ഒരു ദേവതയും,അവരും പിന്നെ ഞാനും

ദത്തന്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഉദ്യോഗപൂര്‍വ്വം പുറത്തേക്ക് നോക്കി നില്‍ക്കുന്നത് സുമ കണ്ടു.ഏതോ ഒരു ഫോണ്‍ വന്നപ്പോള്‍ മുതലാണ്‌ ഈ മാറ്റം.അവള്‍ ചിന്തിച്ചു.ദത്തേട്ടന്‍ എന്നോട് പറയട്ടെ ഞാന്‍ ചോദിക്കുന്നില്ല.കുറെ കഴിഞ്ഞ് ദത്തന്‍ സുമയെ വിളിച്ചു.

“മോളെ തൃശ്ശൂരില്‍ നിന്നും മേഴ്സി വിളിച്ചിരുന്നു.അവളും ഭര്‍ത്താവ് പോളും ഇന്ന് ഇവിടേക്ക് വരുന്നുണ്ടത്രേ.”

അത് ശരി .അതാണ്‌ രാവിലെ മുതല്‍ കോഴി മുട്ടയിടാന്‍ നടക്കുന്നത് പോലെ ഒരു വെപ്രാളം.” അവള്‍ കളിയാക്കി. അല്ലെങ്കിലും സുമ അങ്ങിനെ ആണ്. മേഴ്സിയെപ്പറ്റി പറയുമ്പോള്‍ സുമക്ക് ഒരു ഫലിതം പറയാനുണ്ടാകും.

ഉച്ച കഴിഞ്ഞ് മേഴ്സിയും ഭര്‍ത്താവ് പോളും എത്തി. പോള്‍ ദത്തനെ ആദ്യമായി കാണുകയായിരുന്നു.അദ്ദേഹം ദത്തനെ നോക്കി തൊഴുതു.മേഴ്സി പറഞ്ഞ് ധാരാളം കേട്ടിട്ടുള്ളത് കൊണ്ടാവാം ,ആദ്യ നോട്ടത്തില്‍ തന്നെ പോളിന് ദത്തനെ മനസിലായത്.

“രണ്ടുപേരും ഇരിക്കൂ.” ദത്തന്‍ പറഞ്ഞു. സുമയും അടുത്തെത്തി.

“എന്നെ കണ്ടിട്ട് മനസ്സിലായോ രണ്ടുപേര്‍ക്കും”മേഴ്സി ചോദിച്ചു.

“പിന്നെ” ദത്തനും സുമയും ഒന്നിച്ചു പറഞ്ഞു.

“മേഴ്സി വല്ലാതെ തടിച്ചിട്ടുണ്ട്. ദത്തന്‍ പറഞ്ഞു.

“സാറിനു കാര്യമായ മാറ്റമൊന്നുമില്ല.കട്ടി മീശ മാറ്റി ക്ലീന്‍ ഷേവ് ആക്കിയതൊഴിച്ചാല്‍” മേഴ്സിയുടെ കമന്റ്റ്.

ദത്തന് അഭിമുഖമായി രണ്ടുപേരും ഇരുന്നു.

“സാറിന്‍റെ അസുഖത്തെപ്പറ്റി കേട്ടപ്പോള്‍വല്ലാതെ ക്ഷീണിച്ചിരിക്കുമെന്നാ ണ്ഞാന്‍ കരുതിയത്.” അവളുടെ കണ്ണുകള്‍ സജലങ്ങളായെങ്കിലും മുഖത്തു സന്തോഷവും കാണാമായിരുന്നു.

“ആയിരുന്നു.ശസ്ത്രക്രിയയെ തുടര്‍ന്ന് ആറു മാസത്തെ രോഗവുമായുള്ള സമരവും രോഗത്തിന്മേല്‍ നേടിയ വിജയവും പഴയ ആരോഗ്യം വീന്ടെടുക്കുകയായിരുന്നു.” ദത്തന്‍ പറഞ്ഞു.

“സര്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ.സമരം ജീവിതത്തിന്‍റെ ഭാഗമായിരുന്നല്ലോ എന്നും. അവള്‍ ശബ്ദിച്ചു.

ഈ സമയം രണ്ടു പേരുടെയും മനസ്സ് മുപ്പതു വര്‍ഷം പുറകോട്ടു സഞ്ചരിക്കുകയായിരുന്നു.

ദത്തന്‍ ഓര്‍ത്തു. ഓഫീസര്‍മാരുടെ ഒരു വലിയ സംഘടനയുടെ ജില്ലാ നേതൃത്വത്തിലായിരുന്നു,താന്‍.ജോലിയിലുള്ള നൂറു ശതമാനം ഉത്തരവാദിത്വം ,സംഘടനയുടെ ഊര്‍ജ്വസ്വലനായ പ്രവര്‍ത്തകന്‍,സഹപ്രവര്‍ത്തകരുടെ സഹായി. ഈ നിലയില്‍ സഹപ്രവര്‍ത്തകരുടെ കണ്ണിലുണ്ണി എന്ന അപരനാമം തനിക്കു ചാര്‍ത്തി തന്നത് ആരെന്നറിയില്ല.

ഓഫീസ് മേധാവി തിരുവനന്തപുരത്ത്കാരനായതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കലെ വരൂ.താന്‍ സീനിയര്‍ ഓഫീസര്‍ ആയിരുന്നെങ്കിലും രാവിലെ പോസ്റ്റ്‌ വരുമ്പോള്‍ പൊട്ടിച്ച് എല്ലാം വായിച്ച് അര്‍ജെന്റ്റ്മറുപടി അയക്കുവാനുള്ളവ അപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഫയലുകള്‍ സെക്ഷനില്‍ നിന്നും വാങ്ങി മേധാവിക്കുവേണ്ടി മറുപടി തയ്യാറാക്കി അയച്ചു കൊടുക്കും.ബാക്കിയുള്ളവ എങ്ങിനെകൈകാര്യം ചെയ്യണമെന്ന നിര്‍ദേശ ത്തോടുകൂടി ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും ഉടനെ ഫീല്‍ഡിലും അവിടെ നിന്നും സംഘടന പ്രവര്‍ത്തനങ്ങള്‍ക്കും പോകും.വീണ്ടും അഞ്ചു മണിക്ക് മടങ്ങി വന്നു സ്വന്തം ജോലികള്‍ തീര്‍ത്ത്‌ ഏഴു-എട്ടു മണിയോടെ തിരിച്ചു വീട്ടില്‍ പോകും. ടീച്ചര്‍ ആയ സുമ മകന്‍റെയും വീട്ടിലെ കാര്യങ്ങളും കൂടാതെ സ്വന്തം ജോലിയും ചെയ്യണം.അതില്‍സുമയ്ക്ക് യാതൊരു മടിയും പരിഭവവും ഉണ്ടായിരുന്നില്ലായെന്ന് ഇന്നും ദത്തന്‍ ഓര്‍ക്കുന്നു.

