അമ്മ ഒരു കവിത.

“എൻ പാട്ടിനു ചിറകു വിടർന്നെങ്കിൽ,
അവ പനിനീർ വിശറികൾ ആയെങ്കിൽ,
ഭാവനയിളം തെന്നലായെങ്കിൽ,
അതു പരിമളമായ് നിന്നെത്തഴുകിയെത്തിയെങ്കിൽ”

രാവിലെ ഞാൻ ഉറക്കം കഴിഞ്ഞെഴുന്നേറ്റു വരുമ്പോൾ എൻെറ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഉണ്ടാകുമെന്നത് എനിക്കറിയാവുന്ന ഒരു സത്യം.അമ്മ അതിൻെറ പൊരുൾ മനസ്സിലാക്കിയിരിക്കുമെങ്കിലും ഒന്നും അറിഞ്ഞതായി നടിക്കില്ല.
“നന്ദാ ഉറക്കമൊക്കെ സുഖമായിരുന്നില്ലേ…”എന്നചോദ്യ ത്തോടെ എന്നെ എതിരേൽക്കും.എന്നിട്ട് പാലൊഴിച്ച ചായ തരും.കഴിഞ്ഞ മുപ്പതു വർഷമായി ഈ ചോദ്യം കേൾക്കാൻ ഞാൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം മിക്കവാറും ജില്ലകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.അതിനു മുമ്പ് പഠനവും.ഒരാഴ്ച്ച എങ്ങിനെയാണ് അമ്മയെ കാണാതെ എനിക്ക് കഴിച്ചു കൂട്ടാൻ കഴിയുക എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്.വെള്ളിയാഴ്ച്ചകളിൽ പാതിരാത്രികഴിഞ്ഞാലും കിട്ടാവുന്ന വാഹനം പിടിച്ച് വീട്ടിലെത്തും.അമ്മയും കാത്തിരിക്കുന്നുണ്ടാകും, എനിക്കിഷ്ടപ്പെട്ട വിഭവങ്ങളുമായി.ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടുമായിരുന്നില്ല അത്രയും നല്ലഭക്ഷണം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മ യുടെ കുശലാന്വേഷണങ്ങൾ.കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ എൻറെ ജീവിതത്തിൽ നടന്ന എല്ലാകാര്യങ്ങളും അമ്മക്കറിയണം.അതും വിശദമായിത്തന്നെ.ഞാൻ ഔദ്യോഗികവും അല്ലാത്തതുമായ എല്ലാക്കാര്യങ്ങളും അമ്മക്കു മുമ്പിൽ വിതറും.അതിൽ ആഫീസിൽ പുതിയ ട്രെയിനികളായും പുതിയ റിക്രൂട്ടുമെൻറായും വരുന്ന പെൺകുട്ടികളുടെ കാര്യങ്ങൾ വരെ കടന്നു വരും.അക്കാര്യം പറയുമ്പോൾ അമ്മയുടെ കണ്ണുകൾ വിടർന്നു വരുന്നത് എനിക്കു കാണാം.ഉത്സാഹത്തോടെ അമ്മ ചോദിക്കും,”ആ കുട്ടി എങ്ങിനെയുണ്ട് കാണാൻ,സ്വഭാവം നല്ലതാണോ”
.ഇതൊക്കെ അമ്മയോടു പറയണം.

