ആലക്കോട്ട് ഭാർഗ്ഗവി ചിറ്റമ്മയുടെ നാട്ടിലേക്ക് ചിറ്റമ്മയെ കാണാൻ യാത്ര ചെയ്യുമ്പോൾ നന്ദൻ ചിന്തിച്ചു.
25 വർഷം കഴിഞ്ഞിരിക്കുന്നു.ഇല്ലാത്ത ഔദ്യോഗികത്തിരക്കിന്റെ കാര്യവും പറഞ്ഞ് ബന്ധുക്കളുടെ വീടുകളിൽ പോകൽ ചുരുക്കിക്കൊണ്ടു വരികയായിരുന്നല്ലോ താൻ.
സ്കൂൾ വെക്കേഷൻ കാലത്ത് ചിറ്റയുടെ വീട്ടിൽ വിരുന്നു പോവുക തന്റെ ഇഷ്ട യാത്രയായിരുന്നു. കോളേജിലെത്തിയിട്ടും ആ പതിവ് മുടക്കിയിട്ടില്ല.ചേച്ചി യുടെ മകൻ തന്റെയും സ്വന്തം മകനായിട്ടാണ് ചിറ്റ കണ്ടിരുന്നത്.
ഓടിട്ട ചെറിയ വീട്.തനി നാടൻ ഉൾപ്രദേശം.ബസ്സിറങ്ങി 5 മൈലോളം നടന്ന് വയൽപാടങ്ങളും താണ്ടി വീട്ടിൽ എത്തുമ്പോൾ ഉച്ചക്ക് 12 മണിയെങ്കിലും ആകും.വീട്ടിൽ നിന്നാൽ വളരെ ദൂരെ നിന്നുപോലും വരുന്നവരെ കാണാം.പാടം തുടങ്ങുന്ന സ്ഥലത്തെത്തുമ്പോൾ ത്തന്നെ ചിറ്റമ്മ പറയുമത്രേ നന്ദൻ വരുന്നുണ്ട് കറിക്ക് അവനു പറ്റിയതൊന്നുമില്ല.കൊടുക്കുവാൻ നിറുത്തിയിരിക്കുന്ന ആ പൂവനെ കൊല്ല്.
താൻ ചെല്ലുന്ന ദിവസം ഒരു പാവം കോഴിയുടെ ആയുസ്സ് അങ്ങിനെ അവസാനിക്കും.അമ്മിണിച്ചേച്ചിയും സുധാകരൻ ചേട്ടനും കൂടി കോഴിയെ ഓടിച്ചിട്ട് പിടിച്ച് ശരിയാക്കും.സകല വിഭവങ്ങളോടും കൂടി ചിറ്റമ്മ 2 മണിയാകുമ്പോഴേക്കും ഊണ് റെഡിയാക്കി ഉണ്ണാൻ വിളിക്കും ഊണിനിടയിലാണ്.വിശേഷങ്ങൾ ചോദിച്ചറിയുക.ചിറ്റമ്മയുടെ ഭക്ഷണത്തിന്റെ രുചികൊണ്ട് താൻ രണ്ടിരട്ടി ഭക്ഷണം കഴിക്കും.
വലിയ വീട്ടു വളപ്പ്.അതിൽ ഇല്ലാത്ത വൃക്ഷങ്ങളും പച്ചക്കറികളും ദുർലഭം.പശു,ആട്,എല്ലാം ഉണ്ട്.എല്ലാം ചിറ്റമ്മ നോക്കി നടത്തും.തനി നാട്ടിൻപുറത്തുകാരും കൃഷിക്കാരുമായതുകൊണ്ട് നഗരത്തിന്റെ ഒരു വഞ്ചന യും മനസ്സിലാകാത്ത നിഷ്കളങ്കർ.താൻ ചെന്നാൽ ഇളയകുട്ടികളും തന്റെ കൂടെ കൂടും.താനും അവരോടൊപ്പം തൊടിയിൽ ഇറങ്ങിക്കളിക്കണം. ചില പ്പോൾ ഈ വിരുന്ന് അവസാനിക്കുന്നത് രണ്ടുദിവസം കഴിഞ്ഞായിരിക്കും.റേഡിയോ, മറ്റു സംഗീതഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും തനിക്ക് ബോറടിക്കുകയില്ല. എത്രയോ തവണ ഈ രംഗങ്ങൾ ആവർത്തിച്ചിരിക്കുന്നു.
ഇപ്പോൾ ചിറ്റമ്മക്ക് 85 കഴിഞ്ഞിരിക്കും.പഴയതു പോലെ എഴുന്നേറ്റു നടക്കുവാനോ പണിയെടുക്കുവാനോ കഴിയില്ല എന്നറിഞ്ഞതു മുതൽ കാണാൻ ഒരാഗ്രഹം തോന്നി.കഴിഞ്ഞ ദിവസം കണ്ട സ്വപ്നം അതിനൊരു നിമിത്തവുമായി.