ഒരുദിവസം താന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ മെലിഞ്ഞു സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.തന്നെ കണ്ടതും കുട്ടി എഴുന്നേറ്റ്നിന്നു. താന്‍ കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞു. കുട്ടി തന്‍റെ കയ്യില്‍ ഇരുന്ന കടലാസും കവറും തന്‍റെ നേര്‍ക്ക്‌ നീട്ടി. എംപ്ലോയ്മെന്‍റ് എക്സ്ചെയിഞ്ച് വഴി നിയമനം ലഭിച്ച മേഴ്സി എന്ന കുട്ടിക്ക് ജുനിയര്‍ ഓഫീസറായി തന്‍റെ ഓഫീസില്‍ നിയമനം ലഭിച്ചതിന്റെ ഉത്തരവായിരുന്നു അത്. ഉത്തരവ് വായിച്ചു ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി തരുവാന്‍ താന്‍ പറഞ്ഞു. അതിനുള്ള വാചകങ്ങളും പറഞ്ഞുകൊടുത്തു.

അതിനിടക്ക് വീടും നാടും മറ്റു വിവരങ്ങളും താന്‍ ചോദിച്ചു മനസിലാക്കി.തന്‍റെ നാട്ടുകാരിയാണല്ലോ എന്നും താനോര്‍ത്തു. അത് ആകുട്ടിയോടു പറയുകയും ചെയ്തു. ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് വെപ്പിച്ചു.ആദ്യമായി ഒരു ഓഫീസില്‍ വരുന്നതിന്‍റെ പരുങ്ങല്‍ മെഴ്സിക്കുന്ടെന്നു താന്‍ മനസ്സിലാക്കി.

ഈ സമയം നന്ദന്‍റെ മുന്‍പിലിരുന്ന മേഴ്സിയും ആ രംഗങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരുന്നു.ആ നിമിഷത്തില്‍ ദത്തന്‍ സാറിന്‍റെ വ്യക്തിത്വം തന്നെ വല്ലാതെ ആകര്‍ഷിച്ചു കളഞ്ഞു.ആദ്യത്തെ പരിചയപ്പെടലിനു ശേഷം ഔദ്യോഗിക രംഗത്തെ ബാലപാഠങ്ങളും വിഷമം പിടിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രീതികളും അവയുടെ നടപടി ക്രമങ്ങളും കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന മാതിരി തനിക്കു പറഞ്ഞു തന്നിരുന്നത് പില്‍ക്കാലത്ത് തനിക്കു എത്ര പ്രയോജനം ചെയ്തു.ദത്തനെ എനിക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആരാധനയായിരുന്നു.അതില്‍ ത്തന്നെ തന്നോട് ദത്തന്‍ സാറിനുള്ള പ്രത്യേകം കരുതല്‍ മറ്റുള്ളവര്‍ക്ക്എന്നെ കളിയാക്കാനുള്ള വിഷയം ആയിരുന്നു.ഓഫീസില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണ് നടന്ന് ബോട്ട് ജെട്ടി വരെ പോവുക.ഈ യാത്രക്കിടയില്‍ സര്‍ വാ തോരാതെ സംസാരിക്കും. സര്‍ ലോകത്തുള്ള സകല കാര്യങ്ങളെപ്പറ്റിയും ആധികാരികമായി സംസാരിക്കും.ഒരിക്കലും അതൊരു ബോറടി ആയി തോന്നിയിട്ടില്ല. .താന്‍ മിക്കവാറും വീടുകാര്യങ്ങളാണ് പറയുക.അനിയത്തിമാരെ കുറിച്ചും അപ്പനെക്കുറിച്ചുമൊക്കെപ്പറയും. അമ്മ ഇളയ അനിയത്തിയെ പ്രസവിച്ച ഉടനെ മരിച്ചു. ദത്തനെ ക്കുറിച്ചും ഓഫീസില്‍ നടക്കുന്ന ഓരോ കാര്യവും അപ്പനോടും അനിയത്തി മാരോടും താന്‍ അപ്പപ്പോള്‍ പറയുമായിരുന്നതും മേഴ്സി ഓര്‍ത്തുപോയി.ദത്തനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഇളയ അനിയത്തി എറണാകുളത്തേക്കുള്ള ബോട്ടില്‍ നേരെ എതിരെ ഇരിക്കുന്ന സാറിനെ തന്‍റെ വിവരണം വെച്ചു തിരിച്ചറിഞ്ഞ കാര്യം ദത്തനോട് പറഞ്ഞപ്പോള്‍ ദത്തന്‍ കുടു കുടാ ചിരിച്ചു.മേഴ്സിയുടെ ച്ഛായയുള്ള ഒരു കുട്ടി തന്‍റെ ശ്രദ്ധയില്‍ പെട്ട കാര്യവും സര്‍ തന്നോട് പറഞ്ഞു.അത് കേട്ടപ്പോള്‍ ദത്തന് തന്നോടുള്ള സ്നേഹം എത്രയുണ്ടെന്ന് അവള്‍ അന്നു അത്ഭുതത്തോടെ ഓര്‍ക്കുകയായിരുന്നു.എന്നാല്‍ തനിക്കു ദത്തനോട് തോന്നുന്നതരത്തിലുള്ള ഒരു ബന്ധം അദ്ദേഹത്തിന് തന്നോടില്ല എന്നും വിഷമത്തോടെ ഓര്‍ത്തു.ഭാര്യ സുമയോടും മകന്‍ അമലിനോടും ദത്തനുള്ള സ്നേഹത്തിന്‍റെ ആഴവും തന്നോളം മനസിലാക്കിയവര്‍ ആരും ഉണ്ടാവില്ല എന്നും തനിക്കു അറിയാമായിരുന്നു.എങ്കിലും പിന്നീടുള്ള ഔദ്യോഗിക ജീവിതത്തില്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയായിരുന്നു.രണ്ടുപേര്‍ക്കും ഒരുദിവസം പരസ്പരം കാണാതിരുന്നാല്‍ ഒരു നഷ്ട ബോധം ആയിരുന്നു.തനിക്ക് അങ്ങിനെ ആയിരുന്നു.ദത്തനും അങ്ങിനെ തന്നെ ആയിരുന്നു എന്നാണ് ഇന്നും തന്‍റെ വിശ്വാസം.