അവസാനം എന്നത്തേയും പോലെ,അമ്മ വിചാരിച്ചതു പോലെ കല്ല്യാണക്കാര്യത്തിലാണ് സംഭാഷണം എത്തിച്ചേരുക. പതിവുപോലെ എൻറെ തുരുപ്പു ചീട്ട് ഞാൻ പുറത്തെടുക്കും.
“അവളെ എനിക്കിഷ്ടമാണമ്മേ.”
എന്നിട്ട് കൂട്ടിച്ചേർക്കും.
“നമ്മുടെ ആശയെപ്പോലെ.”
അതോടെ അമ്മയുടെ മുഖം മ്ളാനമാവും.
ആശ എൻറെ സഹോദരിയാണ്.അമ്മയ്ക്ക് ഞങ്ങൾ രണ്ടു മക്കൾ.ആശ ഡോക്ടറാണ്.കെട്ടിയവനും.ഒരു ചെറിയ കുട്ടിയുമായി തലസ്ഥാന നഗരിയിൽ മെഢിക്കൽ കോളേജിൽ ജോലിചെയ്യുന്നവർ.
ആശക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.എനിക്ക് ആറു വയസ്സും.അമ്മ ഞങ്ങളെ ബുദ്ധിമുട്ടുകളൊന്നുമറിയാതെ തന്നെ വളർത്തി.അച്ഛൻ സമ്പാദിച്ചതും കൂടാതെ കുടുംബവകയുമായ കുറെ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കാര്യമായി അലട്ടിയിരുന്നില്ല.അച്ഛൻറെ തൽ സ്വരൂപമായ എന്നെയാണ് അനുജത്തിയേക്കാൾ അധികം അമ്മ ലാളിച്ചത്.
ആ അമ്മയെയാണ് ഞാൻ ഈ വിഷമിപ്പിക്കുന്നത്.ഓർക്കുമ്പോൾ കുറ്റബോധം തോന്നും.
അമ്മയുടെ സ്നേഹത്തിൻറെ മുമ്പിൽ എൻറെ മനസ്സിലുള്ളയാളെ ഒരിക്കലും ഞാൻ അവതരിപ്പിട്ടില്ലായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ വളരുകയും അതേ പോലെ ഞങ്ങളെ വളർത്തുകയും ചെയ്ത അമ്മയ്ക്ക് മകൻ വിവാഹം ചെയ്യുവാൻ കണ്ടു വെച്ചിരിക്കുന്നത് അന്യ മതസ്ഥയായ ഒരു കുട്ടിയാണെന്നറിഞ്ഞാൽ…..അമ്മയെപ്പോലെ തന്നെ എനിക്കും സഹിക്കാവുന്നതായിരിക്കില്ല.
ആശയെക്കൊണ്ടുപോലും എൻറെ മനസ്സറിയാൻ അമ്മ ശ്രമിച്ച് പരാജയമടഞ്ഞിട്ടുണ്ട്.
ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു എന്നു വെച്ച് മറ്റു കമിതാക്കളെപ്പോലെയായിരുന്നില്ല ആൻ ജോസും നന്ദനെന്ന ഞാനും തമ്മിലുള്ള ബന്ധം.എൻറെ നിർദ്ദേശ പ്രകാരം തന്നെ ഞങ്ങളുടെ ബന്ധം മറ്റൊരു മനുഷ്യ ജീവിപോലും അറിയാതെ സൂക്ഷിക്കുവാൻ അവൾക്കും എനിക്കും കഴിഞ്ഞിട്ടുണ്ട്.
ദിവസങ്ങൾ,മാസങ്ങൾ .ഒന്നിനും ഒരു മാറ്റവുമില്ലാതെ കടന്നു പോയി..ഈയിടെയായി അമ്മക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
തുടങ്ങിയെന്ന് എന്നോട് പറഞ്ഞു.ദിവസങ്ങൾ കഴിയുന്തോറും ക്ഷീണം വർദ്ധിച്ചു വന്നു.ആശയെ വിളിച്ചു വിവരം പറഞ്ഞു.അവളും ഭർത്താവും വന്നു.അമ്മയെ ഞങ്ങൾ തിരുവനന്തപുരത്തു കൊണ്ടുപോയി മെഡിക്കൽ കോളേജിൽ കാണിച്ചു. സകല ചെക്കപ്പുകളും നടത്തി.ഒന്നും കാണാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.ശരീരം കീറിമുറിക്കുന്നതുപോലെ മനസ്സ് കീറിമുറിക്കാൻ കഴിയില്ലല്ലോ.
ആശുപത്രികളിൽ ടെസ്റ്റുകൾക്കു വിധേയയായിഅമ്മ കിടക്കുമ്പോൾ, എന്നെപ്പോലും അറിയിക്കാതെ പെട്ടെന്നൊരു ദിവസം ആൻ ആശുപത്രി യിലെത്തി.അവളുടെ മുഖത്തെ ആകാംഷയും ദു:ഖവും പുറമെകാണാതിരിക്കാൻ അവൾ പരമാവുധി ശ്രമിക്കുന്നുണ്ട് എന്നെനിക്കു മനസ്സിലായി. എന്നെപ്പോലും ചെറുതായി ഒന്നു നോക്കിയതല്ലാതെ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
അവൾ എൻറെ മുമ്പിൽ വെച്ചു തന്നെ അമ്മയോട് പറഞ്ഞു.
“ഞാൻ നന്ദകുമാറിൻറെ ആഫീസിൽ ജോലി ചെയ്തിരുന്നു.ഇപ്പോൾ ഇവിടെ ഹേഡ്ഢാഫീസി ലാണ്.ഇവിടെ ഹോസ്റ്റലിലാണ്.താമസം.ഇവിടെ മറ്റൊരു വാർഡിൽ എൻറെ റൂം മേറ്റ് കിടക്കുന്നുണ്ട്.നന്ദകുമാറിനെ കണ്ടപ്പോൾ ഇങ്ങോട്ടു കയറിയതാണ്.അമ്മയല്ലേ.”
അവൾ വിദഗ്ധമായി ഒരു കള്ളം പറഞ്ഞിരിക്കുന്നുവെന്ന് എനിക്കു തോന്നി.
അമ്മ എന്നെ സൂക്ഷിച്ചു നോക്കി.എനിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചു.
അമ്മ ആനുമായി ദീർഘനേരം സംസാരിച്ചിരുന്നു.എന്തെന്നു ഞാനും ശ്രദ്ധിച്ചില്ല.അവളുടെ കൈ പിടിച്ച് അമ്മ തഴുകിക്കൊണ്ടിരുന്നു.
അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ
അമ്മയോട് യാത്ര പറഞ്ഞ് പുറത്തേക്കു പോയി.
അമ്മക്ക് രോഗമൊന്നുമില്ലെന്ന് ഒരാഴ്ചത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ വിധിയെഴുതി.ആശയും ഭർത്താവും അതു ശരിവെച്ചു.
ഞാനും അമ്മയും രണ്ടു ദിവസം ആശയോടും കുഞ്ഞിനോടുമൊത്ത് തിരുവനന്തപുരത്ത് തങ്ങി.
അമ്മ പതിവിലും സന്തോഷ വതിയായി കാണപ്പെട്ടു.
ഞാനും അമ്മയും തിരികെ പോന്നു.എൻറെ ലീവ് കഴിയാറായിരുന്നു.ഇനി ലീവ് നീട്ടേണ്ട ആവശ്യമില്ലാ