നന്ദൻ എത്തുമ്പോൾ രാവിലെ 10 മണിയായി.പോകുംവഴി നാട്ടിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചു. നെൽവയലുകൾ ടാർ റോഡുകൾക്കും വീടുകൾക്കും വേണ്ടി വഴിമാറി.ഇരുവശങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ.കെട്ടിടങ്ങളിൽ ചെറിയതരം സൂപ്പർമാർക്കറ്റുകൾ,ഗൾഫ് പണത്തിന്റെ മുഴുവൻ ഗാംഭീര്യവും മുറ്റി നിൽക്കുന്ന രമ്യഹർമ്മ്യങ്ങൾ.
നാടിനു മാറ്റമുണ്ടായെങ്കിലും വീട് കണ്ടു പിടിക്കുവാൻ വിഷമമുണ്ടായില്ല.പഴയ ഓടു വീടിന്റെ സ്ഥാനത്ത് ഇരുനില വീട്.വീടിന്റെ മുൻവശം പച്ചക്കറികളും,മരങ്ങളും നിന്നിരുന്ന സ്ഥാനത്ത് പൂന്തോട്ടത്തിൽ ആന്തൂറിയവും,ഓർക്കിഡും,മുൾച്ചടികളും മറ്റും വളർന്നു നിൽക്കുന്നു.പശുത്തൊഴുത്തിന്റെയും ആട്ടിൻകൂടിന്റേയും സ്ഥാനത്ത് ഔട്ട് ഹൌസ് പണിതിരിക്കുന്നു.കാർ ഷെഡും ഷെഡിൽ ഇന്നോവയും.അകത്ത് മുറികളെല്ലാം ആധുനികവൽക്കരിക്കപ്പെട്ടിരിക്കുന്നു.76 ഇഞ്ച് സ്ക്രീൻ സോണി ടിവിയും.ഫൈവ് ചാനൽ മ്യൂസിക് സിസ്റ്റവും ഹോം തിയേറ്ററും കമ്പ്യൂട്ടറും ലാപ്പ് ടോപ്പും ഡ്രോയിംഗ് റൂമിൽ.
പഴയതുപോലെ തന്നെ സുധാകരൻ ചേട്ടനും അമ്മിണിച്ചേച്ചിയും അനുജനും ഭാര്യയും മക്കളും എല്ലാവരും തന്നെക്കാണാനും കുശലം പറയാനും എത്തി.ഇത്രനാളും വരാതിരുന്നതിൽ പരിഭവം മുഖത്തും ഭാഷയിലും മുറ്റിനിന്നു.സുധാകരൻ ചേട്ടന്റെ അനുജൻ ബൈക്കുമെടുത്തുകൊണ്ട് ചേട്ടാ ഞാനിപ്പം വരാം എന്നു പറഞ്ഞ് പാഞ്ഞുപോയി.”
തന്റെ ജോലിത്തിരക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും പറഞ്ഞു രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ചിറ്റമ്മ തന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം വരാത്തതുപോലെ ഇരുന്നു.
ചിറ്റമ്മയുടെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.കവിളുകൾ ഒട്ടി.തിമിര ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുകയാണ്.എങ്കിലും തന്നെ ക്കണ്ടപ്പോൾ ആകണ്ണുകളിലെ അസാധാരണ തിളക്കം താൻ കണ്ടു.
ഉച്ചിക്ക് 12.30 ആയപ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ഭക്ഷണം വന്നു.എല്ലാവരും ഒപ്പം ഇരുന്നു.ഒരു ഫൈവ് സ്റ്റാർ ഭക്ഷണം മുഴുവനുമുണ്ട്.
ഊണു കഴിച്ചുകൊണ്ടിരുന്നപ്പോൾ അനുജന്റെ ഭാര്യ ഷേർളി പറഞ്ഞു “ഇവിടെ അടുത്തുതന്നെ ഒരു പുതിയ ഹോട്ടൽ വന്നിട്ടിണ്ട്.ഫോണിൽ വിളിച്ചു പറഞ്ഞാൽ എല്ലാം വീട്ടിലെത്തും.ഇതെല്ലാം അനിടത്തെയാ”
നന്ദൻ ഭക്ഷണം കഴിച്ചു.കൊള്ളാം.
യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഓടിച്ചിട്ടു പിടിച്ച പഴയ പൂവൻ കോഴിക്കറിയുടെയും ചിറ്റമ്മ നട്ടു വളർത്തിയ പച്ചക്കറികൊണ്ടുള്ള കറികളുടേയും ഓർമ്മയായിരുന്നു മനസിൽ.
നന്ദൻ അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്കുപോയി.ഒരാഴ്ച്ച കഴിഞ്ഞു മൊബൈലിൽ രമയുടെ ഫോൺ.അവൾ പറഞ്ഞു.
”ഭാർഗ്ഗവിച്ചിറ്റ മരിച്ചു കഴിഞ്ഞ രാത്രി.നന്ദേട്ടൻ വരണം.എന്നിട്ടേ ബോഡി എടുക്കൂ എന്നു സുധാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്”
“ഞാനെത്തുമെന്നു ഇപ്പോൾത്തന്നെ വിളിച്ചു പറഞ്ഞേക്കൂ”.നന്ദന് അത്രയും പറയുവാനേ കഴിഞ്ഞുള്ളൂ