ഔദ്യോഗിക ജീവിതത്തില്‍ നല്ല തിരക്കുള്ള സമയമായിരുന്നു പിന്നീടു വന്നത്.അതിനിടക്ക് വകുപ്പ് തലവന്‍ ഹെഡ് ആഫീസില്‍ നിന്നും ചെന്നൈയില്‍ വച്ചു 3 ദിവസത്തെ കോണ്‍ഫറന്‍സ് വിളിച്ചതിനുള്ള കത്ത് കിട്ടിയപ്പോള്‍ മേഴ്സി വല്ലാതെ വിഷമിച്ചു.അതിനു അറ്റന്‍ഡ് ചെയ്തി ല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉറപ്പ് .ഏതായാലും ദത്തന്‍ സാറിന്റെ പേരും കൊന്‍ഫറന്‍സ് ലിസ്റ്റില്‍ ഉള്ളത് തനിക്ക് അല്‍പ്പം സമാധാനം തന്നു എന്ന് മേഴ്സി ഓര്‍ത്തു.

ആടുത്ത ദിവസം ദത്തന്‍ വന്നപ്പോള്‍ താന്‍ പറഞ്ഞു.” സര്‍, ചെന്നൈയിലെ കൊണ്ഫെറന്‍സ് എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എങ്ങിനെ പോകും? അപ്പന് സുഖമില്ല. അതിനാല്‍ യാത്ര പറ്റില്ല.സാറിനും മീറ്റിംഗ് ഉള്ളതല്ലേ. ഞാനും സാറിന്റെ കൂടെ പോരട്ടെ?

ദത്തന്‍ അല്‍പസമയം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

“താന്‍ എല്ലാ കാര്യങ്ങളും ആലോചിച്ചിട്ടുതന്നെയാണോ ഈ പറയുന്നത്.അപ്പനോട് സംസാരിച്ചോ?

“സര്‍ ആയതിനാല്‍ വിശ്വസിച്ചു കൂടെ പോകാം. ഒരു സഹോദരനെക്കാള്‍ സുരക്ഷിതമായിരിക്കും സാറിന്റെ കൂടെ പോകുന്നത് എന്നാണു അപ്പന്‍ പറഞ്ഞത്.” താന്‍ പറഞ്ഞു.

“അത്ര പ്രയാസപ്പെട്ടൊന്നും മീറ്റിംഗ് അറ്റന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പിരിച്ചു വിടാനൊന്നും പോകുന്നില്ല.ഒരു മെഡിക്കല്‍ സര്‍ടിഫിക്കറ്റ് സംഘടിപ്പിക്കണം.പ്രോഗ്രസ്റിപ്പോര്‍ട്ടും ഡി.ഓ. നാരേറ്റീവ് റിപ്പോര്‍ട്ടും സഹിതം അയച്ചു കൊടുത്താല്‍ മതിയാകും.” ദത്തന്‍ ഒരു വഴി കണ്ടെത്തി.

“എങ്കിലും സര്‍ റെമ്പററി പോസ്റ്റിലുള്ള എനിക്ക് അത്രയും റിസ്ക്‌ എടുക്കാനാവുമോ?” താന്‍ വിഷമവൃത്തത്തിലായി

“ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ.” അത് മനസിലാക്കി ദത്തന്‍ പറഞ്ഞു.

അന്നു രാത്രി കിടക്കാന്‍ നേരം ദത്തന്‍ സുമയോട് എല്ലാ വിവരങ്ങളും പറഞ്ഞു. കേട്ടപ്പോള്‍ സുമ പറഞ്ഞു. “ചേട്ടന്‍ എന്തായാലും ആ കുട്ടിയുടെ കൂടെ പോകണം.”

“വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയുടെ കൂടെയാണെന്ന് മോള്‍ ഓര്‍ക്കണം.2 ദിവസത്തെ ട്രെയിന്‍ യാത്ര പോകട്ടെ ചെന്നൈയില്‍ 2 രാത്രി ഞങ്ങള്‍ ഒരുമിച്ചു ഹോട്ടലില്‍ താമസിക്കേണ്ടി വരിക എന്നത് പ്രശ്നമാണ്.അവളെ തനിച്ചു വേറെ മുറിയില്‍ ആക്കുന്നത് അതിലും റിസ്ക്‌ ഒരുമിച്ച് ഒരു ഹോട്ടലില്‍ തങ്ങുന്നത് അവള്‍ക്ക് ഒരു പക്ഷെ …..”ദത്തന്റെ വാക്കുകള്‍ മുറിഞ്ഞു.

“ദാത്തെട്ടന്റെ കാര്യം എനിക്ക് വിട്ടേര്. ഈ ആളെ ഞാന്‍ അറിഞ്ഞിടത്തോ ളം ആര്‍ക്കും അറിയില്ലല്ലോ? മറ്റു സ്ത്രീകളുമായി വേണ്ടാത്ത ഒരടുപ്പവും, അത് ഏതു സാഹചര്യത്തിലായാലും, ഉണ്ടാകില്ല എന്ന് എനിക്കറിയാം.ആരെങ്കിലും അങ്ങിനെ ഉണ്ടായി എന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. നേരിട്ട് കണ്ടാല്‍ ഒഴികെ…..”

