻ തരമില്ല.ഞാൻ മെല്ലെ പുറകിലേക്കു നോക്കി.അതെ അവർ തന്നെ മറ്റാരും ഇല്ല.

ഛായ് ഇപ്പോഴത്തെ പെമ്പിള്ളേരുടെ ഒരു സ്വഭാവമേ,കഷ്ടം.എന്നെപ്പോലെ മദ്ധ്യ വയസ്കനായ ഒരാളെ ഇങ്ങിനെ പീഢിപ്പിക്കുന്നതു ശരിയാണോ.ഞാൻ ഇങ്ങിനെയോരോന്നോർത്തിരുന്നു.കാലിലെ മർദ്ദനം സഹിക്ക വയ്യാതായപ്പോൾ ഞാൻ കാലെടുത്തു മുൻ സീറ്റിൽ കയറ്റി വെച്ചു.

അപ്പോഴും സുഹൃത്ത് ഏതോ ലോകത്തെന്നവണ്ണം നിർവൃതിയിൽ ലയിച്ചിരിക്കുന്നതാണ് കണ്ടത്.ഞാൻ എൻറെ അനുഭവം സുഹൃത്തിനോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു “എനിക്കും കിട്ടുന്നുണ്ട്.പക്ഷേ ഞാൻ അതിൻറെ പരമാവുധി സുഖം അനുഭവിക്കുകയാണ്”.ഞാൻ കൂടുതൽ ശ്രദ്ധിച്ചപ്പോൾ സുഹൃത്ത് കാല് പരമാവുധി പുറകിലേക്ക് നീട്ടി നിട്ടിക്കൊടുക്കുകയാണ്.

ഇടക്ക് അദ്ദേഹം ചോദിച്ചു “പുറകിലിരിക്കുന്നതിൽ ഏതു സ്ത്രീയാണ് എന്നെച്ചവിട്ടുന്നത്”

“ആരായാൽ നമുക്കെന്താ. ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്കല്ലേ കേട്.കാലവും നന്നല്ല.പീഢനത്തിന് കേസെടുത്താൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.പണിയും പോകും നാണക്കേടും.” പക്ഷേ സുഹൃത്തിന് ഒരു കൂസലുമില്ല.

അങ്ങിനെ എറണാകുളത്തേക്ക് പോകുന്ന ബോട്ടു ജെട്ടി സ്റ്റോപ്പെത്തി.യാത്രക്കാരിൽ മിക്കവാറും പേർ അവിടെ ഇറങ്ങും പിന്നീട് ഫോർട്ടു കൊച്ചിക്കു പോകുന്നവർ മാത്രമേ ബസ്സിലുണ്ടാകൂ.

ഞാൻ ഒളി കണ്ണിട്ടു പുറകോട്ടു നോക്കി.കഥയിലെ നായികമാരായ രണ്ടു യുവതികളും അവിടെ ഇറങ്ങുന്നു.എനിക്കു സമാധാനമായി. സുഹൃത്താകട്ടെ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഇരിപ്പ്.

ബസ്സ് വിട്ടു.അതാ വീണ്ടും കാലിൽ പൂർവ്വാധികം ശക്തിയോടെ ചവിട്ട്.ഞാൻ ഞെട്ടി.ഒപ്പം തിരിഞ്ഞു നോക്കി.പുറകിലെ സീറ്റിൽ ആരും ഇല്ല.ആ പരിസരത്തും യാത്രക്കാരാരും ഇല്ല.എൻറെ കണ്ണ് സീറ്റിനടിയിലേക്കു തിരിഞ്ഞു.

അതാ ഒരു മുള്ളൻ ചക്ക.ഏതോ യാത്രക്കാരൻറെയാണ്.സഞ്ചിയിലൊന്നും ഇഷ്ടൻ കയറാത്തതിനാൽ അതിൻറെ ഉടമ സ്വാതന്ത്ര്യം നൽകി സീറ്റിനടിയിൽ നിക്ഷേപിച്ചിരിക്കുകയാണ് സാധനത്തിനെ.ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഇഷ്ടൻ ഉരുണ്ട് വന്ന് ഞങ്ങളുടെ കാലിലിടിക്കും.

ഞാനും സുഹൃത്തും പരസ്പരം നോക്കി.കരയണോ ചിരിക്കണോ എന്നറിയാതെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വൈപ്പിൻ ഫെറി ജെട്ടിയിലേക്കുള്ള യാത്ര തുടർന്നു.

ഇഡ്ഢലി വട..

തമാശ എന്നും ആസ്വദിക്കുവാനുള്ളതാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.എന്നാൽ എപ്പോഴും എങ്ങിനേയും പരിസരവും സന്ദർഭവും നോക്കാതെ തമാശ തട്ടിവിട്ടാലോ.അതിന്റെ തിക്തഫലമാണ് രാമൻനായർക്കു കിട്ടിയത്.

രാമൻനായരും പത്മനാഭപിള്ളയും അടുത്ത സുഹൃത്തുക്കൾ.വൈകുന്നേരങ്ങ ളിൽ വെടി പറയാനും ഞായറാഴ്ച്ചകളിൽ ചീട്ടു കളിക്കുവാനും കൂടുന്ന എട്ടു പത്തുപേരിൽ പ്രധാനികൾ. രണ്ടുപേരുടേയും സുഹൃത്തായ ഒരാൾ മരിച്ചു.സഞ്ചയനത്തിന് സുഹൃത്തുക്കൾ എല്ലാം കണ്ടുമുട്ടി.ഇഢലിയും വടയും കൂട്ടി ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് കൈതോർത്തുന്നതിനിടയിൽ പത്മനാഭപിള്ളയോട് രാമൻ നായരുടെ ചോദ്യം വന്നു.

“പത്മനാഭപിള്ളേ ഇങ്ങിനെയൊക്കെ നടന്നാൽ മതിയോ.ഇനി ഇതുപോലെ പിള്ളയുടെ വക ഇഢലിയും വടയും ഞങ്ങൾക്കെന്നാ തരിക”

ചോദ്യം കേട്ട് ഞെട്ടൽ ഉള്ളിലൊതുക്കി പത്മനാഭപിള്ള ഒന്നു മൂളി. അത്രതന്നെ.കേട്ടു നിന്നവരിൽ മിക്കവർക്കും രാമൻനായരുടെ സ്വാഭാവം അറിയാമെങ്കിലും ആർക്കും അതത്ര രസിച്ചില്ല.

അന്നു രാത്രി പത്മനാഭപിള്ള മരിച്ചു.

അതിനു ശേഷം പല്ലുതേക്കുവാനും, ഭക്ഷണം കഴിക്കുവാനുമല്ലാതെ രാമൻനായർ വായ് തുറന്നിട്ടില്ല.