യിരുന്നു.കുട്ടിച്ചേച്ചി എന്ന അകന്നബന്ധത്തിലെ ഒരു സ്ത്രീ അമ്മക്ക് കൂട്ടുള്ളതുകൊണ്ട് ഞാൻ ജോലിസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിച്ചു.
പോകുന്നതിൻറെ തലേദിവസം രാത്രി അമ്മ പതിവുപോലെ ഭക്ഷണം വിളമ്പി സാധാരണപോലെയുള്ള സംഭാഷണം തുടങ്ങി.അന്ന് അമ്മ എൻറെ കള്ളപ്പുഞ്ചിരി കടമെടുത്തു എന്നോട് പറഞ്ഞു.
“ആൻ നിന്റെ ആശയല്ലല്ലോ.ഇനി അതങ്ങ് നടത്തരുതോ. ഈ അമ്മയെപ്പറ്റി നീയെന്തു വിചാരിച്ചു.ഞാൻ വെറും പൊട്ടിയാണെന്നോ.മുപ്പത്തൊന്നു വർഷം എൻറെ മകനായി ജീവിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലോട പൊട്ടാ”.
ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയുടെ ആ വിളിയുടെ പൊരുൾ എനിക്കപ്പോഴേ മനസ്സിലായുള്ളൂ.
ഞാൻ മനസ്സിൽ വിചാരിച്ചു
“ശരിയാണമ്മേ അമ്മയുടെ ഈ മകൻ അമ്മയുടെ മുൻപിൽ ഇന്നും ഒരു പൊട്ടൻ തന്നെ.”

ആരോ എഴുതിയ വരികൾ ഓർത്തുപോയി ഞാനന്നേരം.
അമ്മ,അതെഴുതാൻ കഴിയാത്ത ഒരു കവിതയാണ്.
എന്നാൽ നമ്മൾ അമ്മയ്ക്കു വേണ്ടി ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും ആ അമ്മയെ ക്കുറിച്ചുള്ള കവിതകളാണ്.

One thought on “അമ്മ ഒരു കവിത.

  1. അമ്മയോടുള്ള തന്റെ സ്നേഹം, ബഹുമാനം, അതിലുപരി അമ്മയാണെ ല്ലാമെല്ലാം എന്നു വിളിച്ചോതുന്ന ഒരു സൃഷ്ടി 👌👌👌👌

    Like

Leave a reply to മിനി ഇ ജി മറുപടി റദ്ദാക്കുക