“പിന്നെ അപവാദങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ ആ കുട്ടിക്കാണ് മാനക്കേട്‌ .അത് ആ കുട്ടിയോടും അപ്പനോടും അനിയത്തിമാരോടും ചേട്ടന്‍ പറഞ്ഞു മനസ്സിലാക്കണം.” സുമ നിര്‍ബന്ധപൂര്‍വം തന്നോട് പറഞ്ഞത് ദത്തന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അതിനു ശേഷമാണ് തന്‍റെ തലയില്‍ നിന്നും ഒരു ഭാരം ഇറക്കി വെച്ചത് പോലെ തനിക്കു തോന്നിയത്.

അടുത്ത ദിവസം തന്നെ താന്‍ ഒഫീസിലേക്ക് പോകും വഴി മേഴ്സിയുടെ വീട്ടില്‍ ഇറങ്ങി.അപ്പനുമായി സംസാരിച്ചു.”ഇതില്‍ നിന്നും മേഴ്സിയെ എങ്ങിനെ എങ്കിലും പറഞ്ഞു പിന്തിരിപ്പിക്കണം. അതിന് ഞാന്‍ പറഞ്ഞത് പോലെ റിപ്പോര്‍ട്ട് അയച്ചാല്‍ മതിയാകും” താന്‍ പറഞ്ഞു.

പക്ഷെ അപ്പന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.”ദത്തന്‍ സാറിനെ എനിക്കും എന്‍റെ ഇളയ മക്കള്‍ക്കും വിശ്വാസമാണ്.അവള്‍ക്ക് ഒരു സഹോദരന്‍ അല്ലെങ്കില്‍ അവളുടെ അമ്മ ജീവിച്ചിരുന്നെങ്കില്‍, സാറിനോട് എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു.അത് മാത്രമല്ല ഒരു സഹോദരനെക്കാള്‍ സാറിന്റെ കൂടെ വരുന്ന എന്‍റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു എനിക്ക് ഉത്തമ വിശ്വാസമുണ്ട്‌.പിന്നെ എന്‍റെ മകളെ കൂടെ കൂട്ടുന്നത്‌ കൊണ്ട് സാറിനെന്തെങ്കിലും വിഷമമുണ്ടെങ്കില്‍ വേണ്ട.”

താന്‍ വല്ലാതായി.താന്‍ ഒടുവില്‍ സമ്മതിച്ചു.രണ്ടു പേരും ചെന്നൈയില്‍ പോയി മീറ്റിംഗ് അറ്റന്‍ഡ് ചെയ്തു മടങ്ങി.

താന്‍ ഓര്‍ക്കുന്നു.ഈ സംഭവം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടാക്കിയത് ഒരു അപവാദ കൊടുംകാറ്റായിരുന്നു. താനും മേഴ്സിയും അതൊന്നും അത്ര കാര്യമാക്കിയി ല്ല എന്നത് വേറെ കാര്യം.

മേഴ്സി ഒന്ന് ദീര്‍ഘശ്വാസം വിട്ടു.പോളിനോട് അവള്‍ പറഞ്ഞു.”ദത്തെട്ടനും ഞാനും ഒരു മുറിയില്‍ രണ്ടു രാത്രി കഴിച്ചു കൂട്ടിയിട്ടും ഞങ്ങള്‍ തമ്മില്‍ യാതൊരു അരുതാത്ത ബന്ധവും ഉണ്ടായില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പോളേട്ടന്‍ എന്താ പറഞ്ഞത്? അങ്ങിനെ ഒരിക്കലും കഴിയില്ലന്നോ?”

ചെറിയ ചമ്മലോടെ പോള്‍ പറഞ്ഞു.”ആ വക സംശയങ്ങളൊക്കെ നമ്മള്‍ എന്നേ തീര്‍ത്തു.അതില്‍ സുമേടത്തി നല്ല റോള്‍ അല്ലേ വഹിച്ചത്.”

ദത്തന്‍ ഒന്നു ഞെട്ടി. ദത്തന്‍ ഒന്നും അറിഞ്ഞിരുന്നില്ല.സുമ പറഞ്ഞിട്ടുമില്ല.മെഴ്സിയുടെയും പോളിന്റെയും ബന്ധത്തില്‍ ഒരു വിള്ളലുമുണ്ടാകരുതെന്ന്‍സുമക്ക്നിര്‍ബന്ധമുണ്ടായിരുന്നു.അത്രക്കുണ്ടായിരുന്നല്ലോ സഹപ്രവര്‍ത്തകരുടെ വക അപവാദ പ്രചാരണങ്ങളുടെ പ്രത്യാഖാദം.

ദത്തന്‍ കൃതജ്ഞതയോടെ സുമയെ നോക്കി.അവള്‍ ഒന്നു പുഞ്ചിരിച്ചു.എല്ലാം ഉള്ളിലൊതുക്കി ദത്തനെ സമാധനിപ്പിക്കുവാനെന്ന മട്ടില്‍ .

എന്നിട്ട് പറഞ്ഞു “മേഴ്സി, ദത്തേട്ടന്റെ മാച്ച് ഞാനല്ല മേഴ്സി തന്നെ ആയിരുന്നു.ഞാനല്‍പ്പം മുന്‍പ് വന്നു പോയത് കൊണ്ടല്ലേ?”

ദത്തന്‍ ഞെട്ടിപ്പോയി അവന്‍ ഉറക്കെ പ്പറഞ്ഞു.”

“നിന്നെ ഞാന്‍……………………”

മേഴ്സിക്കും പോളിനും ചിരിപൊട്ടി ദത്തനെക്കാള്‍ അവര്‍ സുമയെ മനസ്സിലാക്കിയിരുന്നു.

മേഴ്സി പറഞ്ഞു.”ഞങ്ങള്‍ പോകുന്നു. ദത്തേട്ടനു ഡ്രൈവ് ചെയ്യാറാ വുംപോള്‍ തൃശുര്‍ക്ക് വരാന്‍ മടിക്കരുത്. എന്റെയോ പോള്‍ഏ ട്ടന്റെയോ മൊബൈലില്‍ ഒന്നു വിളിച്ചാല്‍ മതി.വഴി പറഞ്ഞു തരാം. ഞങ്ങളുടെ മക്കളെ കാണണ്ടേ നിങ്ങള്‍ രണ്ടു പേര്‍ക്കും?

പോള്‍ കാര്‍ സ്ടാര്ട്ട് ചെയ്തു.മേഴ്സിയും പോളും യാത്രാ മൊഴി നല്‍കി.ദത്തനും സുമയും കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

ദത്തന്റെ വലതു കൈ സുമയുടെ അരക്കെട്ടില്‍ ഒരു പാമ്പിനെ പോലെ ബലമായി ചുറ്റിയിട്ടുണ്ടായിരുന്നു അന്നേരം

മഴ,ഒരു സംഗീതം

കുട്ടിയായിരുന്നപ്പോൾ മഴയെ ശപിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. സ്കൂൾ തുറക്കുന്ന സമയമാവുമ്പോഴേക്ക് നമ്മെ ശല്യപ്പെടുത്താൻ വരുന്നൊരു ഉപദ്രവകാരി.പാവാടയും ബ്ളൌസും ധരിച്ച്മഴയത്ത് നനഞ്ഞ് ക്ളാസിലിരിക്കുമ്പോൾ വല്ലാത്തൊരു വിമ്മിട്ടം.അടുത്തിരിക്കുന്ന കൂട്ടുകാരികളുടേയും അങ്ങിനെ തന്നെ.പിന്നെ ശരീരങ്ങൾ വമിപ്പിക്കുന്ന ചൂട് തട്ടി വസ്ത്രങ്ങൾ ഉണങ്ങിക്കഴിയുമ്പോഴുള്ള ആശ്വാസം.

ഓല കെട്ടിയ ക്ളാസ്സ് മുറിയുടെ മുകളിൽ മഴ വീഴുന്ന ശബ്ദം,കുറെക്കൂടി മുതിർന്ന ക്ളാസിലായപ്പോൾ ഓടിൻറെ പുറത്തു വീഴുന്ന മഴയുടെ ആരവം, കലാശാലകളിലെ ടെറസ്സിൻറെ മുകളിൽ വീണ് കുഴലിലൂടെ ഒഴുകുന്ന മഴവെള്ളത്തിൻറെ പള പള ശബ്ദം,മൂന്നും വ്യത്യസ്തങ്ങളായ അനുഭൂതി തരുമായിരുന്നു. മഴയുടെ ശബ്ദവും പുതിയ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ വമിക്കുന്ന ഗന്ധവും കൂടിക്കലർന്ന ഓർമ്മകൾ ഇപ്പോഴും ഉണർത്തുന്നതുകൊണ്ടാവാം,വീട്ടിൽ തനിച്ചാവുമ്പോൾ മഴ തകർത്തു പെയ്യുമ്പോൾ മഴാരവത്തിൻറെ അകമ്പടിയോടെ തകര ഷീറ്റുകളുടെ പാളികളിലൂടെ സമാന്തരരേഖകളായി ഭൂമിയിൽ പതിച്ച് ഭൂമിയുടെ ദാഹം തീർക്കാൻ ഒഴുകിയോടുന്ന മഴത്തുള്ളിക്കൂട്ടം നോക്കി നിൽക്കാൻ ആർത്തി പൂണ്ട കൊതി.

മഴക്കാലത്ത് പനിപിടിച്ചു കിടക്കുന്നതു പോലും സുഖമുള്ള ഓർമ്മയായിരുന്നില്ലേ തനിക്ക്.എന്നാൽ ഇന്ന്? മഴക്കാലം വരവായി എന്നു കേൾക്കുമ്പോൾ ത്തന്നെ ആകെ ഒരസ്വസ്ഥത.രോഗങ്ങളുടെ കാലം എന്നു വിളിപ്പേരിട്ടു വിളിക്കുന്നൂ നമ്മൾ അതിനെ.അതിനാലായിരിക്കണം ഇങ്ങിനെ തോന്നുന്നത്.വസന്തത്തെ എങ്ങിനെ നാം എതിരേൽക്കുന്നുവോ അതിൽ കൂടുതലായി മഴയെ എതിരേൽക്കേണ്ടതല്ലേ?. ഭൂമിക്ക് നിലനിൽപ്പ് നൽകുന്ന മഴയെ സ്നേഹിച്ചു തുടങ്ങിക്കൂടെ നമുക്കു വീണ്ടും.

മഴ എന്നത് ഇനി ഒരു കിട്ടാക്കനിയായി മാറുമോ.എല്ലാവരും അങ്ങിനെ പറയുന്നു.നമുക്കു പ്രാർത്ഥിക്കാം വരുണനോട്.പഴയ മഴയെ നമുക്ക് തിരികെ തരൂ………….

ഏവർക്കും ആരോഗ്യത്തിൻറേയും സന്തോഷത്തിൻറേയും ആത്മനിർ വൃതിയുടേയും പോയകാലത്തിൻറെ പുന:സമാഗമത്തിൻറേയും നല്ലൊരു വർഷക്കാലം ആശംസിക്കുന്നു.

രമ വെളുത്തമന.

ആലക്കോട് ഡെയ്സ്

ആലക്കോട്ട് ഭാർഗ്ഗവി ചിറ്റമ്മയുടെ നാട്ടിലേക്ക് ചിറ്റമ്മയെ കാണാൻ യാത്ര ചെയ്യുമ്പോൾ നന്ദൻ ചിന്തിച്ചു.

25 വർഷം കഴിഞ്ഞിരിക്കുന്നു.ഇല്ലാത്ത ഔദ്യോഗികത്തിരക്കിന്റെ കാര്യവും പറഞ്ഞ് ബന്ധുക്കളുടെ വീടുകളിൽ പോകൽ ചുരുക്കിക്കൊണ്ടു വരികയായിരുന്നല്ലോ താൻ.

സ്കൂൾ വെക്കേഷൻ കാലത്ത് ചിറ്റയുടെ വീട്ടിൽ വിരുന്നു പോവുക തന്റെ ഇഷ്ട യാത്രയായിരുന്നു. കോളേജിലെത്തിയിട്ടും ആ പതിവ് മുടക്കിയിട്ടില്ല.ചേച്ചി യുടെ മകൻ തന്റെയും സ്വന്തം മകനായിട്ടാണ് ചിറ്റ കണ്ടിരുന്നത്.

ഓടിട്ട ചെറിയ വീട്.തനി നാടൻ ഉൾപ്രദേശം.ബസ്സിറങ്ങി 5 മൈലോളം നടന്ന് വയൽപാടങ്ങളും താണ്ടി വീട്ടിൽ എത്തുമ്പോൾ ഉച്ചക്ക് 12 മണിയെങ്കിലും ആകും.വീട്ടിൽ നിന്നാൽ വളരെ ദൂരെ നിന്നുപോലും വരുന്നവരെ കാണാം.പാടം തുടങ്ങുന്ന സ്ഥലത്തെത്തുമ്പോൾ ത്തന്നെ ചിറ്റമ്മ പറയുമത്രേ നന്ദൻ വരുന്നുണ്ട് കറിക്ക് അവനു പറ്റിയതൊന്നുമില്ല.കൊടുക്കുവാൻ നിറുത്തിയിരിക്കുന്ന ആ പൂവനെ കൊല്ല്.

താൻ ചെല്ലുന്ന ദിവസം ഒരു പാവം കോഴിയുടെ ആയുസ്സ് അങ്ങിനെ അവസാനിക്കും.അമ്മിണിച്ചേച്ചിയും സുധാകരൻ ചേട്ടനും കൂടി കോഴിയെ ഓടിച്ചിട്ട് പിടിച്ച് ശരിയാക്കും.സകല വിഭവങ്ങളോടും കൂടി ചിറ്റമ്മ 2 മണിയാകുമ്പോഴേക്കും ഊണ് റെഡിയാക്കി ഉണ്ണാൻ വിളിക്കും ഊണിനിടയിലാണ്.വിശേഷങ്ങൾ ചോദിച്ചറിയുക.ചിറ്റമ്മയുടെ ഭക്ഷണത്തിന്റെ രുചികൊണ്ട് താൻ രണ്ടിരട്ടി ഭക്ഷണം കഴിക്കും.

വലിയ വീട്ടു വളപ്പ്.അതിൽ ഇല്ലാത്ത വൃക്ഷങ്ങളും പച്ചക്കറികളും ദുർലഭം.പശു,ആട്,എല്ലാം ഉണ്ട്.എല്ലാം ചിറ്റമ്മ നോക്കി നടത്തും.തനി നാട്ടിൻപുറത്തുകാരും കൃഷിക്കാരുമായതുകൊണ്ട് നഗരത്തിന്റെ ഒരു വഞ്ചന യും മനസ്സിലാകാത്ത നിഷ്കളങ്കർ.താൻ ചെന്നാൽ ഇളയകുട്ടികളും തന്റെ കൂടെ കൂടും.താനും അവരോടൊപ്പം തൊടിയിൽ ഇറങ്ങിക്കളിക്കണം. ചില പ്പോൾ ഈ വിരുന്ന് അവസാനിക്കുന്നത് രണ്ടുദിവസം കഴിഞ്ഞായിരിക്കും.റേഡിയോ, മറ്റു സംഗീതഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും തനിക്ക് ബോറടിക്കുകയില്ല. എത്രയോ തവണ ഈ രംഗങ്ങൾ ആവർത്തിച്ചിരിക്കുന്നു.

ഇപ്പോൾ ചിറ്റമ്മക്ക് 85 കഴിഞ്ഞിരിക്കും.പഴയതു പോലെ എഴുന്നേറ്റു നടക്കുവാനോ പണിയെടുക്കുവാനോ കഴിയില്ല എന്നറിഞ്ഞതു മുതൽ കാണാൻ ഒരാഗ്രഹം തോന്നി.കഴിഞ്ഞ ദിവസം കണ്ട സ്വപ്നം അതിനൊരു നിമിത്തവുമായി.

നന്ദൻ എത്തുമ്പോൾ രാവിലെ 10 മണിയായി.പോകുംവഴി നാട്ടിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചു. നെൽവയലുകൾ ടാർ റോഡുകൾക്കും വീടുകൾക്കും വേണ്ടി വഴിമാറി.ഇരുവശങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ.കെട്ടിടങ്ങളിൽ ചെറിയതരം സൂപ്പർമാർക്കറ്റുകൾ,ഗൾഫ് പണത്തിന്റെ മുഴുവൻ ഗാംഭീര്യവും മുറ്റി നിൽക്കുന്ന രമ്യഹർമ്മ്യങ്ങൾ.

നാടിനു മാറ്റമുണ്ടായെങ്കിലും വീട് കണ്ടു പിടിക്കുവാൻ വിഷമമുണ്ടായില്ല.പഴയ ഓടു വീടിന്റെ സ്ഥാനത്ത് ഇരുനില വീട്.വീടിന്റെ മുൻവശം പച്ചക്കറികളും,മരങ്ങളും നിന്നിരുന്ന സ്ഥാനത്ത് പൂന്തോട്ടത്തിൽ ആന്തൂറിയവും,ഓർക്കിഡും,മുൾച്ചടികളും മറ്റും വളർന്നു നിൽക്കുന്നു.പശുത്തൊഴുത്തിന്റെയും ആട്ടിൻകൂടിന്റേയും സ്ഥാനത്ത് ഔട്ട് ഹൌസ് പണിതിരിക്കുന്നു.കാർ ഷെഡും ഷെഡിൽ ഇന്നോവയും.അകത്ത് മുറികളെല്ലാം ആധുനികവൽക്കരിക്കപ്പെട്ടിരിക്കുന്നു.75 ഇഞ്ച് സ്ക്രീൻ സോണി ടിവിയും.ഫൈവ് ചാനൽ മ്യൂസിക് സിസ്റ്റവും ഹോം തിയേറ്ററും കമ്പ്യൂട്ടറും ലാപ്പ് ടോപ്പും ഡ്രോയിംഗ് റൂമിൽ.

പഴയതുപോലെ തന്നെ സുധാകരൻ ചേട്ടനും അമ്മിണിച്ചേച്ചിയും അനുജനും ഭാര്യയും മക്കളും എല്ലാവരും തന്നെക്കാണാനും കുശലം പറയാനും എത്തി.ഇത്രനാളും വരാതിരുന്നതിൽ പരിഭവം മുഖത്തും ഭാഷയിലും മുറ്റിനിന്നു.സുധാകരൻ ചേട്ടന്റെ അനുജൻ ബൈക്കുമെടുത്തുകൊണ്ട് ചേട്ടാ ഞാനിപ്പം വരാം എന്നു പറഞ്ഞ് പാഞ്ഞുപോയി.”

തന്റെ ജോലിത്തിരക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും പറഞ്ഞു രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ചിറ്റമ്മ തന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം വരാത്തതുപോലെ ഇരുന്നു.

ചിറ്റമ്മയുടെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.കവിളുകൾ ഒട്ടി.തിമിര ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുകയാണ്.എങ്കിലും തന്നെ ക്കണ്ടപ്പോൾ ആകണ്ണുകളിലെ അസാധാരണ തിളക്കം താൻ കണ്ടു.

ഉച്ചക്ക് 12.30 ആയപ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ഭക്ഷണം വന്നു.എല്ലാവരും ഒപ്പം ഇരുന്നു.ഒരു ഫൈവ് സ്റ്റാർ ഭക്ഷണം മുഴുവനുമുണ്ട്.

ഊണു കഴിച്ചുകൊണ്ടിരുന്നപ്പോൾ അനുജന്റെ ഭാര്യ ഷേർളി പറഞ്ഞു “ഇവിടെ അടുത്തുതന്നെ ഒരു പുതിയ ഹോട്ടൽ വന്നിട്ടിണ്ട്.ഫോണിൽ വിളിച്ചു പറഞ്ഞാൽ എല്ലാം വീട്ടിലെത്തും.ഇതെല്ലാം അവിടത്തെയാ”

നന്ദൻ ഭക്ഷണം കഴിച്ചു.

കൊള്ളാം.

യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഓടിച്ചിട്ടു പിടിച്ച പഴയ പൂവൻ കോഴിക്കറിയുടെയും ചിറ്റമ്മ നട്ടു വളർത്തിയ പച്ചക്കറികൊണ്ടുള്ള കറികളുടേയും ഓർമ്മയായിരുന്നു മനസിൽ.

നന്ദൻ അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്കുപോയി.ഒരാഴ്ച്ച കഴിഞ്ഞു മൊബൈലിൽ രമയുടെ ഫോൺ.അവൾ പറഞ്ഞു.

”ഭാർഗ്ഗവിച്ചിറ്റ മരിച്ചു കഴിഞ്ഞ രാത്രി.നന്ദേട്ടൻ വരണം.എന്നിട്ടേ ബോഡി എടുക്കൂ എന്നു സുധാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്”

“ഞാനെത്തുമെന്നു ഇപ്പോൾത്തന്നെ വിളിച്ചു പറഞ്ഞേക്കൂ”.നന്ദന് അത്രയും പറയുവാനേ കഴിഞ്ഞുള്ളൂ

പവർ ഓഫ് അറ്റോണി

നന്ദു വളരെക്കാലത്തിനു ശേഷം തൻറെ കൃഷിയിടങ്ങളിൽ ചെന്നതാണ്.താൻ ഉദ്യോഗവുമായി നാടു ചുറ്റുമ്പോൾ തൻറേതുൾപ്പെടെയുള്ള കൃഷികളെല്ലാം നോക്കി നടത്തിയിരുന്നത് ഗോപുവേട്ടൻ.മറ്റു സഹോദരങ്ങൾക്കു വേണ്ടി ഉന്നത വിദ്യാഭ്യാസം പോലും വേണ്ടെന്നു വെച്ചു ആ സഹോദരസ്നേഹി.

നെൽപ്പാടങ്ങളും അതോടൊപ്പം തെങ്ങു സമൃദ്ധിയായി വളരുന്ന പറമ്പും ഒരു ചെറിയ വീടും അതോടു ചേർന്നൊഴുകുന്ന ദേശീയ ജലപാതയും. തൻറെ കുട്ടിക്കാലത്ത് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം വരുമായിരുന്നു താനും സഹോദരിമാരും ഇവിടെ എന്നും. ലോകത്തെവിടെയായിരുന്നപ്പോഴും ഇവിടുത്തെ പ്രകൃതിയെയും ഗന്ധത്തേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, നന്ദുവെന്നും.

നന്ദുവിനെ കണ്ടപാടെ അച്ഛൻറെ പഴയ പണിക്കാരൻറെ മകൻ ജോർജ് അടുത്തു വന്നു ചോദിച്ചു.

“നന്ദു എന്നു വന്നൂ.റിട്ടയർ ചെയ്തല്ലേ.ഗോപുവേട്ടൻ കഴിഞ്ഞ മാസം നാളികേരം ഇടുവിക്കുവാൻ വന്നപ്പോൾ പറഞ്ഞിരുന്നു.”

ജോർജ്ജുമായി സംസാരിച്ചു നിൽക്കുമ്പോൾ ഒരു രൂപം,സ്ത്രീരൂപം ഓടിവന്നു.എന്തോ ഒക്കെ അവ്യക്തമായി പിറുപിറുത്തു കൊണ്ടാണ് വരവ്. സാരിയും ബ്ളൌസുമെല്ലാം വലിച്ചു വാരിച്ചുറ്റിയിരിക്കുന്നു.തീഷ്ണമായ അവളുടെ കണ്ണുകൾ തന്നെ ത്തന്നെ തുറിച്ചു നോക്കുന്നതായി നന്ദുവിനു തോന്നി.

“മാധവൻ പാപ്പൻറെ മകൾ മഹിളയാണത്. നന്ദുവേട്ടൻ അറിയില്ലേ?”

പെട്ടെന്നു നന്ദു ഞെട്ടിയത് ജോർജ് അറിയാതെയിരിക്കുവാൻ അവൻ ശ്രമിച്ചു.മഹിള, തൻറെ സ്കൂൾ സഹപാഠി. ഇതെന്തു വേഷം,കോലം.അവൻ ഓർത്തു.

“എത്രയോ വർഷമായി ഞാൻ കാണുമ്പോഴൊക്കെ മഹിളച്ചേച്ചി ഇങ്ങിനെയാണ്.ഭ്രാന്താണെന്ന് നാട്ടുകാർ പറയുന്നു.ഞങ്ങളെയൊക്കെ അറിയാം.പക്ഷേ ഒന്നും സംസാരിക്കാറില്ല.എപ്പോഴും ഈ പരിസരത്തു ണ്ടാകും.തൊടിയിൽ വീഴുന്ന നാളികേരവും മറ്റും മറ്റാർക്കും തൊടാൻ അധികാരമില്ല.ഒരിക്കൽ തെക്കേതിലെ കല്ലാണിച്ചേച്ചി നാളികേരം വീണത് പിറക്കിയെടുക്കുവാൻ ശ്രമിച്ചതിന് മടലുകൊണ്ടടിച്ചു. തലപൊട്ടി.നാലു സ്റ്റിച്ചിട്ടു.ആരെങ്കിലും നിങ്ങൾക്കെന്തധികാരം ഈ ഭൂമിയും വീടുമൊന്നും നിങ്ങളുടേതല്ലല്ലോ എന്നു ചോദിച്ചാൽ അവർ പറയും ഇതെൻറെ ക്ളാസ്സ് മേറ്റിൻറേയാ, എനിക്കു പവർ ഓഫ് അറ്റോർണി തന്നിട്ടുണ്ട്അതോടെ അവരുടെ വായടയും.”

ജോർജ്ജ് തുടർന്നു.” S.S.L.C. കഴിഞ്ഞപ്പോൾ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചു.എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിൽ സ്റ്റെനോഗ്രാഫർ ആയി ജോലിയും കിട്ടി.പക്ഷേ ജോലിയിൽ പ്രവേശിച്ച അന്നു തന്നെ വൈകീട്ട് രാജിയും വെച്ചു പോന്നു.എന്തോ പേടി തട്ടിയതാണെന്നാണ് കേട്ടറിവ്.”

നന്ദു ആലോചിച്ചു,ക്ളാസിലെ നല്ലവണ്ണം പഠിക്കുന്ന കുട്ടികളിൽ ഒരാൾ.തൻറെ ഒപ്പം മാർക്കു വാങ്ങിയിരുന്നവളാണ് മഹിള.അച്ഛന് ഒരു ചെറിയ പലചരക്കുകട നടത്തുന്നതിൽ നിന്നുള്ള വരുമാനത്തിൽ നിന്നു വേണം അഞ്ചെട്ടു അംഗങ്ങളുള്ള കുടുംബം പുലരാൻ.എന്നിട്ടും മഹിള ഫസ്റ്റ് ക്ളാസിൽ എസ്.എസ്.എൽ.സി പാസായി.ആകെ പായായവർ 16. മൂന്ന് ഫസ്റ് കാളാസുള്ളതിൽ ഒന്നു തനിക്കും വാസു മേനോനും മാത്രം.കോളേജിൽ അയച്ചു പഠിപ്പിക്കുവാൻ മാധവനാശാനെക്കൊണ്ട് കഴിയില്ല.എന്നും കോളേജിൽപോകാൻ കഴിയാത്തവർ ചെയ്യുന്നതു പോലെ മാധവനാശാനും മകളെ ടൈപ്പും ഷോർട്ടു ഹാൻറും പഠിപ്പിച്ചു. താൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോൾ അറിയുന്നതാണിത്.അതിനു ശേഷം മഹിളയെ ക്കാണാൻ തനിക്കു കഴിഞ്ഞിട്ടില്ല.ജോലി കിട്ടിയതും രാജി വെച്ചതും ജോർജ്ജ് പറഞ്ഞപ്പോഴാണ് അറിയുന്നത്.

*************************************************

അവിടവിടെ വയലിൻ കരയിലും വീടിൻറെ തൊടിയിലും പുഴക്കരയിലും എന്തോ അന്വേഷിച്ചു നടക്കുന്ന ഭാവത്തിൽ നടന്നിരുന്ന മഹിള പെട്ടെന്നാണ് തൻറെ നേരെ തിരിഞ്ഞത്.

“നന്ദൂ, എന്നു വന്നു.മുടിയൊക്കെ നര വന്നൂലോ.ഭാര്യയും മക്കളും വന്നില്ലേ.എനിക്കൊന്നു കാണിച്ചു തരുമോ അവരെ.” അവൾ നിറുത്താതെ പറഞ്ഞു.

വീണ്ടും ഞെട്ടൽ.ഇവളെയാണോ നാട്ടുകാർ ഭ്രാന്തി എന്നു വിളിക്കുന്നത്.എത്ര വർഷത്തിനു ശേഷം. നാൽപ്പതോ, നാൽപ്പത്തഞ്ചോ.താൻ ആകൃതിയിലും പെരുമാറ്റത്തിലും എത്രയോ മാറിപ്പോയെന്നു തനിക്കു തന്നെ അറിയാം.എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒന്നും മിണ്ടാൻ നന്ദുവിനു തോന്നിയില്ല. എന്തു പറയുമെന്നും.

എങ്കിലും കുറച്ചു നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു.

“ഭാര്യയും മക്കളും മാത്രമല്ല ഇപ്പോൾ ഒരു പേരക്കുട്ടിയും കൂടിയുണ്ട്.നാട്ടിലേക്കു മടങ്ങും മുമ്പ് ഞാൻ വരാം അവരെയും കൂട്ടി.പക്ഷേ മഹിളയെ ആ പഴയ നല്ലകുട്ടിയായി എനിക്കു കാണണം.”

നന്ദു നടന്നു നീങ്ങുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി.മഹിളയുടെ കണ്ണുകൾക്ക് നേരത്തെകണ്ട തീഷ്ണതയില്ല.

ശാന്തതയും സ്നേഹവും കലർന്ന നിറകണ്ണുകൾ തന്നെ പിന്തുടരുന്നതായി അവനു തോന്നി.

******************************* *********************** *********************